റോഹിന്‍ഗ്യന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മതതീവ്രവാദികള്‍ക്ക് ചൂഷണത്തിന് അവസരമുണ്ടാകും; ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം

Sunday Sep 24, 2017

കൊച്ചി > കൊച്ചിയില്‍  നടക്കുന്ന ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന് ഇന്ന് വൈകീട്ടോടെ സമാപനമാകും. രണ്ട് ദിവസമായി ചേരുന്ന കമ്മ്യൂണിസ്‌റ്റ് ഇടതു പാര്‍ട്ടികളുടേ പ്രതിനിധികളുടെ യോഗമാണ് വമ്പിച്ച ചുവപ്പുസേനാ മാര്‍ച്ചോടെ ഇന്ന് സമാപിക്കുന്നത്. നേപ്പാളിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ടുള്ള രണ്ട് സെഷനുകളാണ് ഇന്ന് സമ്മേളനത്തില്‍ നടന്നത്. ഇന്നലെ നടന്ന യോഗത്തില്‍ ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന് സത്വരമായ പരിഹാരം കാണണമെന്ന പ്രമേയമാണ് ഇന്ന് പ്രധാനമായും സമ്മേളനത്തില്‍ അംഗീകരിച്ചത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മത തീവ്രവാദികള്‍ക്കുള്ള ചൂഷണത്തിന് ഇത് അവസരമൊരുക്കും. അതുണ്ടാകാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ ഇടപെട്ട് നടത്തണം, ഇതിനൊപ്പം ലോകമാകെ നിലകൊള്ളണം എന്ന മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശവും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട പ്രമേയം ആവശ്യപ്പെടുകയുണ്ടായി.

അതേസമയം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ പാകിസ്‌താന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി തങ്ങളുടെ രാജ്യത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രമേയ രൂപത്തില്‍ സമ്മേളനത്തിലേക്ക് അയച്ചുകൊടുത്തിരുന്നു. പ്രമേയം സമ്മേളനത്തില്‍ വായിച്ചു. വൈകീട്ട് ചേരുന്ന സമാപന സമ്മേളനം മറൈന്‍ ഡ്രൈവില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ചടങ്ങില്‍ അദ്ധ്യക്ത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിക്കും
 

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം