17 October Wednesday
മുഖത്തുനിന്നുതന്നെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്ന 'ഫെയ്സ് ഭുക്ക്'. ഡെമോഡെക്സ് ഇനത്തില്‍പെട്ട രണ്ടിനം മൈറ്റുകളാണ് ഫെയ്സ് ഭുക്കികള്‍.

ഫെയ്സ് 'ഭുക്കി'കള്‍

വിജയകുമാര്‍ ബ്ളാത്തൂര്‍Updated: Friday Nov 17, 2017

ചാഞ്ഞും ചെരിഞ്ഞും സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കിലിട്ട് അര്‍മാദിക്കുന്നവര്‍ക്ക്  സ്വന്തം  മുഖത്ത് വേറെയും ആള്‍ക്കാര്‍ താമസക്കാരായുണ്ടെന്ന് അറിയാമോ?  ഫെയ്സ് 'ഭുക്കി'കളായ ചിലയിനം മൈറ്റുകളാണിവ. നമ്മുടെ  മുഖത്തുതന്നെ  ജനിച്ച്, വളര്‍ന്ന്, ഭക്ഷിച്ച്  ഇണചേര്‍ന്ന് അവസാനം അവിടെതന്നെ മരിച്ചുപോകുന്ന ആയിരക്കണക്കിന് കുഞ്ഞു ജന്തുക്കള്‍.  ആര്‍ത്രോപോഡ വിഭാഗത്തിലെ തീരെ കുഞ്ഞുജീവികളാണ് ഈ എട്ടുകാലന്‍ മൈറ്റുകള്‍. പേനും മൂട്ടയും ചിലന്തിയും ഒക്കെയാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍.  പേടിച്ച് വിറച്ച് ശക്തികൂടിയ ഫെയ്സ് വാഷ് വാങ്ങാന്‍ ഓടേണ്ട. പാവങ്ങളെക്കൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല. ഇന്നും ഇന്നലെയും മനുഷ്യര്‍ക്കൊപ്പം കൂടിയതല്ല ഇവര്‍. പേനുകളെപ്പോലെ പരിണാമത്തിന്റെ ആദ്യകാലം മുതലേ ഇവരും നമുക്കൊപ്പമുണ്ട്. മനുഷ്യര്‍ ചെന്നായകളെ മെരുക്കി (ചെന്നായകള്‍ മനുഷ്യരെ മെരുക്കിയതാണോ എന്ന സംശയം ഇപ്പഴും ചിലര്‍ക്ക് ബാക്കിയുണ്ട്) നായകളാക്കി കൂടെ താമസിപ്പിക്കാന്‍ തുടങ്ങിയ കാലം മുതല്‍. മുപ്പതിനായിരം കൊല്ലത്തിന്റെ സഹവാസ അധികാരം ഉള്ളപ്പോള്‍ അത്രപെട്ടന്നൊന്നും അവര്‍ നമ്മെ ഒഴിവാക്കി പോകില്ല. അല്ലെങ്കിലും എങ്ങോട്ട് പോകാന്‍?. മനുഷ്യമുഖത്തല്ലാതെ ജീവിക്കാന്‍ അവര്‍ക്ക് സാധ്യവുമല്ല. അവരുടെ ആവാസഭൂമിയാണ് 'ചന്ദ്രനെപ്പോലെ വിളങ്ങുന്ന' നമ്മുടെ മുഖം.
65 ഇനം ഡെമോഡെക്സ് മൈറ്റുകളുണ്ടെങ്കിലും രണ്ടിനമാണ് മനുഷ്യ ശരീരത്തില്‍,  പ്രധാനമായും മുഖത്ത് താമസിക്കുന്നത്. ഒന്നാമന്‍ മുഖത്തെ കുഞ്ഞ് ദ്വാരങ്ങളിലും രോമക്കുഴികളിലും തങ്ങാന്‍ ഇഷ്ടപ്പെടുന്ന ഡെമോഡെക്സ് ഫോളിക്കുലോറം (Demodex folliculorum), എണ്ണമെഴുക്ക് സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഉള്ളില്‍ തൊലിയുടെ  ആഴത്തില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഡെമോഡെക്സ് ബ്ബ്രവിസ് (Demo dex brevis ) ആണ് രണ്ടാമന്‍. മറ്റു ശരീരഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മുഖം താമസിക്കാനുള്ള ഇടമാക്കി ഇവര്‍ തിരഞ്ഞെടുത്തതിനുള്ള കൃത്യമായ വിശദീകരണം ഇല്ലെങ്കിലും കൂടുതല്‍ സെബേഷ്യസ് ഗ്രന്ഥികള്‍ മുഖത്താണ് ഉള്ളത് എന്നതാവാം കാരണം. മുഖം, കവിളുകള്‍, മൂക്ക്, പുരികം, കണ്‍പീലി, നെറ്റി എന്നിവിടങ്ങളിലാണ് കൂട്ടമായി ഇവരെ കാണുക. സ്തനങ്ങളിലും (കുഞ്ഞുങ്ങളിലേക്ക് ഇവരെ പകര്‍ന്നുകിട്ടുന്നത് ആദ്യമുലകുടിക്കിടയിലാകാം) ഗുഹ്യഭാഗങ്ങളിലുമൊക്കെ ഇവയുണ്ടെങ്കിലും എണ്ണം കുറവായിരിക്കും. എത്രയോ വര്‍ഷം മുമ്പേതന്നെ, 1842ല്‍ ഫ്രഞ്ചുകാരനായ ബെര്‍ജെര്‍ ഒരാളുടെ ചെവിക്കായത്തില്‍ ഡെമോഡെക്സ് ഫോളിക്കുലോറത്തെ കണ്ടെത്തിയിരുന്നു. ഈ ജീവിയും നമ്മളും തമ്മിലുള്ള ബന്ധങ്ങള്‍ ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളില്‍ അന്നേ ഉള്‍പ്പെട്ടിരുന്നെങ്കിലും നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഗന്‍ തോയെംസും  സംഘവും 2014ല്‍ നടത്തിയ ഒരു പഠനമാണ് വമ്പന്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. പരിശോധനയില്‍ മനുഷ്യരില്‍ 14% പേരുടെ മുഖത്തുനിന്നും ഫെയ്സ് മൈറ്റുകളെ കണ്ടുകിട്ടിയത് കൂടാതെ 18 വയസ്സുകഴിഞ്ഞ മുഴുവനാളുകളുടെ മുഖത്തും ഈ മൈറ്റുകളുടെ DNA സാന്നിധ്യം ഉണ്ടെന്ന് തെളിഞ്ഞു.
ആഫ്രിക്കയിലെയും അമേരിക്കയിലെയും ചൈനയിലെയും ഫെയ്സ് മൈറ്റുകളുടെ DNA ഘടനാ വ്യത്യാസങ്ങള്‍ ഇവര്‍ കണ്ടെത്തി. മനുഷ്യകുലം ആഫ്രിക്കയില്‍നിന്ന് ഏതുരീതിയിലാണ് ഏതൊക്കെ കാലത്താണ് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് സഞ്ചരിച്ചെത്തിയതെന്ന രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ ഈ പഠനങ്ങള്‍ സഹായിക്കും. ഈ ജന്തു വാടക നല്‍കാതെ താമസിക്കാത്ത ഒരു മന്നവേന്ദ്രന്റെ മുഖവും, ലോകസുന്ദരി'പ്പൂമുഖ'വുമില്ല. ഭൂമിയിലെ സര്‍വ്വമനുഷ്യര്‍ക്കും ഒപ്പം ജീവിക്കുന്ന ആര്‍ത്രോപോഡ് എന്ന അംഗീകാരം ഡെമോഡെക്സ് വിഭാഗത്തിന് ലഭിച്ചു. മുഖത്ത് കണ്‍പീലികളുടെ രോമക്കുഴികള്‍ ഇവരുടെ ഇഷ്ടവാസസ്ഥലമാണ്. ഒരോ കണ്‍പീലിയിലും ശരാശരി രണ്ട് മൈറ്റുകളെങ്കിലും താമസംകാണും. 0.1മുതല്‍ 0.4മില്ലീമീറ്റര്‍വരെയാണ് സാധാരണയായി ഇവയുടെ നീളം. വിരയുടെ ആകൃതിയിലുള്ള നീണ്ട  അര്‍ദ്ധതാര്യ ശരീരത്തിന് തല, കഴുത്ത്, ഉടല്‍, വാല്‍ എന്നിങ്ങനെ കൃത്യമായ ഭാഗങ്ങളുണ്ട്. തലയ്ക്കും കഴുത്തിനും ഇടയില്‍ നഖപ്പത്തികളുള്ള നാല് ജോഡി കുഞ്ഞുകാലുകളുണ്ടാകും. വാലടക്കം ശരീരം മുഴുവനും ശല്‍ക്കങ്ങള്‍ നിറഞ്ഞതാണ്. 18മുതല്‍ 24 ദിവസമാണ് ആയുസ്. മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ കാഴ്ചയില്‍ മുതിര്‍ന്ന മൈറ്റിനെപ്പോലെതന്നെയാണെങ്കിലും മൂന്നുജോഡി കാലുകളേ ഉണ്ടാകൂ. രാത്രിയാണ് ഒളിവിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി ഇണചേരുക, ഒരു പെണ്മൈറ്റ് ഒരു രോമക്കുഴിയില്‍ 20-24 മുട്ടകള്‍ ഇടും. കുഴികളില്‍ തിങ്ങിഞെരുങ്ങിക്കഴിയുന്ന മുട്ട വിരിഞ്ഞ് ലാര്‍വ്വകള്‍ ഉണ്ടായാല്‍ അവ സെബേഷ്യസ് മെഴുക്കിന്റെ ഒഴുക്കില്‍ നീങ്ങി രോമക്കുഴിയുടെ വക്കിലെത്തി ഒരാഴ്ചകൊണ്ട് വളര്‍ച്ച പൂര്‍ത്തീകരിക്കും.
ഇവര്‍ എന്താണ് നമ്മുടെ മുഖത്തില്‍ നിന്നും തിന്നുജീവിക്കുന്നത് എന്നത് അത്രകണ്ട് വ്യക്തമായിട്ടില്ല. തൊലിയിലെ ബാക്റ്റീരിയകളെ തിന്നാണ് ജീവിക്കുന്നതെന്നും, അതല്ല തൊലിയിലെ മൃതകോശങ്ങളാണ് ഭക്ഷണമെന്നും അഭിപ്രായമുണ്ട്. സെബേഷ്യസ് ഗ്രന്ഥിപുറപ്പെടുവിക്കുന്ന മെഴുക്ക് ശാപ്പിട്ട് ജീവിക്കുകയാണ് എന്നുകരുതുന്നവരും ഉണ്ട്. എന്തായാലും ഇവ പരസ്പരം തിന്നാറില്ല എന്നതുറപ്പാണ്. പ്രകാശം അത്രക്കങ്ങ് ഇഷ്ടമില്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ രോമക്കുഴികളിലൊളിച്ചുനിന്ന് രാത്രി പുറത്തിറങ്ങി ഇണചേര്‍ന്ന് രോമക്കുഴികളുടെ വക്കില്‍ മുട്ടയിടുന്നതാണ് ശീലം. നല്ലവലിപ്പമുള്ള മുട്ടകളാണ് ഇടുക. ഇത്രയും വലിയ മുട്ട ഇതിന്റെയുള്ളില്‍നിന്നും എങ്ങനെ പുറത്തുവന്നു എന്നമ്പരക്കും. തീറ്റയൊക്കെ കഴിഞ്ഞാല്‍ ദഹനശേഷം വിസര്‍ജ്ജനം നടത്താന്‍ മലദ്വാരമെന്ന സംവിധാനമില്ല പാവങ്ങള്‍ക്ക്. ജീവിതകാലം മുഴുവന്‍ ആര്‍ജ്ജിച്ച മാലിന്യങ്ങളെല്ലാം ഉള്ളില്‍തന്നെ കെട്ടികിടക്കും. അവസാനം നമ്മുടെ കഴുകി വൃത്തിയാക്കി പൌഡറിട്ട് മിനുക്കിയ മുഖത്ത് വീര്‍ത്ത്പൊട്ടിത്തെറിച്ച് മലംമൊത്തം പരത്തി സ്വയം ചത്ത് തീരലാണ് രീതി.
 'കാക്കതൂറി. എന്നാ തോന്നുന്നത്' എന്നുപറഞ്ഞ് ലജ്ജയോടെ തുവാലയില്‍ മുഖം തുടക്കാന്‍പോകുംമുമ്പ് ഇതാലോചിച്ചാല്‍ നമ്മള്‍ ചിരിച്ച്പോകും. സ്വതവേ ചില പ്രത്യേകതയുള്ള തൊലിക്കാരുടെ മുഖത്ത് ഈ മൈറ്റ് മലത്തില്‍നിന്നും പുറത്തുവന്ന ബാക്ടീരിയക്കൂട്ടവും ടോക്സിനുകളും ത്വക്രോഗങ്ങള്‍ക്കും ചുവന്ന പാടുകള്‍ക്കും തിണിര്‍പ്പിനും ഒക്കെ ചിലപ്പോള്‍ കാരണമാകും.
നമ്മുടെ അഹന്തയിലൊന്നും കാര്യമില്ല. 'ഞാന്‍' എന്നു ചിന്തിച്ച്  ഞെളിഞ്ഞ് നടക്കുന്നതില്‍ വലിയ സ്കോപ്പുമില്ല. നൂറുകണക്കിന് ഇനം ജീവികളുടെ വളര്‍ത്തുശാലയാണ് നമ്മുടെ ശരീരം. അന്നപഥത്തിലെ ചിലയിനം ബാക്ടീരിയകള്‍ ഇല്ലെങ്കില്‍ നാം തിന്നുന്ന ഭക്ഷണത്തിലെ അത്യാവശ്യ പോഷകങ്ങള്‍ ദഹിപ്പിച്ച് ആഗിരണംചെയ്യാന്‍ നമുക്കാകില്ല. അതായത് ആ ബാക്ടീരിയകള്‍ നമ്മുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. അവരില്ലെങ്കില്‍ നമ്മളും ഇല്ല. ചിലപ്പോള്‍ അവരുടെയൊക്കെ ഇഷ്ടത്തിന് ഡിസൈന്‍ ചെയ്യപ്പെട്ട ഒരു യാനം മാത്രമാകാം മനുഷ്യശരീരം.
ദശലക്ഷക്കണക്കിന്  മൈറ്റ്, ചെള്ള്, പേന്‍,  കൃമി, വിര, ബാക്ടീരിയ, പ്രോട്ടോസോവ തുടങ്ങിയവയുടെ 'ആവാസഭൂമി'. ഉള്ളിലും പുറത്തും ഒക്കെയായി അവരും നമ്മോടൊപ്പം ആയിരക്കണക്കിന് വര്‍ഷമായി കൂടെത്തന്നെയുണ്ടായിരുന്നു. ഒരു കോളനിയിലെ വലിയേട്ടന്റെ പവറിനപ്പുറമുള്ള അധികാരമൊന്നും ശരീരത്തില്‍ ഈ 'ഞാന്‍' അവകാശപ്പെടേണ്ടതില്ല. പരിണാമദശകളില്‍ കൂടെകൂടിയ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മനുഷ്യനും മാറിയിട്ടുണ്ട്.  ഇനി അവര്‍ നമ്മളെ കൊണ്ടുനടക്കുന്നതാണോ, അതോ നമ്മള്‍ അവരെ കൊണ്ടുനടക്കുന്നതാണോ എന്ന കാര്യത്തിലേ തീര്‍പ്പാവാനുള്ളു? ഫെയ്സ്ബുക്കില്‍ ചിത്രമിടുമ്പോള്‍ ഓര്‍ത്തോളു ഇത് നമ്മുടെ മാത്രം മുഖമല്ല!

പ്രധാന വാർത്തകൾ
Top