13 December Thursday

മലയാളികൾക്ക്‌ അഭിമാനമായ മഹാപ്രതിഭ

ഡോ. പി എം ജി നമ്പീശൻUpdated: Tuesday May 15, 2018

കൂടെ ഭാര്യ ഭാമതി


കമ്പിൽ എച്ച്എസിൽ പത്താംക്ലാസ്. ഇംഗ്ലീഷ് അധ്യാപകൻ ജോസഫ് മാസ്റ്റർ മാഡംക്യൂറിയെക്കുറിച്ച് പരമർശിക്കവെ അവർക്ക് രണ്ടുതവണ നൊബേൽ സമ്മാനം കിട്ടിയത് പറഞ്ഞു‐ ഊർജതന്ത്രത്തിലും രസതന്ത്രത്തിലും.സാന്ദർഭികമായി അതുവരെ നൊബേൽ  ലഭിച്ച ഇന്ത്യക്കാരെപ്പറ്റിയും സൂചിപ്പിച്ചു. മലയാളികൾക്ക് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യമുയർന്നു? ഇല്ല എന്ന് മറുപടി. എന്റെ മനസ്സിൽ  കുസൃതി നിറഞ്ഞു ‐  ഭാവിയിൽ കിട്ടാൻ സാധ്യതയുണ്ടോ. ഉണ്ടെന്ന്  മറുപടി.

ആര്. ഉത്തരത്തിന് കാത്കൂർപ്പിച്ചു.  മാഷ് പറഞ്ഞു: ഇ സി ജി സുദർശൻ. അന്ന് തോന്നിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. നാളുകൾ കഴിഞ്ഞപ്പോൾ സുദർശനെക്കുറിച്ചുള്ള ഒരു ലേഖനം കണ്ടു. "ഇരുപത്കോടി രൂപ ഗവേഷണങ്ങൾക്കായി തരൂ. ഇരുപത് നൊബേൽ സമ്മാനം വാങ്ങിത്തരാം''ഇതായിരുന്നു അതിലെ ഊന്നൽ. ഞാൻ ഗവേഷണ വിദ്യാർഥിയായി  കൊൽക്കത്തയിലെത്തിയതിന്റെ തൊട്ടടുത്ത വർഷം 1987ൽ സുദർശൻ  സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ  ഫിസിക്സിലെത്തി. ജഗദീശ് ചന്ദ്രബോസിന്റെ പേരിലുള്ള എൻഡോവ്മെന്റ് വിതരണത്തിന്. അന്നത്തെ  പ്രസംഗം  കാതുകളിൽ അലയടിക്കുന്നുണ്ട്. 

പരിപാടിയുടെ പിറ്റേദിവസം സുദർശനുമായി സംസാരിക്കാൻ കഴിഞ്ഞു. ലളിതമായ മലയാളത്തിൽ സ്നേഹവാത്സല്യങ്ങളോടെയുള്ള ഇടപഴകൽ.  വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്ററിൽ പ്രഭാഷണം നടത്തവേ ഡോ. ഹരിദാസ് ബാനർജി അദ്ദേഹത്തെ ചെറുതായൊന്ന് ചൊടിപ്പിച്ചു. വ്യക്തതയില്ലാത്ത കാര്യങ്ങൾക്ക് പിന്നാലെയാണ് സുദർശൻ ഉന്മാദത്തോടെ പോകുന്നതെന്ന് പറഞ്ഞപ്പോൾ ഗൗരവം വിടാതെ  തിരിച്ചടിച്ചു. "വ്യക്തതയില്ലായ്മയ്ക്കാണ് വ്യക്തതയേക്കാൾ സൗന്ദര്യം. അത്  നമ്മെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കും. അതിനാലല്ലേ സ്ത്രീകൾ സുന്ദരികളാണെന്ന് നാം കരുതുന്നത്''.

മേഘ്നാഥ് സാഹായെക്കുറിച്ചും  സംഭാവനകളെപ്പറ്റിയും ഏറെ മതിപ്പുണ്ടായി  സുദർശന്.  മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ സാഹായെ കാണാൻ കഴിഞ്ഞത് സന്തോഷത്തോടെ ഓർത്തെടുത്തു. സാഹാ അനുസ്മരണത്തിന് പിന്നീടൊരിക്കൽ വന്നതായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുടെ പ്രത്യേകാഭ്യർഥന മാനിച്ച് എൺപതുകളിൽ സുദർശൻ ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിന്റെ ഡയറക്ടർ പദവി ഏറ്റെടുത്തു. അഭിപ്രായ വ്യത്യാസങ്ങൾ വിഷമിപ്പിച്ചു. പിന്നീട് പദവി ഉപേക്ഷിച്ച് ടെക്സാസിലേക്ക് പോയി. ഇലക്ട്രോണുകളെയും പോസിട്രോണുകളെയും പുറത്തേക്ക് വീടുന്ന ബീറ്റാ‐ റേഡിയോ ആക്ടിവതയെക്കുറിച്ചുള്ള  ഗവേഷണങ്ങളാണ് സുദർശനെ ഭൗതികശാസ്ത്ര രംഗത്തെ ദീപസ്തംഭങ്ങളിലൊന്നാക്കിയത്. റിച്ചാർഡ് ഫെയ്ൻമാൻ, ജോർജ് സാക്കുരായ് തുടങ്ങിയർ  രംഗത്ത് മൗലിക സിദ്ധാന്തങ്ങൾ  ആവിഷ്കരിച്ച് പ്രസിദ്ധീകരിച്ച് വരവെയാണ് അദ്ദേഹം  വാദങ്ങൾ മുന്നോട്ടുവെച്ചത്.സുദർശന്റെ പേര് ഭൗതികശാസ്ത്രത്തിൽ മാഞ്ഞുപോകാത്ത ഒന്നാണ്. കാലത്തിരമാല  ശക്തിയായി  ആഞ്ഞടിച്ചാലും അത് ശിലാലിഖിതമായി നിലനിൽക്കും.
(കൊൽക്കത്ത സാഹാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ന്യൂക്ലിയർ ഫിസിക്‌സ്‌ അധ്യാപകനാണ്‌ ലേഖകൻ.)

പ്രധാന വാർത്തകൾ
Top