23 September Sunday

700 വര്‍ഷം മുമ്പ് മലയാളികള്‍ ചൈനയിലേക്ക് കുടിയേറിയ കഥ; ജോ തോമസിന്റെ ഡോക്യുമെന്ററി പറയുന്നത്

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

കൊച്ചി > ചരിത്ര രേഖകള്‍പോലും മറന്നു തുടങ്ങിയ കേരള - ചൈന ബന്ധം കണ്ടെത്തുകയാണ് ഐഐടി മദ്രാസിലെ അസിസ്റ്റന്റ് പ്രൊഫസറും മലയാളിയുമായ ജോ തോമസ് കാരക്കാട്ട്, 'ഗുലീസ്  ചില്‍ഡ്രന്‍' എന്ന 42 മിനുട്ടുള്ള ഡോക്യുമെന്ററിയിലൂടെ. ഇതിനോടകം നിരവധിയാളുടെയും ചരിത്രാന്വേഷികളുടേയും ശ്രദ്ധ ഈ ഡോക്യുമെന്ററി പിടിച്ചുപറ്റിക്കഴിഞ്ഞു.

ഒരു സിനിമയല്ലാതിരുന്നിട്ടുപോലും   ഡോക്യുമെന്ററിയുടെ ക്ലൈമാക്‌സിലെ ഒരു ചിത്രം പോലും  ജോ തോമസ് എവിടേയും പങ്കുവെക്കുന്നില്ല.കാരണം, അത്രയും രഹസ്യ സ്വാഭാവം നിറഞ്ഞൊരു അവസാനമാണതിന്റേത് എന്നുതന്നെയാണ്.

'ഗുലീസ് ചില്‍ഡ്രന്‍' എന്ന പേരില്‍ തന്നെ കേരളത്തിന്റെ ചൈന ബന്ധം ഒളിഞ്ഞു കിടക്കുന്നുണ്ട്. ചൈനീസ് സഞ്ചാരികള്‍ കോഴിക്കോടിനെ വിളിച്ചിരുന്നത് 'ഗുലി' എന്നായിരുന്നു. അതില്‍ നിന്നുകൊണ്ടുതന്നെയാണ് ജോ ഡോക്യുമെന്ററിയില്‍ 700 വര്‍ഷം മുമ്പ് കേരളത്തില്‍ നിന്നും ചൈനയിലെത്തിയവരുടെ വേരുകള്‍ തിരയുന്നത്.

10-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ വ്യാപാരത്തിനായി ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് ഒത്തിരിപ്പേര്‍ പോയിരുന്നു. കപ്പല്‍ മാര്‍ഗം പോയവരില്‍ കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ നിന്നും ചൈനയിലെത്തിയവര്‍ എന്തുകൊണ്ട് അവിടെത്തന്നെ നിലയുറപ്പിച്ചു? ജോ ഡോക്യുമെന്ററിയിലൂടെ ചോദിക്കുന്നു.

ജോ തോമസ് കാരക്കാട്ട്

ജോ തോമസ് കാരക്കാട്ട്



കേരള വേരുകള്‍ തേടി ചെല്ലുന്ന ജോ, ചൈനയില്‍ കുടിയേറിയ സന്തതിപരമ്പരയിലെ 'ഗുലി മാ' എന്നവരുടെ കുടുംബവുമായി സംസാരിക്കുന്നുണ്ട്. അവരില്‍ നിന്നാണ് കേരളവും ചൈനയുമായുള്ള മലായാളി ബന്ധത്തെ കുറിച്ചറിയുന്നത്. കേരളത്തില്‍ നിന്നും ഒരാള്‍ തങ്ങളുടെ കുടംബത്തെ കാണാന്‍ വന്നതിലുള്ള അശ്ചര്യം 'ഗുലി മാ' മറച്ചു വെക്കുന്നില്ല.

കേരള - ചൈന ബന്ധത്തിന്റെ തെളിവായിട്ടാണ് കോഴിക്കോടിലെ 'ചീനംപള്ളി'ക്ക് ആ പേരു വന്നതെന്നു കരുതപ്പെടുന്നു. കൂടാതെ 'ചീന ചട്ടി', 'ചീന പട്ട്', 'ചീന വല' എന്നിവയും കേരള - ചൈന  ബന്ധത്തിന്റെ ഭാഗമായതാണെന്നും ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡോക്യുമെന്ററിയുടെ തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് ജോ തന്നെയാണ്. കോട്ടയം ജില്ലയിലെ വാഴൂരിലുള്ള കാരക്കാട്ട് കുടുംബാംഗമാണ് ജോ തോമസ്. സെന്റ് സ്റ്റീഫന്‍സിലും ജെഎന്‍യുവിലുമായിരുന്നു പഠനം.ചൈനീസ് സ്റ്റഡീസില്‍ പിഎച്ച്ഡി.  യേല്‍ സര്‍വകലാശാലയില്‍ ഫോക്‌സ് ഫെലോ ആയിരുന്നു. ലണ്ടന്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (എസ്ഒഎഎസ്) വിസിറ്റിങ്ങ് ഫെലോയും. ഇപ്പോള്‍ ചെന്നൈ ഐഐടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top