23 September Sunday

പ്രത്യാശ കൈവിടാതെ നജീബും മെറീനയും

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

തിരുവനന്തപുരം > മരുഭൂമിയിലെ ഒറ്റപ്പെടലും ദുരിതവും നജീബും മെറീനയും കണ്ണീരോടെ വരച്ചുകാട്ടിയപ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സാകൂതം കാതോര്‍ത്തു. കൂപ്പുകൈകളോടെയാണ് 'ആടുജീവിത'ത്തിലെ നജീബ് ലോക കേരളസഭയില്‍ സംസാരിക്കാനെത്തിയത്. ഇറാഖിലെ ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ നേഴ്‌സ് മെറീന ജോസഫ് അനുഭവം വിവരിച്ചപ്പോഴും ഏവരും വീര്‍പ്പടക്കി കേട്ടു.

സഭയിലെ സവിശേഷ സാന്നിധ്യമാണ് ഇനി സംസാരിക്കുന്നതെന്ന് പറഞ്ഞാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നജീബിനെ ക്ഷണിച്ചത്. നജീബിന്റെ മിനിറ്റുകള്‍ മാത്രം നീണ്ട, ഏറ്റവും ഹ്രസ്വമായ പ്രസംഗം. 'ലോക കേരളസഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ്'നജീബ് പറഞ്ഞുതീര്‍ന്നപ്പോള്‍ ഉയര്‍ന്ന നിലയ്ക്കാത്ത കൈയടി സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി.

നേഴ്‌സുമാര്‍ തൊഴിലിടത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച മെറിന്‍ ഇതിനു പരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ഥിച്ചു. വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോഴെങ്കിലും നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സമയം കണ്ടെത്തണമെന്നും മെറിന്‍ പറഞ്ഞു. 

 

പ്രധാന വാർത്തകൾ
Top