Top
22
Thursday, June 2017
About UsE-Paper

മെയിലിന് മറുപടി അയക്കാനും ഇനി എ ഐ

Thursday Jun 8, 2017
നിഖില്‍ നാരായണന്‍

നിങ്ങള്‍ ആന്‍ഡ്രോയ്ഡിലോ ഐഒഎസിലോ ഉള്ള ജി-മെയില്‍ ആപ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്മാര്‍ട്ട് റീപ്ളേ എന്ന പുതിയ ഫീച്ചര്‍ ശ്രദ്ധിച്ചുകാണും. നിങ്ങള്‍ ഒരു മെയിലിന് മറുപടി അയക്കാന്‍ തുറന്നാല്‍, നിങ്ങള്‍ ടൈപ്പ്ചെയ്യാന്‍ സാധ്യതയുള്ള മറുപടി അവിടെ തയ്യാര്‍. അതില്‍നിന്ന് ക്ളിക് ചെയ്ത് മറുപടി ഒറ്റ ടാപ്പിന് ടൈപ്പ്ചെയ്യുക. അയക്കുക.

അതായത് മെയില്‍ വായിച്ചുമനസ്സിലാക്കി, എന്ത് അയക്കണം എന്നൊക്കെയുള്ള ടെന്‍ഷന്‍ വേണ്ട. ബുദ്ധിമാനായ ജി-മെയില്‍ ഇതെല്ലാം റെഡിയാക്കിവയ്ക്കുന്നു.

ഉദാഹരണത്തിന് ഇന്നു വൈകിട്ട് ആറിന് എവിടെയെങ്കിലും വച്ച് കാണാമെന്ന് ആരെങ്കിലും മെയില്‍ അയച്ചുവെന്നിരിക്കുക. തീര്‍ച്ചയായും എന്ന മറുപടി ജി-മെയില്‍ റെഡിയാക്കിയിരിക്കും. വിശ്വസിക്കാന്‍കഴിയുന്നില്ല അല്ലെ. ഗൂഗിളിന്റെ ഇന്‍ബോക്സ് എന്ന മെയില്‍ ആപ്പിലുള്ള ഈ ഫീച്ചര്‍ അങ്ങനെ ജി-മെയില്‍ ആപ്പിലും എത്തി. ഇന്‍ബോക്സ് ആപ്പില്‍ ഇന്ന് അയക്കുന്നതില്‍ 12 ശതമാനം മറുപടിയും അതിലെ ഈ സ്മാര്‍ട്ട് ഫീച്ചര്‍ ഉപയോഗിച്ചാണ്.
ഇന്‍ബോക്സിനെക്കാള്‍ വളരെയധികം പ്രചാരത്തിലുള്ള ജി-മെയില്‍ ആപ്പില്‍ ഇതു വരുന്നതോടെ ഇതിന്റെ ഉപയോഗം കൂടുമെന്നത് പറയേണ്ടതില്ലല്ലോ.

നിങ്ങള്‍ സ്ഥിരമായി അയക്കുന്ന മറുപടിയൊക്കെ പഠിച്ചാണ് ഈ സ്മാര്‍ട്ട് ആശാന്‍ മറുപടി തയ്യാറാക്കുന്നത്. സ്ഥിരമായി ഒകെ എന്ന് മറുപടിയയക്കുന്ന ഒരാളുടെ സ്മാര്‍ട്ട് മറുപടികളില്‍ അത് കാണും. അല്ല ഇനി താങ്സ് അയക്കുന്ന ആളാണെങ്കില്‍ സന്ദര്‍ഭത്തിനനുസരിച്ച് അത് കാണും. നിങ്ങളുടെ മെയില്‍ അയക്കല്‍ സ്വഭാവം പഠിച്ചാണ് ഇവന്റെ മറുപടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി എന്നതിന്റെ ഒരു ഉദാഹരണംകൂടി. വിവരങ്ങള്‍ക്ക്:

https://blog.google/products/gmail/save-time-with-smart-reply-in-gmail/
 

Tags :
AI gmail