Top
22
Thursday, June 2017
About UsE-Paper

അന്റാര്‍ട്ടിയ്ക്കയും ആര്‍ട്ടിക്കും അപ്രത്യക്ഷമാകുമോ ?

Thursday Jun 8, 2017
കെ രമ

ലോക കാലാവസ്ഥാ ഉടമ്പടിയില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റത്തെത്തുടര്‍ന്ന് ആഗോളതാപനവും കാലാവസ്ഥാ മാറ്റവും  ഏറെ ചര്‍ച്ചയാകുമ്പോള്‍, കാലാവസ്ഥാമാറ്റം ഏറെ ഗുരുതരമായി ബാധിച്ച അന്റാര്‍ട്ടിക്കയെയും ആര്‍ട്ടിക്കിനെയുംകുറിച്ച്  പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍

തണുത്തുറഞ്ഞ ഭൂഖണ്ഡങ്ങള്‍. അന്റാര്‍ട്ടിക്കയെക്കുറിച്ചും ആര്‍ട്ടിക് പ്രദേശത്തെക്കുറിച്ചും നാം അധികമൊന്നും മനസ്സിലാക്കിയിട്ടില്ല. എങ്കിലും ആര്‍ട്ടിക്കിലെ ധ്രുവക്കരടികളെക്കുറിച്ചും അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകളെക്കുറിച്ചും വായിച്ചുകാണും അല്ലേ. ഭൂമിയുടെ ഏറ്റവും വടക്കും തെക്കും കിടക്കുന്ന ഈ പ്രദേശങ്ങളില്‍ മനുഷ്യവാസം ഇല്ലാത്തതുകൊണ്ടുതന്നെ നാം അവയെ ഗൌരവമായി എടുത്തിട്ടുമില്ല. പക്ഷെ, ശാസ്ത്രലോകം ഈ പ്രദേശങ്ങളെ തള്ളിക്കളഞ്ഞിട്ടില്ല.

ഇപ്പോള്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാമാറ്റവും ഏറെ ഗുരുതരമായി ബാധിച്ചിരിക്കുന്നത് അന്റാര്‍ട്ടിക്കയെയും ആര്‍ട്ടിക്കിനെയുമാണെന്ന് ഈ പ്രദേശങ്ങളെ സംബന്ധിച്ച പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

ആഗോളതാപനത്തിന്റെ ഭവിഷ്യത്ത് നാം കണക്കാക്കിയതിനെക്കാള്‍ ഭീകരമാകുമെന്നാണ് ആര്‍ട്ടിക്, അന്റാര്‍ട്ടിക് പ്രദേശങ്ങളിലെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. തണുത്തുറഞ്ഞ അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഈ നൂറ്റാണ്ട് തീരും മുമ്പുതന്നെ  തകര്‍ന്നടിയുമെന്നാണ് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നത്. ആര്‍ട്ടിക്പ്രദേശത്തിന്റെ അവസ്ഥയും സമാനമാണെന്ന് ഈ ഭാഗത്തെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തുന്ന ആര്‍ട്ടിക് കൌണ്‍സില്‍ പറയുന്നു.

പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലും തീവ്രതയിലുമാണ് ആര്‍ട്ടിക്-അന്റാര്‍ട്ടിക് പ്രദേശങ്ങളില്‍ താപനില വര്‍ധിക്കുന്നത്. ഇത് അവിടെ മാത്രം ഒരുങ്ങുന്ന പ്രാദേശിക പ്രശ്നമല്ലെന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അലാസ്കയില്‍ മെയ് 11ന് ചേര്‍ന്ന ആര്‍ട്ടിക് കൌണ്‍സിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആര്‍ട്ടിക്കിലെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച വിശദവിവരങ്ങള്‍ ഉണ്ട്.

അന്റാര്‍ട്ടിക്കയിലെയും ആര്‍ട്ടിക്കിലെയും കാലാവസ്ഥാ മാറ്റം ഭൂമിയെ അതിഗുരുതരമായാണ് ബാധിക്കുക. ഇവിടങ്ങളിലെ മഞ്ഞ് ഉരുകുകയും അതുവഴി ലോകസമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്നത് നിരവധി ദ്വീപുരാഷ്ട്രങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ ഇടയാക്കും. ദ്വീപുരാഷ്ട്രങ്ങള്‍ മാത്രമല്ല, തീരദേശ നഗരങ്ങളെല്ലാംതന്നെ മുങ്ങിപ്പോകാനും സാധ്യതയുണ്ട്. തുവാളു, മാലദ്വീപ് തുടങ്ങി താഴ്ന്ന ദ്വീപുകളില്‍ 'കാലാവസ്ഥാ കുടിയേറ്റം' ഇപ്പോള്‍തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലടക്കം എല്ലായിടത്തുമുള്ള തീരദേശ നഗരവാസികളും ഈ നൂറ്റാണ്ടിന്റെ പകുതി കഴിയുമ്പോഴേക്കുംതന്നെ കുടിയേറ്റത്തിന് തയ്യാറാവേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നത്.

ഈ നില തുടര്‍ന്നാല്‍
അന്റാര്‍ട്ടിക്ക പിളരാം

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഇന്നത്തെ നിരക്കില്‍ തുടര്‍ന്നാല്‍ അന്തരീക്ഷ താപനില കൂടുതല്‍ വേഗത്തില്‍ വര്‍ധിക്കും. അന്റാര്‍ട്ടിക്കയുടെ ഒരുഭാഗം പിളരാനും സമുദ്രജലനിരപ്പ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആറടിയോളം ഉയരാനും  ഇത് ധാരാളമാണെന്ന് കംപ്യൂട്ടര്‍ സഹായത്തോടെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

അന്റാര്‍ട്ടിക്കയിലെ താപനില 1950 മുതല്‍ ഓരോ ദശകത്തിലും അര ഡിഗ്രി സെല്‍ഷ്യസ്വീതം ഉയരുന്നുണ്ടെന്ന് മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ റോബര്‍ട്ട് എം ഡികാന്റോ വിശദീകരിക്കുന്നു. ആഗോള ശരാശരിയെക്കാള്‍ വളരെ കൂടിയ നിരക്കാണിത്. ഏറ്റവും ദുര്‍ബലമായ ഭാഗങ്ങളില്‍ ആഗോളതാപനംമൂലമുള്ള മഞ്ഞുപാളികളുടെ തകര്‍ച്ചയുടെ നിരക്കു സംബന്ധിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞരും ബ്രിട്ടീഷ് ശാസ്ത്രജ്ഞരും സംയുക്തമായാണ് ഗവേഷണം നടത്തുന്നത്. കലിഫോര്‍ണിയയെക്കാള്‍ വലുപ്പമുള്ള 'റോസ്' എന്ന മഞ്ഞുപാളിയുടെ ഘടനയും വലുപ്പവും അടയാളപ്പെടുത്തിയും നിരീക്ഷിച്ചുമാണ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഒരുസംഘം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. 'റോസ്' മഞ്ഞുപാളി ഒരുപക്ഷെ 2050കളില്‍ത്തന്നെ തകരാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രസംഘം കരുതുന്നു.

