19 December Wednesday
ഒക്ടോബര്‍ 24 ഐക്യരാഷ്ട്രദിനമാണ്. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിറന്ന യുഎന്‍, രാജ്യങ്ങളുടെ സമാധാനവും സുരക്ഷിതത്വവുമാണ് ലക്ഷ്യമാക്കുന്നത്.

ഐക്യം കാക്കാന്‍ ഐക്യരാഷ്ട്ര സംഘടന

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2017

  ഭട്ടതിരി

ഒക്ടോബര്‍ 24ന് 72 വയസ് പൂര്‍ത്തിയാകുന്ന ഐക്യരാഷ്ട്രസംഘടന ഇന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 72ാം പിറ ന്നാള്‍ സമ്മാനമായി അ മേരിക്ക നടത്തിയ പ്രഖ്യാപനം യുഎന്‍ ഏജന്‍സിയായ യുനെസ്കോയില്‍നിന്ന് വിട്ടുപോകുന്നുവെ ന്നാണ്. അമേരിക്കയുടെ ചുവടുപിടിച്ച് ഇസ്രയേലും യുനെസ്കോയില്‍നിന്ന് പിന്മാറി.  ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ-സാംസ്കാരിക മുഖമായ സംഘടനയാണ് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനെസ്കോ. ലോക പൈതൃക സ്ഥാപനങ്ങള്‍ നിര്‍ണയിക്കുന്നതിന് അധികാരമുള്ള സമിതികൂടിയാണിത്. ഈ സമിതിയില്‍നിന്നാണ് അമേരിക്ക പിന്‍വാങ്ങിയത്.  2018 ഡിസംബര്‍ 31നുശേഷം അമേരിക്ക ഈ സംഘടനയില്‍ പൂര്‍ണ അംഗമായിരിക്കില്ല. നിരീക്ഷക പദവിമാത്രമായിരിക്കും തുടര്‍ന്ന് അമേരിക്കക്ക് ഉണ്ടാവുക. സംഘടനയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ടിന്റെ അഞ്ചിലൊരുഭാഗവും നല്‍കുന്ന അമേരിക്കയുടെ പിന്മാറ്റം യുനെസ്കോയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.  പണംമാത്രമല്ല ലോകത്തിലെ ഒരു വന്‍ശക്തി സംഘടനയില്‍നിന്ന് വിട്ടുപോകുന്നത് ആ സംഘടനയുടെ പ്രതിഛായയെ ബാധിക്കും.  അതുകൊണ്ടാണ് അമേരിക്കയുടെ പിന്മാറ്റം യുഎന്‍ കുടുംബത്തിനും ബഹുസ്വര സംസ്കാരത്തിനും നഷ്ടമായിരിക്കുമെന്ന് യുനെസ്കോ ഡയറക്ടര്‍ ഇറിന ബൊക്കോവ പറഞ്ഞത്. ഇസ്രയേല്‍വിരുദ്ധ പക്ഷപാതം കാട്ടുന്നുവെന്ന് ആരോപിച്ചാണ് സംഘടനയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം. സ്വാഭാവികമായും അമേരിക്കന്‍ നയത്തെ പിന്തുണച്ച് ഇസ്രയേലും പിന്മാറ്റം പ്രഖ്യാപിച്ചു. യുനെസ്കോ 'അസംബന്ധ നാടകമായി അധഃപതിച്ചുവെന്നും ചരിത്രത്തെ സംരക്ഷിക്കേണ്ടവര്‍തന്നെ അതിനെ വക്രീകരിക്കുകയാണെന്നും' രൂക്ഷമായി വിമര്‍ശിച്ചാണ് ഇസ്രയേല്‍ പ്രധാന മന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഇറങ്ങിപ്പോക്ക്. 


