17 November Saturday

ചോരാത്ത തമിഴ് വീര്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 27, 2018


മുഹമ്മദ് അമീൻ നഗർ(കോഴിക്കോട്) > കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് പോരാട്ട ഭൂമിയിലേക്കിറങ്ങുകയാണ് തമിഴ് ജനത. അവരുടെ പോരാട്ടവീര്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു അടുത്തിടെ തമിഴ്നാട് ട്രാൻസ്പോർട് തൊഴിലാളികൾ നടത്തിയ പത്തുദിവസം നീണ്ട സമരം. ട്രാൻസ്പോർട് വാഹനങ്ങളൊന്നും നിരത്തിൽ ഇറങ്ങാതിരുന്നതോടെ ഗതാഗതം നിലച്ച പത്തുനാളുകൾ തമിഴ്ജനതയും സമരക്കാർക്ക് ഐക്യദാർഢ്യവുമായി ഒപ്പം നിന്നു. പേ കമീഷൻ ശുപാർശകൾ നടപ്പാക്കുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, പെൻഷൻ കുടിശ്ശിക തീർത്തുനൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു തൊഴിലാളികൾ സമരംചെയ്തത്. തങ്ങളെ ആദ്യം അവഗണിച്ച സർക്കാരിന് സമരശക്തിക്കു മുന്നിൽ ഒടുവിൽ മുട്ടുമടക്കേണ്ടി വന്നെന്ന് സിഐടിയു തമിഴ്നാട് സംസ്ഥാന ട്രഷറർ കൂടിയായ മാലതി ചിട്ടിബാബു പറയുന്നു.

ട്രാൻസ്പോർട് മേഖലയിൽ മാത്രമല്ല സമസ്ത തൊഴിൽ മേഖലയിലും അസ്വസ്ഥത പുകയുകയാണ്. മോഡി സർക്കാരിന്റെ നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കലും തമിഴ്നാട്ടിലെ തൊഴിൽരംഗത്തെ കാര്യമായി ബാധിച്ചു. നിർമാണമേഖല പൂർണമായി സ്തംഭിച്ചു. മണലും കമ്പിയും കട്ടയുമൊന്നും കിട്ടാതായി. തമിഴ്നാട്ടിലെ പല ജില്ലകളിലും പ്രധാന തൊഴിൽ മേഖലയാണ് വസ്ത്രനിർമാണം. ജിഎസ്ടിയും നോട്ട് അസാധുവാക്കലും ഈ മേഖലയെയും തളർത്തി.

പല വ്യവസായ സ്ഥാപനങ്ങളിലും മിനിമം വേതനമോ കൃത്യമായ ജോലി സമയമോ പാലിക്കപ്പെടുന്നില്ല. ശുദ്ധമായ കുടിവെള്ളം പോലും നൽകാതെയാണ് പല സ്ഥാപനങ്ങളും തൊഴിലെടുപ്പിക്കുന്നത്. വൃത്തിഹീനമായ ശുചിമുറികൾ സ്ത്രീകൾക്ക് ജോലിയെടുക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു. വനിതാ തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനും സാധിക്കുന്നില്ല. ലൈംഗികാതിക്രമം ഉൾപ്പെടെ പലതരം ചൂഷണങ്ങളും ഉണ്ടാകുന്നു.

ആരോഗ്യമേഖലയിലെ തൊഴിൽ പ്രശ്നങ്ങളും നാൾക്കുനാൾ വർധിക്കുകയാണ്. കരാർ‐താൽക്കാലിക ജീവനക്കാരാണ് ഭൂരിഭാഗവും. 7000 രൂപ വരെയാണ് പല ആശുപത്രികളിലും നേഴ്സുമാരുടെ ഒരു മാസത്തെ ശമ്പളം.  സംസ്ഥാനത്തെ കോർപറേഷൻ തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കോർപറേഷനിലെ തൊഴിലാളികളും ജീവനക്കാരും വിവിധ ആവശ്യങ്ങളുന്നയിച്ച് തുടർച്ചയായി പത്തു ദിവസമാണ് സമരം നടത്തിയത്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു സമരം. ഈ സമരങ്ങളിലെല്ലാം നല്ല പങ്കാളിത്തമുണ്ടാക്കിയെടുക്കാൻ സാധിക്കുന്നുണ്ട്്. കർഷകരുൾപ്പെടെ എല്ലാ വിഭാഗം ആളുകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് യോജിച്ച പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ പൊതുവേദി രൂപീകരിച്ചിട്ടുണ്ട്. 'മക്കൾ ഒരുമൈ മേടൈ' എന്ന പേരിലുള്ള കർഷക‐തൊഴിലാളി കൂട്ടായ്മ വരുംകാല പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും‐മാലതി പറഞ്ഞു.

ബിഎസ്എൻഎൽ ജീവനക്കാരിയായിരുന്ന മാലതി സ്വമേധയാ വിരമിച്ചാണ് പൂർണസമയ സംഘടനാ പ്രവർത്തനത്തിലേക്ക് വന്നത്. ഭർത്താവ് ചിട്ടിബാബുവും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്.

പ്രധാന വാർത്തകൾ
Top