പെട്രാള്‍വില കൂട്ടി മോഡി പരസ്യത്തിന് ധൂര്‍ത്തടിക്കുന്നു: യെച്ചൂരി

Sunday Sep 24, 2017

കൊച്ചി > പെട്രോളിയം വിലവര്‍ധനയിലൂടെ ജനങ്ങളില്‍നിന്ന് കൊള്ളയടിക്കുന്ന പണം മോഡിസര്‍ക്കാര്‍ പരസ്യപ്രചാരണത്തിന് ധൂര്‍ത്തടിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 85 ശതമാനം വരെ കുറഞ്ഞു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി 125 ശതമാനം വര്‍ധിപ്പിച്ചു. ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണം ജനങ്ങളുടെ ക്ഷേമത്തിനാണ് വിനിയോഗിക്കുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് യെച്ചൂരി പറഞ്ഞു. ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തിന് സമാപനംകുറിച്ച് കൊച്ചി മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.

കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ടിവില ഉറപ്പാക്കുമെന്നും വാഗ്ദാനംചെയ്ത മോഡി രാജ്യത്തെ വഞ്ചിച്ചു. 11.5 ലക്ഷം കോടി രൂപ ബാങ്കുകളില്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടമുണ്ട്. കഴിഞ്ഞവര്‍ഷം രണ്ടുലക്ഷം കോടി രൂപയുടെ ഇളവാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. 80,000 കോടി രൂപ മതിയാകും രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടം എഴുതിത്തള്ളാന്‍. ആയിരക്കണക്കിന് കര്‍ഷകരാണ് ഓരോവര്‍ഷവും ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത്.

ജനസംഖ്യയുടെ 60 ശതമാനം വരുന്ന യുവജനങ്ങളെയും മോഡി വഞ്ചിച്ചു. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനംചെയ്ത മോഡിയുടെ ഭരണം തൊഴിലില്ലായ്മ രൂക്ഷമാക്കി. വ്യവസായ മേഖലയില്‍ 96 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടു. നോട്ടുനിരോധിച്ചതുവഴി ഒരുരൂപയുടെ കള്ളപ്പണം പോലും കണ്ടെത്തിയില്ല. പകരം കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമൊരുങ്ങുകയാണ് ചെയ്തത്.  2022ല്‍ പുതിയ ഇന്ത്യയെന്നാണ് മോഡി വാചാലനാകുന്നത്. എന്നാല്‍ തുടര്‍ച്ചയായ ആറാം പാദത്തിലും രാജ്യത്തിന്റെ ജിഡിപി ഇടിയുന്നതാണ് യാഥാര്‍ഥ്യം.

പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിന് സമാനമായ ഒറ്റരാഷ്ട്രമാണ് ആത്യന്തികമായി സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. സാമ്രാജ്യത്വവിരുദ്ധ ശക്തിയായി നിലനില്‍ക്കേണ്ട ഇന്ത്യ ഇന്ന് അമേരിക്കയുടെ ജൂനിയര്‍ പ്രതിരോധ പങ്കാളിയായി.

ചെങ്കൊടിയുടെ മുന്നോട്ടുള്ള മാര്‍ച്ചിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് യെച്ചൂരി പറഞ്ഞു. ചരിത്രത്തില്‍ ഇതിലും വലിയ തിരിച്ചടികള്‍ ഇടതുപക്ഷവും കമ്യൂണിസവും നേരിട്ടിട്ടുണ്ട്. എന്നാല്‍, ഒടുവില്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് മുന്നേറ്റത്തെ പിടിച്ചുകെട്ടിയത് ബ്രിട്ടന്റെയോ ഫ്രാന്‍സിന്റെയോ പതാകയല്ല, ചെമ്പതാകയാണ്. സോഷ്യലിസം ഇന്ന് ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്നാല്‍, മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തില്‍നിന്ന് പിറവിയെടുത്ത സോഷ്യലിസത്തിന് അവിടേക്കുതന്നെ തിരിച്ചുപോകാന്‍ സാധ്യമല്ല. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും സോഷ്യലിസം മുന്നേറുകയും വിജയംവരിക്കുകയുംചെയ്യും. ഒക്ടോബര്‍ വിപ്ളവം അതിന് നിത്യപ്രചോദനമാണ്- യെച്ചൂരി പറഞ്ഞു.

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം