17 July Tuesday

എഴുത്തച്ഛന്‍ പുരസ്കാരം സച്ചിദാനന്ദന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 2, 2017

തിരുവനന്തപുരം > ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ സച്ചിദാനന്ദന്. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഒന്നര ലക്ഷമായിരുന്ന അവാര്‍ഡ്തുക മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അഞ്ചുലക്ഷമാക്കിയതെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുരസ്കാരം പിന്നീട് സമ്മാനിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ചെയര്‍മാനും പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി, സി രാധാകൃഷ്ണന്‍, സാംസ്കാരിക സെക്രട്ടറി റാണിജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 

നീതി, ജനാധിപത്യം, സാമൂഹ്യജാഗ്രത തുടങ്ങിയ വിഷയങ്ങള്‍ പലതലങ്ങളില്‍ മലയാള ഭാഷയുടെ കാര്യവാഹകശേഷി തെളിയിച്ച് അവതരിപ്പിക്കപ്പെട്ടവയാണ് സച്ചിദാനന്ദന്റെ കവിതകളെന്ന് സമിതി വിലയിരുത്തി. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യസപര്യ മലയാള ഭാഷയുടെ വ്യത്യസ്ത ഔന്നത്യമായി. പ്രതിരോധത്തിന്റെ സംസ്കാരമാണ് സച്ചിദാനന്ദന്റെ കവിതകള്‍. അധ്യാപകന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ തന്റെ സര്‍ഗ നിലപാടുകള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.

വിദേശ കവിതയെ മലയാളത്തിലേക്കും മലയാള കവിതയെ ലോക സാഹിത്യത്തിനും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ശ്രദ്ധാലുവായ വിവര്‍ത്തകന്‍ കൂടിയാണ് സച്ചിദാനന്ദനെന്ന് സമിതി വിലയിരുത്തി. എഴുത്തച്ഛനെഴുതുമ്പോള്‍, ഇവനെക്കൂടി, വീടുമാറ്റം, കയറ്റം, അപൂര്‍ണം, അഞ്ചുസൂര്യന്‍, ഇന്ത്യന്‍ സ്കെച്ചുകള്‍, സംഭാഷണത്തിന് ഒരു ശ്രമം, വിക്ക് എന്നിവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിമാനം, ആഹ്ളാദം: സച്ചിദാനന്ദന്‍
ന്യൂഡല്‍ഹി > എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ അതിയായ ആഹ്ളാദമുണ്ടെന്ന് കവി സച്ചിദാനന്ദന്‍. തന്നെ കാവ്യാനുഭവം ആദ്യമായി പഠിപ്പിച്ചത് എഴുത്തച്ഛന്റെ രാമായണ വായനകളാണ്. നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും ഈ പുരസ്കാരലബ്ധിയില്‍ കൂടുതല്‍ അഭിമാനവും ആഹ്ളാദവുമുണ്ട്. അഞ്ചു പതിറ്റാണ്ടായുള്ള കാവ്യസപര്യയില്‍ ലഭിക്കുന്ന പാഥേയങ്ങളായാണ് പുരസ്കാരങ്ങളെ കാണുന്നത്.

ആത്യന്തികമായി ഒരു കവിയാണെങ്കിലും വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും കഴിയുന്ന സംഭാവനകള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രതിഭാശാലികളായ മുന്‍ഗാമികളുടെ കാവ്യലോകത്തേക്ക് കൂടുതല്‍ വെളിച്ചംവീശാനുള്ള ശ്രമങ്ങളാണ് നിരൂപണങ്ങളിലൂടെ നിര്‍വഹിക്കാന്‍ ശ്രമിച്ചത്. വിവര്‍ത്തകന്‍ എന്നനിലയില്‍ മറ്റ് ഭാഷകളിലെ കാവ്യാനുഭവങ്ങളെ നമ്മുടെ ഭാഷയ്ക്ക് പരിചയപ്പെടുത്തുകയെന്നത് കാവ്യധര്‍മമായി തന്നെയാണ് കണക്കാക്കുന്നതെന്നും സച്ചിദാനന്ദന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

പ്രധാന വാർത്തകൾ
Top