യുണൈറ്റഡ് നേഷന്‍സ്
ഒന്നും രണ്ടും ലോകയുദ്ധ ങ്ങള്‍ സൃഷ്ടിച്ച വന്‍ മനുഷ്യദുര ന്തത്തിന്റെയും നാശങ്ങളുടെയും പശ്ചാത്തലത്തിലാണ് ലീഗ്ഓഫ് നേഷന്‍സിന്റെ തുടര്‍ച്ചയെന്നോണം 1945 ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര സംഘടന നിലവില്‍വന്നത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതായിരുന്നു രൂപീകരണ ലക്ഷ്യം. രണ്ടാമത്തെ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍ഷോള്‍ഡിന്റെ ഭാഷയില്‍ യുഎന്‍ രൂപീകരിച്ചത് 'മനുഷ്യരെ സ്വര്‍ഗത്തിലേക്ക് നയിക്കാനല്ല മറിച്ച് നരകത്തില്‍നിന്ന് അവരെ രക്ഷിക്കാനാണ്'. 51 രാഷ്ട്രങ്ങളുമായി തുടങ്ങിയ യുഎന്നില്‍ ഇപ്പോള്‍ 193 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.  ആറ് പ്രത്യേക ഏജന്‍സികള്‍ ഉള്‍പ്പെടെ 17 ഏജന്‍സികള്‍ ഇന്ന് യുഎന്നിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1200 ഓളം ഓഫീസുകളുണ്ട്. 41000 ഉദ്യോഗസ്ഥരും. 1,20,000 സമാധാന സേനാംഗങ്ങളും യുഎന്നിനുണ്ട്. 


വിജയം കാണാത്ത ലക്ഷ്യം
പ്രസിദ്ധ ആംഗലേയ കവി ആല്‍ഫ്രഡ് ടെന്നീസണിന്റെ ഭാഷയില്‍ 'മനുഷ്യരുടെ പാര്‍ല മെന്റായി, ലോക ഫെഡറേഷനായി യുഎന്‍ മാറി'. യുദ്ധങ്ങളില്ലാത്ത ലോകമായിരുന്നു ലക്ഷ്യം. 'ഇനി യുദ്ധഭേരി ഉയരില്ല; യുദ്ധത്തിന്റെ കൊടി ഉയരില്ല' എന്ന പ്രതീക്ഷ, പക്ഷേ അസ്ഥാനത്തായി. കൊറിയന്‍ യുദ്ധവും വിയത്നാം യുദ്ധവും ഇറാന്‍-ഇറാക്ക് യുദ്ധവും ഗള്‍ഫ് യുദ്ധങ്ങളും സിറിയയിലും യെമനിലും ഇന്നും തുടരുന്ന യുദ്ധങ്ങളും തടയാന്‍ ഐക്യരാഷ്ട്ര സംഘടനക്ക് കഴിഞ്ഞില്ല. യുഎന്നില്‍ സ്ഥിരാംഗങ്ങള്‍തന്നെയാണ് ഈ യുദ്ധങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നതെന്നതാണ് സത്യം. 'സമാധാനം സ്ഥാപിക്കാ'നെന്ന പേരില്‍ ഗള്‍ഫ് യുദ്ധത്തിന് അനുമതികൊടുത്തപ്പോള്‍ ലോകസമാധാനം എന്ന പ്രാഥമിക ലക്ഷ്യത്തില്‍നിന്നുതന്നെയാണ് യുഎന്‍ നടന്നകന്നത്. 'ലോകം ഇന്ന് ചെറുകഷണങ്ങളായി മുറിയപ്പെട്ടിരിക്കുന്നു. ലോകം സമാധാനം ആഗ്രഹിക്കുന്നു.' എന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ പ്രസ്താവന യുഎന്‍ ഇന്ന് ചെന്നുപെട്ടിരിക്കുന്ന പതനത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഉപരോധം ഏര്‍പ്പെടുത്തി സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിയന്ത്രിക്കുകയെന്ന തന്ത്രവും ഒരിടത്തും വിജയിച്ചില്ല. 1996 നുശേഷം  26 ഉപരോധങ്ങള്‍ക്ക് രക്ഷാസമിതി അനുമതി നല്‍കിയെങ്കിലും അതില്‍ ഒന്നുപോലും പ്രതീക്ഷിച്ച ഫലം ചെയ്തില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.


