18 August Saturday

പൊന്നാങ്ങളയുടെ ഓർമകളിൽ കണ്ണീരൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

ഉപ്പള (കാസർകോട്) > കൂടപ്പിറപ്പിന്റെ വേർപാടിൽ കണ്ണീർ തോരാതെ കുഞ്ഞുപെങ്ങൾ. പൊന്നാങ്ങള കൊല്ലപ്പെട്ടത് താങ്ങാനുള്ള കരുത്ത് അവൾക്കില്ല.  ജീവന്റെ ഭാഗമായിരുന്നു ജ്യേഷ്ഠൻ സിദ്ദിഖ്.   ‘സിദ്ദീനെ കൊന്നവർക്ക് തൂക്കുകയർ  കൊടുക്കണം... കഴിയോ.. അതിന് കഴിയോ.. അല്ലാതെ ഞാൻ ഭക്ഷണം കഴിക്കില്ല... വീട്ടിലെത്തുന്നവർക്ക് അബൂബക്കർ സിദ്ദിഖിന്റെ അനുജത്തി  ആയിഷത് ഷാഹിനയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടുന്നു.   പതിനെട്ടുകാരിയായ ഷാഹിന നാലുദിവസമായി    ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല.  

ഇടക്ക് മനസ് മരവിച്ച് മുറിയിലെ കട്ടിലിൽ ഉമ്മക്കരികിൽ ഇരിക്കും.  സിദ്ദിഖിന്റെ കാര്യങ്ങൾ പറഞ്ഞ് മുറിയിൽ നടക്കും. സിദ്ദിഖിന്റെ സുഹൃത്തുക്കളെ കാണുമ്പോൾ പുറത്തേക്ക് ഓടും.

സിദ്ദിഖ് ഉമ്മയോടും ഷാഹിനയോടും അനുജൻ ഷിയാദിനോടും കൂട്ടുകാരെപോലെയാണ് പെരുമാറിയിരുന്നത്. തമാശയിലൂടെയാണ് കാര്യങ്ങൾ പറയുക. പ്ലസ‌്ടുവിന് പഠിക്കുമ്പോഴും ഉമ്മക്കൊപ്പം കിടന്നുറങ്ങുന്ന സിദ്ദിയെ ഷാഹിനയും സഹോദരങ്ങളും കളിയാക്കുമായിരുന്നു. ഖത്തറിൽനിന്ന് വന്നപ്പോൾ  ഉമ്മ സിദ്ദിക്കായി മുകളിലത്തെ മുറിയിൽ പുതിയ കിടക്ക വാങ്ങി ഒരുക്കിയിട്ടുണ്ടായിരുന്നു.  അവന്റെ വസ്ത്രം അലക്കാനും ഇസ്തിരിയിടാനുമായി ഷാഹിനയും ഉമ്മയും തമ്മിൽ വഴക്കായിരുന്നു.

പ്ലസ്ടുവിന് ചേരുന്നതിനുമുമ്പ് സിദ്ദിഖ് കുറ്റ്യാടിയിൽ പഠിക്കാൻ ചേർന്നിരുന്നു. സിദ്ദിയെ കാണാതെയിരിക്കാനാകില്ലെന്ന് പറഞ്ഞ് ഷാഹിനയും ഉമ്മയും വേവലാതിപ്പെട്ടപ്പോൾ പഠനം നിർത്തി നാട്ടിലെത്തി.  ബന്ധുക്കളുടെ പെൺമക്കളുടെ വിവാഹ കാര്യങ്ങളിൽ സഹായത്തിനായി മുന്നിലുണ്ടായിരുന്നു സിദ്ദിഖ്. സഹോദരന്റെ കടമയാണ് ഇതെന്നായിരുന്നു സിദ്ദിഖിന്റെ പക്ഷം.

പ്രധാന വാർത്തകൾ
Top