ആര്‍ട്ടിക്കില്‍ 
മഞ്ഞുരുകല്‍ കൂടി

ആര്‍ട്ടിക്പ്രദേശം എന്നത് ആര്‍ട്ടിക് സമുദ്രവും ചുറ്റുമുള്ള കരയുമാണ്. അന്റാര്‍ട്ടിക്കയാകട്ടെ, തണുത്തുറഞ്ഞ ഭൂഖണ്ഡവും ചുറ്റും സമുദ്രവുമാണ്. കഴിഞ്ഞ ഏതാനും ദശകമായി ഈ രണ്ട് പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളെക്കാള്‍ ഇരട്ടി വേഗത്തിലാണ് താപനില വര്‍ധിക്കുന്നത്. 2030-'40 ആവുമ്പോഴേക്കുംതന്നെ വേനലില്‍ ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞുപാളികള്‍ ഇല്ലാതാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം ശൈത്യകാലത്തുപോലും ഇപ്പോള്‍ ആര്‍ട്ടിക്സമുദ്രത്തില്‍ പലയിടത്തും തുറന്ന ജലാശയമാണ്. ആര്‍ട്ടിക്കില്‍ പച്ചപ്പ് വര്‍ധിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മഞ്ഞുരുകുകയും മഞ്ഞുപാളികളുടെ കനം കുറയുകയും ചെയ്തതോടെ സൂര്യപ്രകാശം അടിയിലുള്ള വെള്ളത്തിലേക്ക് കൂടുതലായി എത്തുന്നുണ്ട്. ഇത് വെള്ളത്തിലെ പ്ളാങ്ടണ്‍ (സമുദ്ര ജലത്തില്‍ കാണുന്ന ജീവവസ്തുവാണിത്. സസ്യവര്‍ഗത്തിലും ജീവിവര്‍ഗത്തിലും പെടുത്താം. പ്ളാങ്ടണ്‍ ആണ് സമുദ്രജീവികളുടെ പ്രധാന ഭക്ഷണം) വര്‍ധിക്കാന്‍ ഇടവരുത്തുന്നുവെന്നും അതാണ് ആര്‍ട്ടിക്പ്രദേശത്ത് ഈയിടെ പച്ചപ്പ് കൂടിക്കൊണ്ടിരിക്കുന്നതെന്നും ആണ് വിശദീകരണം. കൂടുതല്‍ ജീവികളും സസ്യങ്ങളും വളരാന്‍ പ്ളാങ്ടണിന്റെ വര്‍ധന ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അന്റാര്‍ട്ടിക്കയില്‍
പായല്‍ കൂടുന്നു

അന്റാര്‍ട്ടിക്ക സംബന്ധിച്ച പഠനങ്ങളും ഇത്തരത്തിലുള്ള ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. താപനില വര്‍ധിച്ചതോടെ അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ പച്ചപ്പായല്‍ കാണുന്നുണ്ട്. പായലിന്റെ വളര്‍ച്ചയുടെ തോതും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുപാളികള്‍ മൈലുകളോളം ദൂരം പിളരുകയും ജലത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതായാണ് അന്റാര്‍ട്ടിക്ക സംബന്ധിച്ച ഗവേഷകരുടെ മറ്റൊരു കണ്ടെത്തല്‍. ഏറ്റവും ദുര്‍ബലമായ ഭാഗങ്ങളാണ് ഇപ്പോള്‍ പിളരുന്നത്. മഞ്ഞുപാളികള്‍ ഉരുകി വെള്ളമാവുന്നത് സമുദ്രത്തിലെ ജലനിരപ്പ് ഉയരാന്‍ കാരണമാവുമെന്ന് അന്റാര്‍ട്ടിക്ക ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മുംബൈ, ഷാങ്ഹായ്, മിയാമി, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിലെ വലിയ തീരദേശനഗരങ്ങള്‍ക്ക് ഇത് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും നിരീക്ഷണങ്ങളും പഠനങ്ങളും പറയുന്നു.

മഞ്ഞുപാളികള്‍ ഉരുകാന്‍ തുടങ്ങിയെന്നും അതിന്റെ വേഗം വര്‍ധിക്കുകയാണെന്നും മനസ്സിലായതോടെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൂട്ടായ വിവരശേഖരണത്തിനാണ് ശ്രമിക്കുന്നത്. മഞ്ഞുരുകലിന്റെ യഥാര്‍ഥ ചിത്രം ലഭിച്ചിട്ടില്ലെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥാമാറ്റം സംബന്ധിച്ച പഠനങ്ങള്‍ക്ക് കൂടുതല്‍ ഗൌരവം നല്‍കേണ്ടതുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.