19 December Wednesday

എഴുത്തിൽ മാർഗദർശികളില്ല: അനീസ‌് സലിം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കൊച്ചി
അവാർഡ‌് പ്രതീക്ഷിച്ചിരുന്നില്ലെന്ന‌ും ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഇംഗ്ലീഷ‌് നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് നേടിയ അനീസ‌് സലിം പറഞ്ഞു. വ‌ളരെ നാളുകൾക്ക‌് മുമ്പാണ‌് അവാർഡിന‌് അർഹമായ നോവൽ എഴുതിയ‌ത‌്. അതിനുശേഷം ‘ദ സ‌്മോൾ ടൗൺ സീ’ എന്ന നോവൽ എഴുതി.

വർക്കലയിൽ ജനിച്ചു വളർന്ന അനീസ‌് കൊച്ചി രവിപുരത്ത‌് എഫ‌്സിബി ഉൾക്ക എന്ന പരസ്യനിർമാണ സ്ഥാപനത്തിലെ ക്രിയേറ്റീവ‌് ഹെഡ്ഡാണ‌്. എളമക്കരയിലാണ‌് താമസം.  പതിനാറുവയസിൽ സ‌്കൂൾ പഠനം പൂർത്തിയാക്കിയശേഷം വായനയും എഴുത്തുമായി ചങ്ങാത്തം കൂടി. എഴുത്താണ‌് തന്റെ മേഖല എന്ന‌് അന്നേ തിരിച്ചറിഞ്ഞിരുന്നു.

അതിനാൽ കൂടുതൽ സർട്ടിഫിക്കറ്റുകൾ സമ്പാദിക്കാനായി പഠിച്ചില്ല. അച്ഛൻ വീട്ടിലൊരുക്കിയ ലൈബ്രറിയും തിരുവനന്തപുരത്തെ ബ്രിട്ടീഷ‌് ലൈബ്രറിയുമായിരുന്നു വായന പോഷിപ്പിച്ചത‌്. പതിനാറു വയസിൽ  എഴുത്തു തുടങ്ങിയെങ്കിലും 38 വയസിനു ശേഷമാണ‌് പുസ‌്തകം പ്രസിദ്ധീകരിച്ചത‌്.

എഴുത്തിൽ  മാർഗദർശികൾ ഇല്ല. ഇന്നുവരെ ഒരു സാഹിത്യകാരനെയും നേരിൽ കണ്ടിട്ടില്ല. തന്നെ ആളുകൾ കാണുന്നതിനേക്കാൾ വായിക്കപ്പെടുന്നതാണ‌് ഇഷ്ടം. മലയാളികളായ ഇംഗ്ലീഷ‌് എഴുത്തുകാർക്ക‌് അംഗീകാരം ലഭിക്കുന്നതിൽ സന്തോഷമുണ്ട‌്. ചരിത്ര പശ‌്ചാത്തലമുള്ള ഒരു പുതിയ നോവലിന്റെ പണിപ്പുരയിലാണ‌് ഇപ്പോൾ–- അനീസ‌് സലിം പറഞ്ഞു. വീട്ടമ്മയായ ഭാര്യ ഷമീനയും ബിരുദ വിദ്യാർഥിയായ മകൻ ഒമറും എൽകെജി വിദ്യാർഥിയായ മകൾ അദയും അടങ്ങുന്നതാണ‌് കുടുംബം.


പ്രധാന വാർത്തകൾ
Top