ഇടതുപക്ഷ ശക്തി വര്‍ധിപ്പിക്കാന്‍ വ്യക്തമായ ഇടപെടല്‍ വേണം

Sunday Sep 24, 2017
വിജേഷ് ചൂടല്‍

കൊച്ചി > ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിച്ചു മാത്രമേ സാമ്രാജ്യത്വത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂവെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തിലെ നാലാമത്തെ സെഷനില്‍ സിപിഐ എം നിലപാട് വ്യക്തമാക്കുന്ന രേഖയിലാണ് ഇക്കാര്യമുള്ളത്. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയാണ് രേഖ അവതരിപ്പിച്ചത്.

ജനസ്വാധീനമില്ലാതെ പാര്‍ടിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ-കമ്യൂണിസ്റ്റ് പാര്‍ടികള്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലണം. വിവിധങ്ങളായ പ്രക്ഷോഭങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
ദക്ഷിണേഷ്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ അമേരിക്കയുമായി ചങ്ങാത്തം വര്‍ധിപ്പിച്ച് തന്ത്രപരമായ സഖ്യത്തിലേക്ക് എത്തിയിരിക്കുന്നു. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വം ഇടപെടുമെന്നത് യാഥാര്‍ഥ്യമാണ്. 1957ല്‍ ബാലറ്റിലൂടെ ആദ്യമായി അധികാരത്തിലെത്തിയ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ നേരിട്ട് ഇടപെട്ടതിന് ചരിത്രം സാക്ഷിയാണ്.
ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ പല മേഖലകളിലും ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക് വിലങ്ങുതടിയാകുന്നുണ്ട്. പാര്‍ലമെന്റില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തത് സമീപകാല ഉദാഹരണം.

സാമ്രാജ്യത്വത്തിന്റെ പുതിയ ഘട്ടത്തില്‍, തങ്ങളുടെ സഹകാരികളാകാന്‍ അവര്‍ വികസ്വരരാജ്യങ്ങളിലെ വന്‍കിട ബൂര്‍ഷ്വാസിയെ സമ്മര്‍ദംചെലുത്തുകയാണ്. 1990കള്‍ മുതലാണ് ഇന്ത്യന്‍ ഭരണവര്‍ഗം ആഗോള ധനമൂലധനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എങ്ങനെ ഭരിക്കണമെന്നും വിദേശനയം എന്താകണമെന്നും ഐഎംഎഫും ലോകബാങ്കും നിഷ്കര്‍ഷിക്കുന്നു. ഇടതുപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ചും രാജ്യത്തിന്റെ പരമാധികാരം അടിയറവച്ചുമാണ് അമേരിക്കയുമായി ആണവകരാര്‍ ഒപ്പിട്ടത്. ആ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല കരാര്‍. ഇന്ത്യ അമേരിക്കയുടെ പ്രതിരോധപങ്കാളിയാകുന്നതുവരെ എത്തി കാര്യങ്ങള്‍.

സാമ്രാജ്യത്വം ശക്തിപ്രാപിക്കുന്നു എന്നതിനര്‍ഥം അത് പ്രതിസന്ധികളെ അതിജീവിച്ചു എന്നല്ല. ആ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഓരോ ഘട്ടത്തിലും പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. മുതലാളിത്തം സ്വയം തകരില്ലെന്ന് മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനെ കടപുഴക്കി എറിയുകതന്നെ വേണം.
ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപം രാജ്യത്ത് പിടിമുറുക്കുകയാണെന്ന് സിപിഐയുടെ നിലപാട് അവതരിപ്പിച്ച് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. ഇതിനെതിരെ വിശാലമായ ഇടതുപക്ഷ-മതനിരപേക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സിപിഐ എമ്മും സിപിഐയും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ജനക്ഷേമ ഭരണകൂടം എന്ന സങ്കല്‍പ്പം കാലക്രമത്തില്‍ നവ ഉദാരപാതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ്. എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി ഇതിനെതിരെ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് രാജ പറഞ്ഞു.

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം