തൃശൂര്‍ക്കാര്‍ പറയുന്നു: പൊരിച്ചൂട്ടാ...വീണ്ടും കാണണം ഗഡീ...

Wednesday Jan 10, 2018
സി എ പ്രേമചന്ദ്രന്‍

തൃശൂര്‍ > തിരശ്ശീലയ്ക്കുപിന്നില്‍ നിന്ന് പാതിരാവുവരെ കര്‍ട്ടന്‍ വലിക്കുമ്പോഴും കുടുംബശ്രീപ്രവര്‍ത്തകര്‍ തളര്‍ന്നില്ല. പുലര്‍ച്ചെവരെ ഓട്ടോ ഓടുമ്പോഴും പത്തുപൈസപോലും ആരും കൂടുതല്‍ വാങ്ങിയില്ല. നിലത്തുവീഴുന്ന ഓരോ കടലാസുകഷണങ്ങളും കുട്ടയിലാക്കുന്ന ശുചിത്വസേനയുടെ കുട്ടികള്‍. ഗതാഗതം നിയന്ത്രിക്കാന്‍ കുട്ടിപ്പൊലീസും എന്‍സിസി കുട്ടികളും. വയറെരിഞ്ഞെത്തുന്നവര്‍ക്ക് അന്നമൊരുക്കാന്‍ തീയൊഴിയാതെ കലവറ. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരേമാലയിലെ മുത്തുമണിപോലെ സ്വന്തം വര്‍ണങ്ങള്‍ നിരത്തി കോര്‍ത്തിണങ്ങി. അതെ, കലയുടെ അഞ്ചു രാപ്പകലുകളില്‍ മലയാളികളുടെ മനസ്സൊന്നായി. ഒപ്പം ഹരിതമയം. എല്ലാം നന്നായതോടെ തൃശൂര്‍ക്കാര്‍ പറഞ്ഞു: പൊരിച്ചൂട്ടാ...വീണ്ടും കാണണം ഗഡീ...

സംഘാടനം  

ജില്ലയിലെ മൂന്നു മന്ത്രിമാര്‍ക്കും ഈ അഞ്ചുനാള്‍ വിശ്രമമുണ്ടായില്ല. സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, വ്യവസായമന്ത്രി എ സി മൊയ്തീന്‍ എന്നിവര്‍ ഓരോ വിഷയവും സൂക്ഷ്മമായി നിരീക്ഷിച്ചു.  സമയാസമയ ഇടപെടല്‍. ഒപ്പം മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. മത്സരദിനം അഞ്ചുനാളായി കുറച്ചിട്ടും ചിട്ടയോടെ വിജയകരമായി പൂര്‍ത്തീകരണം. ഇതിനുപിന്നില്‍ ആയിരക്കണക്കിനാളുകളുടെ വിയര്‍പ്പ്.

ഓരോ സബ്കമ്മിറ്റിയും തങ്ങളെ ഏല്‍പ്പിച്ച ദൌത്യം ഏറ്റവും വിജയകരമാക്കാനായിരുന്നു യഥാര്‍ഥ മത്സരം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതേമാതൃക പിന്തുടര്‍ന്നു. ഒപ്പം വിദ്യാഭ്യാസവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും പ്രദര്‍ശനങ്ങളും വിജ്ഞാനപ്രദമായി. സാംസ്കാരിക സെമിനാറുകളും കലാവിരുന്നും മറ്റൊരു ദൃശ്യവിരുന്നായി.

ഇവര്‍ കാവലാളായി

ജില്ലയിലെ പൊലീസ് ഒരേകുടക്കീഴില്‍. ഏതാണ്ട് 1400 പൊലീസ് ഉദ്യോഗസ്ഥര്‍ രാപ്പകല്‍ കാവല്‍. ഇതോടെ ക്രമസമാധാനത്തിന് ക്ളീന്‍ചിറ്റ്. ഐജിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ റൂറല്‍- സിറ്റി  പൊലീസ് മേധാവികളാണ് കലോത്സവത്തിന് പൊലീസ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ആറ് സോണായി തിരിച്ചായിരുന്നു  പ്രവര്‍ത്തനം. എസിപിമാര്‍ക്കും ഡിവൈഎസ്പി മാര്‍ക്കുമാണ് സോണിന്റെ ചുമതല.

നിര്‍ഭയ പൊലീസ്

കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്വയംപ്രതിരോധത്തിന്റെ പാഠങ്ങളാണ് നിര്‍ഭയ പൊലീസ് സംഘം പകര്‍ന്നുനല്‍കിയത്. പരിസരം ശ്രദ്ധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനും പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയുന്നതിനുള്ള സാഹചര്യമാണ് കലോത്സവത്തിലെ നീര്‍മാതളവേദിയില്‍ ഒരുക്കിയിരിക്കുന്ന നിര്‍ഭയ പൊലീസ് കേന്ദ്രത്തില്‍. ഇതിനായി രക്ഷാ ആപ്പും പൊലീസ് പുറത്തിറക്കി. അങ്കലാപ്പോടെ ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും ആത്മവിശ്വാസത്തിന്റെയും സ്വയംപ്രതിരോധത്തിന്റെയും പാഠങ്ങളുമായാണ് മടങ്ങുന്നത്. അയ്യായിരത്തോളംപേര്‍ക്കാണ് പരിശീലനം നല്‍കിയത്.

കുട്ടിപ്പൊലീസ്

വേദികളിലെ സജീവസാന്നിധ്യമാണ് എസ്പിസി, എന്‍സിസി, സ്കൌട്ട് ആന്‍ഡ് ഗൈഡ്സ് കേഡറ്റുകള്‍. ഗതാഗതനിയന്ത്രണം മുതല്‍ സ്റ്റേജ് ക്രമീകരണംവരെ ഇവരുടെ ചുമതല. എന്‍സി സിക്കാണ് ഗതാഗതം. എസ്പിസി കേഡറ്റുകളുടെ ലഹരിക്കെതിരായ സ്റ്റാള്‍ ഒന്നാംവേദിയില്‍. കലോത്സവത്തിന് എത്തുന്നവര്‍ക്ക് ഏത് സഹായത്തിനും ഇവരായിരുന്നു.

തിരശ്ശീലയ്ക്ക് പിന്നിലും മുന്നിലും കുടുംബശ്രീ

തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന്  കര്‍ട്ടന്‍ വലിച്ചത് കുടുംബശ്രീ പ്രവര്‍ത്തകര്‍. 24 വേദിയിലും ഇവരുടെ സേവനമുണ്ടായി. നാല് വേദിയില്‍ കുടുംബശ്രീ ഫുഡ് ഫെസ്റ്റ് നടത്തി. ഇതില്‍നിന്ന് എട്ടര ലക്ഷത്തോളം രൂപയാണ് വരുമാനം ഉണ്ടാക്കിയത്. ട്രാന്‍സ്ജെന്‍ഡേഴ്സും പങ്കാളികളായി. സ്റ്റേജിലും കര്‍ട്ടന്‍ വലിക്കുന്നതിലുമായി നാല്‍പ്പതോളം പ്രവര്‍ത്തകര്‍ സഹായം നല്‍കി. നിര്‍ഭയ പ്രവര്‍ത്തനത്തിലും പൊലീസുമായി കുടുംബശ്രീ സഹകരിച്ചു. ഇതോടൊപ്പം നഗരം ശുചിയാക്കുന്നതും കുടുംബശ്രീ.

ശുചിത്വസേന

കലോത്സവവേദിയില്‍ ശുചിത്വം ഉറപ്പാക്കിയത് കേരള ശുചിത്വമിഷനുമായി  സഹകരിച്ച് അസാപ്പ്. ദിവസവും നൂറോളംപേരാണ് ഇതിനുപിന്നില്‍ പണിയെടുത്തത്. ജനങ്ങള്‍ക്ക് അസാപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ കലോത്സവം കാരണമായതായി ശുചിത്വസേന പറഞ്ഞു. ഹരിതനയം നടപ്പാക്കാനും ഇവരാണ് മുന്‍കൈ എടുത്തത്.

തീയൊഴിയാതെ കലവറ

വന്നെത്തിയത് ദിവസവും 25,000ലേറെപ്പേര്‍. എന്നാല്‍, ഭക്ഷണത്തിന് ഒരു തടസ്സവുമുണ്ടായില്ല. പഴേടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തൊണ്ണൂറോളം പാചകക്കാര്‍ കൈയുംമെയ്യും മറന്ന് ഭക്ഷണം ഒരുക്കിക്കൊണ്ടേയിരുന്നു. പപ്പടവും പായസവും സഹിതം സമൃദ്ധസദ്യ. ഭക്ഷണം വിളമ്പാന്‍ ആയിരക്കണക്കിന് അധ്യാപകരും അധ്യാപക ട്രെയിനിങ് വിദ്യാര്‍ഥികളും മാറിമാറി സേവനം. ഉച്ചസമയത്ത് അല്‍പ്പം തിരക്കൊഴിച്ചാല്‍ എല്ലാം പൊടിപൊടിച്ചു. 

ആരോഗ്യം കാത്തവര്‍

പ്രാഥമികചികിത്സയ്ക്കുള്‍പ്പെടെ എല്ലാവിധ സൌകര്യങ്ങളോടെയുമാണ് ആരോഗ്യവിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചത്. അലോപ്പതി വിഭാഗം ജില്ലാ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തില്‍ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സംഘം എല്ലാ ദിവസവും കലോത്സവനഗരിയില്‍ കേന്ദ്രീകരിച്ചു. പ്രാഥമികചികിത്സയ്ക്കൊപ്പം കൌണ്‍സലിങ്ങിനും സൌകര്യമൊരുക്കിയിരുന്നു. ഭാരതീയ ചികിത്സാവകുപ്പിന്റെ ആരോഗ്യസംഘം, ഹോമിയോപ്പതി ചികിത്സാകേന്ദ്രം, കോര്‍പറേഷന്‍ ആരോഗ്യവിഭാഗ സംഘം എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനവും നിരവധി മത്സരാര്‍ഥികള്‍ക്ക് സഹായകമായി. 

ആ തീ അണച്ചില്ലായിരുന്നുവെങ്കില്‍

ആറ് യൂണിറ്റടക്കം നൂറോളം അഗ്നിശമനസേനാംഗങ്ങള്‍ വേദികളില്‍ കാവലാളായുണ്ട്. ചൊവ്വാഴ്ച രാത്രി പ്രധാനവേദിക്കുപിന്നിലായി ജനറേറ്ററിന് തീപിടിച്ചപ്പോള്‍ നിമിഷങ്ങള്‍ക്കകം ഇവര്‍ അണച്ചതുമൂലം വന്‍ദുരന്തമാണ് ഒഴിവായത്. പൊടി പടരാതിരിക്കാന്‍ റോഡിലും കലോത്സവ പരിസരത്തും വെള്ളമൊഴിച്ചും ഇവര്‍ രംഗത്തുണ്ടായിരുന്നു.

മൈക്കുകാരന് പോകാന്‍ പറ്റില്ലല്ലോ

എല്ലാവരും വേദിവിട്ടാലും മൈക്കുകാരന് പോകാന്‍ പറ്റില്ല.  ശബ്ദവും വെളിച്ചവും ഏറ്റെടുത്താല്‍ അങ്ങനെയാണ്. അഞ്ചുനാള്‍ ഇവര്‍ക്ക് ഉറങ്ങാനായിട്ടില്ല. എല്ലാ വേദിയിലും ശബ്ദവും വെളിച്ചവും ഒരുക്കി. പരാതികളുണ്ടായപ്പോള്‍ പെട്ടെന്ന് പരിഹരിച്ചു. വിവിധ വേദികളില്‍ കസേരയില്ലെന്ന പരാതിയില്‍ രാത്രിയിലും കസേരയെത്തിച്ചു.
ആംബുലന്‍സ് ഉള്‍പ്പെടെ വണ്ടികള്‍ തയ്യാര്‍

വേദികളില്‍നിന്ന് വേദികളിലേക്ക് ഏതുസമയവും വണ്ടികള്‍ ഓടിക്കൊണ്ടേയിരുന്നു. ഭക്ഷണം കഴിക്കാനും തിരിച്ചും വണ്ടിസൌകര്യം. മത്സരശേഷം നിരവധി കുട്ടികള്‍ തളര്‍ന്നു. ഇവരെ നിമിഷങ്ങള്‍ക്കകം ആശുപത്രിയില്‍ എത്തിക്കാന്‍ പാതിരാത്രിവരെ വിവിധ ആംബുലന്‍സുകള്‍ സൌജന്യ സര്‍വീസ് നടത്തി. കലോത്സവത്തിന് നഗരത്തിലെ ഓട്ടോഡ്രൈവര്‍മാര്‍ ഏറെ മാതൃക പുലര്‍ത്തി. പാതിരാവിലും അവര്‍ കൂടുതല്‍ പൈസ വാങ്ങിയില്ല.

ഹെല്‍പ്പ് ഡെസ്കുമായി എസ്എഫ്ഐയും ബാലസംഘവും

മത്സരാര്‍ഥികള്‍ക്ക് സേവനവുമായി എസ്എഫ്ഐയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്ക്.

ദേശാഭിമാനി സ്കോര്‍ബോര്‍ഡ്

പ്രധാന വേദിക്കുസമീപം ദേശാഭിമാനി ഒരുക്കിയ സ്കോര്‍ബോര്‍ഡും മത്സരാര്‍ഥികള്‍ക്ക്  സഹായകമായി. പ്രത്യേക സ്റ്റാളും തുറന്നു. സാംസ്കാരിക സമ്മേളനവേദിക്കുമുന്നില്‍ മനോഹരമായ കവാടവും ദേശാഭിമാനി ഒരുക്കി. അഞ്ചുദിവസവും പ്രത്യേക സപ്ളിമെന്റുള്‍പ്പെടെ പ്രചാരണത്തിലും മുന്നില്‍.

വഴികാട്ടിയായി ദൃശ്യ

ഹയര്‍ സെക്കന്‍ഡറി  വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച ദൃശ്യ എക്സ്പോ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായി. ഹയര്‍ സെക്കന്‍ഡറിക്കുശേഷമുള്ള ഉന്നത പഠനമേഖലകളെക്കുറിച്ചുള്ള അറിവുകളാണ് പങ്കുവച്ചത്. ഇതോടനുബന്ധിച്ച് നടത്തിയ സെമിനാറുകളും വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിജ്ഞാനപ്രദമായി.

'പൂര'ക്കച്ചവടം

തൃശൂര്‍ പൂരത്തിനുസമാനമായി തേക്കിന്‍കാടും പരിസരവും ജനം നിറഞ്ഞതോടെ കച്ചവടക്കാര്‍ക്കും പൂരമായി. രാത്രി എട്ടരയ്ക്ക് നഗരം വിടാറുള്ള കപ്പലണ്ടി കച്ചവടക്കാര്‍ പുലരുംവരെ നഗരിയിലുണ്ടായി.

സാംസ്കാരിക വേദിനിറഞ്ഞുകവിഞ്ഞ്

സാംസ്കാരിക പരിപാടികളാലും കലോത്സവനഗരി സമ്പന്നമായി. സെമിനാറുകള്‍ക്കുപുറമെ നാടന്‍പാട്ടുകളുള്‍പ്പെടെയുള്ള കലാവിരുന്ന് ആയിരങ്ങള്‍ ആസ്വദിച്ചു.

പുതുമയായി ഇലഞ്ഞി

കലോല്‍സവ വേദിയില്‍ പുതുമയോടെ ശ്രദ്ധിക്കപ്പെട്ടതായി പ്രോഗ്രാം കമ്മിറ്റിയുടെ വാര്‍ത്താപത്രികയായ ഇലഞ്ഞി. കലോല്‍സവം സംബന്ധിച്ച സമഗ്ര അവലോകനവും ഔദ്യോഗിക അറിയിപ്പുകളമായി ഇലഞ്ഞി നിറഞ്ഞുനിന്നു.

ടീം ദേശാഭിമാനി

എഴുത്ത്
ഇ എസ് സുഭാഷ്
ജയകൃഷ്ണന്‍ നരിക്കുട്ടി
വി എം രാധാകൃഷ്ണന്‍
കെ പ്രഭാത്
സി എ പ്രേമചന്ദ്രന്‍
വി ഡി ശ്യാംകുമാര്‍
വിഷ്ണുപ്രസാദ്
ജിഷ
എം ജഷീന
പി ആര്‍ അജില
സി അര്‍ച്ചന
എ എസ് ജിബിന
അനുശ്രീ
അഖില്‍ കെ രാജു
അഭിവാദ് എം എസ്

ചിത്രം
കെ രവികുമാര്‍
രുദ്രാക്ഷന്‍
ജി പ്രമോദ്
മനു വിശ്വനാഥ്
പി വി സുജിത്
കെ എസ് പ്രവീണ്‍കുമാര്‍
പി ദിലീപ്കുമാര്‍
അരുണ്‍രാജ്

ഏകോപനം
എന്‍ ശശി
കെ എന്‍ സനില്‍
സി അജിത്
കെ വി രഞ്ജിത്
മിഥുന്‍ കൃഷ്ണ

രൂപകല്‍പ്പന
ഡി ആര്‍ രാജേഷ്
ജോണ്‍സണ്‍ വര്‍ഗീസ്
ജി ശ്രീകാന്ത്

പ്രൂഫ്
പി പി കരുണാകരന്‍
കെ ആര്‍ രാജേഷ്

ഓണ്‍ലൈന്‍
അമല്‍കൃഷ്ണ

സാങ്കേതികം
എ സുനീര്‍
വി ആര്‍ ആകാശ്


 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