10 December Monday

ആര്‍എസ്എസ് നിലപാടുകള്‍ക്കനുസരിച്ച് മാത്രം ഭരിക്കുന്ന ബിജെപിക്ക് ഒരിക്കലും കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാനാകില്ല: എ ജി നൂറാനി

എം എസ് അഭിവാദ്‌Updated: Sunday Mar 11, 2018

കൊച്ചി > അബ്ദുല്‍ ഗഫൂര്‍ അബ്ദുല്‍ മജീദ് നൂറാനി എന്ന എ ജി നൂറാനി ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരില്‍ ഒരാളാണ്. അതിനുമപ്പുറം ചരിത്ര പണ്ഡിതന്‍, ഭരണഘടനാ വിദഗ്ദ്ധന്‍, രാഷ്ട്രീയ നിരീക്ഷകന്‍, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം ലോകം അറിയുന്നയാളാണ് 87 കടന്ന ഈ വന്ദ്യ വയോധികന്‍. കൃതി അന്താരാഷ്ട്ര വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ അദ്ദേഹം ദേശാഭിമാനിക്കായി അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ഏറെ എഴുതിയിട്ടുള്ള കശ്മീര്‍ പ്രശ്നത്തെക്കുറിച്ചും രാജ്യം ഇന്ന് നേരിടുന്ന ഭീഷണികളെക്കുറിച്ചും മനസ്സുതുറന്നു.

കശ്മീര്‍ പ്രശ്നത്തെക്കുറിച്ചാണല്ലോ താങ്കള്‍ ഏറ്റവുമധികം എഴുതിയിട്ടുള്ളത്, കശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? കശ്മീര്‍ പ്രശ്നം ഏറ്റവും മോശം അവസ്ഥയിലാണെന്നാണോ താങ്കള്‍ കരുതുന്നത്?


അതെ, കാശ്മീര്‍ പ്രശ്നം അതിന്റെ ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലാണ് ഇന്നുള്ളത്. കാരണം, സ്വാതന്ത്ര്യനന്തരം ഇന്ത്യ ഭരിച്ചിട്ടുള്ളതില്‍ കാശ്മീര്‍ പ്രശ്നം എന്നൊന്നില്ല എന്ന നിലപാടെടുത്തിട്ടുള്ള ഒരേയൊരു സര്‍ക്കാര്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ റാം മാധവ് പറയുന്നത് കശ്മീര്‍ പ്രശ്നമേയില്ല എന്നാണ്. നരേന്ദ്ര മോഡിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഇതേ നിലപാടാണ്. ആര്‍എസ്എസ് നിലപാടുകള്‍ക്കനുസരിച്ച് മാത്രം ഭരിക്കുന്ന ബിജെപിക്ക് ഒരിക്കലും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല.  പാകിസ്ഥാനുമായി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ശ്രമം. ഇത് ഇന്ത്യ‐പാക് ബന്ധം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ.

കറാച്ചി അന്താരാഷ്ട്ര സാഹിത്യോത്സവത്തിലേക്ക് എനിക്ക് ക്ഷണമുണ്ടായിരുന്നു. മുംബൈയില്‍ നിന്നും കറാച്ചിയിലേക്ക് വിമാനയാത്രക്ക് ഒന്നര മണിക്കൂറേ ആവശ്യമുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് നേരിട്ട് വിമാനമില്ല. പാകിസ്ഥാനിലേക്ക് വിസ അനുവദിക്കുന്നില്ല. അതിനാല്‍ മുംബൈയില്‍ നിന്നും ദുബായിലെത്തിയ ശേഷമാണ് കറാച്ചിയിലേക്ക് വിമാനം കയറാനായത്. തിരിച്ചും അതുപോലെ. ഇതാണ് ഇന്ത്യപാക് ബന്ധത്തിന്റെ നിലവിലെ സ്ഥിതി. മാധ്യമങ്ങളും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ്. മാധ്യമങ്ങളെ നരേന്ദ്ര മോഡി നിശബ്ദരാക്കിയിരിക്കുകയാണ്.