തുടരുന്ന പലായനങ്ങള്‍
പ്രാഥമികലക്ഷ്യംമാത്രമല്ല അനുബന്ധ ലക്ഷ്യങ്ങള്‍ നേടുന്നതിലും യുഎന്‍ വിജയിച്ചില്ലെന്ന് കാണാം. ഉദാഹരണത്തിന് ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മ്യാന്‍മറില്‍നിന്നുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥിപ്രശ്നം. അഞ്ച് ലക്ഷത്തിലധികം പേര്‍ ഇതിനകം മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യ വിട്ടോടേണ്ടിവന്നുവെന്നാണ് കണക്ക്. ബംഗ്ളാദേശികളാണെന്ന് ആരോപിച്ചാണ് റോഹിന്‍ഗ്യന്‍ മുസ്ളിങ്ങളെ മനുഷ്യത്വരഹിതമായ മാര്‍ഗങ്ങളിലൂടെ മ്യാന്‍മര്‍ പുറത്താക്കുന്നത്. പ്രശ്നം പഠിക്കാന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ ചുമതലപ്പെടുത്തുകയും അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തെങ്കിലും മേഖലയിലെ രാഷ്ട്രങ്ങളെ ഒരു മേശക്കുചുറ്റുമിരുത്തി ഈ മാനുഷിക ദുരന്തം പരിഹരിക്കാന്‍ യുഎന്നിന് കഴിഞ്ഞിട്ടില്ല.
യുഎന്നിന്ന് സാമ്പത്തിക സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു സമിതിയുണ്ട്. യുഎന്‍ സാമ്പത്തിക സാമൂഹ്യ കൌണ്‍സില്‍. ലോകത്തിലെ ഒരു സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാന്‍ കാര്യമായ ഒരു ശ്രമവും ഈ സമിതി നടത്തിയിട്ടില്ല.  2008ലെ സാമ്പത്തിക മാന്ദ്യം, ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി തുടങ്ങി ഒരു വിഷയത്തിലും സജീവമായി ഇടപെടാന്‍ ഈ സമിതി തയ്യാറായിട്ടില്ല. ആണവ നിര്‍വ്യാപനം, കാലാവസ്ഥാ മാറ്റം, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളിലും ചില ഇട പെടലുകളൊക്കെ യുഎന്‍ നടത്തിയെങ്കിലും അതൊന്നും ഫലപ്രദമായില്ല. യുഎന്നിന്ന് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്ന അമേരിക്ക പിന്‍വാങ്ങുമെന്ന സൂചന ശക്തമാണിന്ന്. ഏതാനും പേര്‍ക്ക് സൊറപറയാനുള്ള സ്ഥാപനമാണ് യുഎന്‍ എന്ന് ഇപ്പോള്‍ ആക്ഷേപിക്കുന്നത്് ഈ സംഘടനക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച അമേരിക്കയുടെ പ്രസിഡന്റാണ്. യുഎന്നിനുകൂടി പങ്കാളിത്തമുള്ള കാലാവസ്ഥാ മാറ്റ കരാര്‍, ഇറാനുമായുള്ള ആണവകരാര്‍ എന്നിവയില്‍നിന്ന് പിന്മാറുമെന്നും അമേരിക്ക പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി എന്നാണ് ന്യൂയോര്‍ക്കിലുള്ള യുഎന്‍ ആസ്ഥാനം അമേരിക്ക പൂട്ടുക എന്ന് പറയാനാവില്ല. സാര്‍വദേശീയ സമാധാന പ്രസ്ഥാനം എന്ന നിലയിലുള്ള യുഎന്നിന്റെ നിലനില്‍പ് അസാധ്യമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ വന്‍കരകളില്‍നിന്ന് രക്ഷാസമിതി പ്രാതിനിധ്യം ഇല്ലാത്തതും ന്യൂനതയായി തുടരുന്നു.

പ്രധാന വാർത്തകൾ
Top