ഒന്നാം കക്ഷിയാകാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ യുഎംഎല്‍

Sunday Sep 24, 2017

കൊച്ചി > തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലത്തില്‍ ആവേശഭരിതനായാണ് നേപ്പാളിലെ മുന്‍ ധനമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് നേതാവുമായ സുരേന്ദ്ര പാണ്ഡെ ദക്ഷിണേഷ്യന്‍കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തിനെത്തിയത്. 276 അധ്യക്ഷപദവിയും 312 ഉപാധ്യക്ഷപദവിയും സിപിഎന്‍ യുഎംഎലിനാണ്. നേപ്പാളി കോണ്‍ഗ്രസിന് 226, 188 എന്നിങ്ങനെയാണ്. 207 സീറ്റോടെ പാര്‍ലമെന്റില്‍ ഒന്നാംകക്ഷിയാണ് നേപ്പാളി കോണ്‍ഗ്രസ്. 181 സീറ്റുള്ള സിപിഎന്‍ യുഎംഎല്‍ രണ്ടാംകക്ഷിയും. ഒക്ടോബറില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ടി ഒന്നാംകക്ഷിയാകുമെന്ന പ്രതീക്ഷ അദ്ദേഹം ദേശാഭിമാനിയോട് പങ്കുവച്ചു.

നേപ്പാളില്‍നിന്ന് സമ്മേളനത്തിനെത്തിയ മറ്റൊരു മുന്‍മന്ത്രി രാം കാര്‍ക്കിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവ്. അടുത്തനാള്‍വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് മന്ത്രി. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുമ്പോഴും  മാവോയിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ടികളാണ് രണ്ടും.
ജനാധിപത്യത്തിനുവേണ്ടി ഏറെക്കാലം പോരാടിയ അനുഭവമാണ് നേപ്പാളിലെ കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. പിന്നെ ഭരണഘടനയുള്ള റിപ്പബ്ളിക് സ്ഥാപിക്കാനായി പോരാട്ടം. ഇനി ലക്ഷ്യം ജനങ്ങളുടെ അഭിവൃദ്ധിയും നാടിന്റെ വികസനവുമാണെന്ന് സുരേന്ദ്ര പാണ്ഡെ പറഞ്ഞു. രാജ്യത്തെ മാവോയിസ്റ്റ് സംഘടനകളും പാര്‍ലമെന്ററി പ്രവര്‍ത്തനരംഗത്തുണ്ട്. പല വിയോജിപ്പുകളും ചരിത്രത്തിലൊതുങ്ങുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നൂറിലേറെ വംശീയതയും ഭാഷയുമുള്ള നേപ്പാളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം വേണമെന്നാണ് സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവ് രാം കാര്‍ക്കിയുടെ നിലപാട്. പാര്‍ലമെന്റില്‍ 88 സീറ്റുള്ള മൂന്നാംകക്ഷിയാണിത്. തദ്ദേശ തെരഞ്ഞെടുപ്പിലും 85 അധ്യക്ഷപദവിയും 87 ഉപാധ്യക്ഷ പദവിയുമുള്ള മൂന്നാംകക്ഷി. ഫ്യൂഡല്‍ കുത്തകയെ സായുധമായാണ് തകര്‍ക്കേണ്ടതെങ്കിലും ലോകസാഹചര്യം അതിന് അനുവദിക്കില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം