Top
25
Tuesday, July 2017
About UsE-Paper

മകളുടെ മൃതദേഹം തോളിലേറ്റി അച്ഛന്‍ നടന്നത് 15 കിലോമീറ്റര്‍; ദാന മാജിയുടെ ഇന്ത്യ മാറ്റമില്ലാതെ തുടരുന്നു

Sunday Jan 8, 2017
വെബ് ഡെസ്‌ക്‌

ഭുവനേശ്വര്‍ > രാജ്യത്തെ ദളിതരുടെ ദൈന്യം ലോകം കണ്ട ഒഡിഷയില്‍നിന്ന് മറ്റൊരു 'ദാന മാജി'കൂടി. പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം ചുമന്ന് ഗതി ധീബര്‍ നടന്നത് 15 കിലോമീറ്റര്‍. ഒഡിഷയിലെ അംഗുല്‍ ജില്ലയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൌകര്യം ഒരുക്കാത്തതുമൂലം അഞ്ചുവയസ്സുള്ള മകള്‍ സുമിയുടെ മൃതദേഹം ചുമന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലേക്കാണ് ഗതി ധീബര്‍ നടന്നത്.

കടുത്ത പനി ബാധിച്ച സുമിയെ ജനുവരി മൂന്നിനാണ് അംഗുല്‍ ജില്ലയിലെ പല്ലഹാര കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് കുട്ടി മരിച്ചു. മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം  നല്‍കിയില്ല. മൃതദേഹം കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സൌജന്യസേവനം ഉണ്ടെന്ന് ഗതി ധീബറിന് അറിയില്ലായിരുന്നു. ആശുപത്രി അധികൃതര്‍ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതോടെ ധീബര്‍ ഭാര്യയുമൊന്നിച്ച് മൃതദേഹവും ചുമന്ന് നടന്നു.

സംഭവം വിവാദമായതോടെ ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ അനില്‍കുമാര്‍ സമല്‍ അറിയിച്ചു.

മാസങ്ങള്‍ക്കുമുമ്പാണ് ഒഡിഷയിലെ കലഹന്ദിയിലെ ദാന മാജിയെന്ന ദളിതന്‍ ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതദേഹവുമായി 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നത്. ഇതിനുശേഷമാണ് മൃതദേഹം കൊണ്ടുപോകുന്നതിന് സൌജന്യസേവനം ഒഡിഷ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത്.