ദേശീയ മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിയുടെ വക്താക്കളായി മാറിയിരിക്കുന്ന സാഹചര്യമാണല്ലോ?

അതെ, ഒരര്‍ഥത്തില്‍ അവര്‍ ബിജെപി വക്താക്കള്‍ തന്നെയാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകള്‍.

ബിജെപിയിതര പാര്‍ടികളില്‍ മാത്രമാണ് ഇനി പ്രതീക്ഷ. എങ്കിലും കോണ്‍ഗ്രസില്‍ നിന്നും അധികമൊന്നും പ്രതീക്ഷിക്കാനാകില്ല. കോണ്‍ഗ്രസ് ബിജെപിയുടെ മുഖ്യപ്രതിപക്ഷ പാര്‍ടിയാണെന്ന് അംഗീകരിക്കുമ്പോഴും അവര്‍ പല നിര്‍ണായക വിഷയങ്ങളിലും ശരിയായ നിലപാടെടുക്കാന്‍ തയ്യാറാകുന്നില്ല. വര്‍ഗീയതയുടെ വളര്‍ച്ച, മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമം, ഗോവധ നിരോധനം, കശ്മീര്‍ പ്രശ്നപരിഹാരത്തിനായി പാകിസ്ഥാനുമായി നടത്തേണ്ട ചര്‍ച്ചകള്‍ എന്നീ വിഷയങ്ങളിലൊന്നും അവര്‍ ശരിയായ നിലപാട് എടുക്കാന്‍ തയ്യാറല്ല. രാഹുല്‍ ഗാന്ധി ഗുജറാത്ത് തെരെഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് ചെയ്തത്. അതുപോലെ സോണിയാ ഗാന്ധി കശ്മീര്‍ പ്രശ്നപരിഹാരത്തിനനുകൂലമായി ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.


നമ്മുടെ രാജ്യത്തിന്റെ വിദേശനയം പരാജയമാണ്. അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്ന സമീപനം ശരിയല്ല. നേപ്പാളിലും ബംഗ്ലാദേശിലും പോലും ഇത് തിരിച്ചടിയാകുന്നതായാണ് മനസ്സിലാകുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഇതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ഇതിനെല്ലാം പുറമേയാണ് നോട്ട് നിരോധനവും ജിഎസ്ടിയും കര്‍ഷക അവകാശലംഘനവും അടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങള്‍.

താങ്കളുടെ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ വലിയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണല്ലോ?

അതെ, രാജ്യത്ത് കര്‍ഷകരുടെയും സാധാരണക്കാരുടെയും അവസ്ഥ നിരാശാജനകമാണ്. സിപിഐ എമ്മിന്റെ പാര്‍ടി കോണ്‍ഗ്രസ് ഇതിനെല്ലാം ബദലായി വിവേകപൂര്‍ണമായ നിലപാട് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിക്കെതിരെ മതേതരകക്ഷികളുടെ ഐക്യമുന്നണിയുണ്ടാക്കാന്‍ സിപിഐ എമ്മിനാകണം. എനിക്ക് സിപിഐ എമ്മില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമടക്കം നിരവധി സുഹൃത്തുക്കളുണ്ട്.

കേരളത്തിലെ സന്ദര്‍ശനം?

കേരളം സന്ദര്‍ശിക്കുന്നത് വളരെ നല്ല അനുഭവമാണ്. കാരണം, ഇവിടുത്തെ ജനത ബൗദ്ധികമായി ഉയര്‍ന്നവരും ലളിത ജീവിതം നയിക്കുന്നവരുമാണ്. അവര്‍ക്ക് ആശയങ്ങളെ സ്വീകരിക്കാനുള്ള മനസ്സുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഇവിടെ ഇന്നലെ നടന്ന ചര്‍ച്ച ഇത്ര സമാധാനപൂര്‍ണമായ അന്തരീഷത്തില്‍ നടത്താനാകുക കേരളത്തില്‍ മാത്രമാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിയും ആതിഥ്യവും ഞാന്‍ ശരിക്കും ആസ്വദിച്ചു.


 

പ്രധാന വാർത്തകൾ
Top