20 April Friday

ഹിന്ദുത്വ വ്യാജ പ്രചാരണം അന്നും: വിഭജനകാലത്തെ ചരിത്രം വെളിപ്പെടുത്തി ഗവേഷകന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 15, 2017

വ്യാജ കഥകളും ചിത്രങ്ങളും നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ചു കലാപം വിതയ്ക്കുന്ന തന്ത്രം ഹിന്ദുത്വ ശക്തികള്‍ ഇന്ത്യാ വിഭജനകാലത്തും നടപ്പാക്കിയതായി ഗവേഷകനും ഗീത പ്രസ് ആന്റ് ദ മേക്കിംഗ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവുമായ അക്ഷയ് മുകുള്‍. 'ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലാണ് 71 വര്ഷം മുമ്പ് ഹൈന്ദവ വര്‍ഗ്ഗീയതയുടെ ആദ്യരൂപമായ ഹിന്ദു മഹാസഭ നടത്തിയ മുസ്ലി വിരുദ്ധതയുടെ ഞെട്ടിക്കുന്ന ഉദാഹരണങ്ങള്‍  വെളിപ്പെടുത്തുന്നത്.

1946ലെ ബംഗാള്‍ വിഭജന കാലത്ത് പുറത്ത് വരികയും പിന്നീട് വലിയ കോലാഹലങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത ഒരു ലഘുലേഖയാണ് ഹിന്ദുത്വ ശക്തികളുടെ വ്യാജ രേഖാചമക്കലിന്റ കുത്തൊഴുക്കില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് അക്ഷയ് മുകുള്‍ ലേഖനത്തില്‍ പറയുന്നു.

'ഒരു ബംഗാളി പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ അപേക്ഷ' എന്ന പേരിലായിരുന്നു ആ ലഘുലേഖ വ്യാപകമായി പ്രചരിച്ചത്. 

നവഖാലിയിലെ ഹിന്ദു യുവതിയെ തന്റെ അച്ഛന്റെയും അമ്മാവന്റെയും മുന്നിലിട്ട് മുസ്ലിങ്ങള്‍ കൂട്ട ബലാല്‍സംഗം 'ചെയ്ത'തിന്റെ  'വിശദാംശ'ങ്ങള്‍ സഹിതമാണ് ലഘുലേഖ പ്രസിദ്ധീകരിച്ചത് . ഹിന്ദുധര്‍മ്മത്തിന് എന്താണ് സംഭവിക്കുന്നതെന്ന്  ശങ്കരാചാര്യന്മാരോടു ചോദിയ്ക്കുന്ന  ലഘുലേഖ "ഹിന്ദു സഹോദരിക്കുണ്ടായ വേദനയില്‍ ചോര തിളക്കുന്ന ഒരുസഹോദരന്‍ പോലുമില്ലേ ഇവിടെ?'' എന്ന പ്രകോപനപരമായ ചോദ്യവും ഉയര്‍ത്തുന്നു. മുസ്ലിം ഏകാധിപത്യത്തെ വാളുകൊണ്ട് നേരിടാനും ഹിന്ദുക്കളോടും പ്രത്യേകിച്ച് ഹിന്ദു സ്ത്രീകളോടും അതില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രവിശ്യ ഭരണകൂടങ്ങളും ബ്രിട്ടീഷ് സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണവും ഉടന്‍ തന്നെ പ്രഖ്യാപിച്ചു.

എന്നാല്‍ അങ്ങനെ ഒരു പെണ്‍കുട്ടിയേയോ അങ്ങനെ ഒരു പരാതിയോ സംബന്ധിച്ച് യാതൊരു വിവരവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം, ലഘുലേഖ പുറത്തുവന്നത് ഹിന്ദു മഹാസഭയും ഗീത പ്രസും മറ്റ് സംഘടനകളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള കുല്‍സിത മാര്‍ഗ്ഗമായിരുന്നു അതെന്നും കണ്ടെത്തി.

ഗീത പ്രസിന്റെ പ്രസിദ്ധീകരണമായ കല്യാണിലൂടെ 1946ലാണ് ലഘുലേഖ പുറത്ത് വന്നത്. മദന്‍ മോഹന്‍ മാളവ്യയുടെ സ്മരണാത്ഥം പുറത്തുവന്ന പ്രത്യേക പതിപ്പായിരുന്നു അത്. കല്യാണിന്റെ സര്‍ക്കുലേഷന്‍ രണ്ട് ലക്ഷത്തിന് മുകളില്‍ എത്തുന്നതിനും ആ വാര്‍ത്ത കാരണമായി. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവത്തില്‍ സിഐഡി വിഭാഗം നടത്തിയ പരിശോധനയില്‍ അലഹബാദിലെ ഹിന്ദു മഹാസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി പ്രിന്റുകള്‍ പുറത്തിറങ്ങിയതായും കണ്ടെത്തി. 

ലക്ഷക്കണക്കിന് കോപ്പികള്‍ പുറത്തായതിനാല്‍ പ്രശ്നം ഗുരുതരമാണെന്ന്  അന്വേഷണ ഉദ്യോഗസ്ഥന്‍ എഫ്ആര്‍ സ്റ്റോക് വെല്‍ ഹോം സെക്രട്ടറിയെ അറിയിച്ചെങ്കിലും എഡിറ്റര്‍ ഹനുമാന്‍ പ്രസാദിനെ താക്കീത് ചെയ്യാന്‍ മാത്രമായിരുന്നു അധികാരികളുടെ തീരുമാനം. എന്നാല്‍ ആ വ്യാജ വാര്‍ത്ത പിന്നീടും രാജ്യത്ത് പ്രചരിച്ചുകൊണ്ടേ ഇരുന്നു. കല്യാണ്‍ നിരോധിക്കണമെന്നും വലിയ തുക ഫൈന്‍ ആയി പ്രസ് അടക്കണമെന്നും സ്റ്റോക്ക് വെല്‍ അഭിപ്രായപ്പെട്ടതും ചരിത്രം.

അതേസമയം കല്യാണ്‍ വീണ്ടും വര്‍ഗ്ഗീയ വിഷം തുപ്പിക്കൊണ്ടേ ഇരുന്നു. മുസ്ലിങ്ങള്‍ ഉള്‍പ്പെട്ട ബലാല്‍സംഗങ്ങളും രാജ്യദ്രോഹങ്ങളും വാര്‍ത്തയാക്കി പുതിയ ലക്കങ്ങള്‍ പിന്നെയും ഇറങ്ങി. ഇതില്‍ പലതും നുണയായിരുന്നുവെന്നു എന്നാല്‍ ഹിന്ദു മഹാസഭയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെയും മുസ്ലിം വിരുദ്ധതയുടെയും ഞെട്ടിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പുറത്ത് വന്നപ്പോഴും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ദയാല്‍ എന്ന ആഭ്യന്തര സെക്രട്ടറി മടിച്ചു നില്‍ക്കുകയായിരുന്നു. 

ഹൈന്ദവ വര്‍ഗ്ഗീയതക്ക് ഇന്ത്യയില്‍ വിത്ത് പാകിയ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍, രാജ്യത്തുണ്ടായ ഹിന്ദു മുസ്ലിം കലാപത്തെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് ഗീത പ്രസിന്റെ നേതൃത്വത്തില്‍ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതിലൂടെ നടന്നത്. പ്രസിദ്ധീകരണം അന്ന് വിലക്കുകളില്‍ നിന്നും രക്ഷപ്പെടുകയും കൂടുതല്‍ അപകടകരമായ വാര്‍ത്തകള്‍ പിന്നീടും പടച്ചുവിടുകയും ചെയ്തു.

വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും എഫ് ബി പോസ്റ്റുകളിലൂടെയും സമീപകാലത്ത് ഹിന്ദുത്വ ശക്തികള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അക്ഷയ മുകുള്‍, ഇത്തരത്തിലുള്ള പ്രചാരണരീതി വലത് തീവ്രവാദ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ആയുധമാണെന്നും സ്ഥാപിയ്ക്കുന്നു.

 

പ്രധാന വാർത്തകൾ
Top