ഞങ്ങളിവിട തന്നെ കാണും ഗഡീീീീ...

Wednesday Jan 10, 2018

തൃശൂര്‍ > എന്തോക്ക്യാരുന്നു തൃശൂര്‍പൂരം... വെടിക്കെട്ട്... കലോത്സവം... അമിട്ട് പൊട്ടണ സ്പീഡിലാ തീര്‍ന്നീല്ലേ... മത്സരാര്‍ഥി... രക്ഷിതാവ്... കാണി... വേദി... മാധ്യമപ്രവര്‍ത്തകര്‍... പൊലീസ്... സംഘാടകര്‍... പൂവാലന്മാര്‍... സ്കോര്‍ബോര്‍ഡ്... അപ്പീല്... എ, ബി. സി... കപ്പ്... എവ്ടെ നോക്ക്യാലും എന്തോരം ട്രോളായിരുന്നു.’എല്ലാം തീര്‍ന്നില്ലേ. ട്രോളന്മാര്‍ അല്‍പ്പം സങ്കടത്തിലാണ്. ആ സങ്കടം തീര്‍ക്കാനായി ട്രോളാശാന്മാരെ മനസ്സാ സ്മരിച്ച് അവര് കൊറച്ച് ട്രോളാ പെടച്ചു.

കലോത്സവം തീരുമെന്നോര്‍ക്കുമ്പോഴുള്ള ട്രോളന്മാരുടെയും ട്രോളത്തികളുടെയും വിവിധ എക്സ്പ്രഷനുകളാണ് കലോത്സവത്തിന്റെ അവസാനദിനം സാമൂഹ്യമാധ്യമങ്ങളില്‍ ക്ളച്ച് പിടിക്കുന്നത്. ട്രോളന്മാര്‍ക്കിത് സെല്‍ഫ് ട്രോളാണെങ്കിലും കലോത്സവം ബാനറില്‍ കൂടുതല്‍ റീച്ച് കിട്ടുമല്ലോയെന്ന ചെറിയ സന്തോഷവും മനസ്സിലുണ്ട്്. ആത്മസങ്കടത്തിന് പ്രാധാന്യം നല്‍കിയെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കപ്പടിക്കുന്നതും കപ്പടിക്കാത്തതുമായ ജില്ലകളെയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല.

കലോത്സവനഗരി വിടുന്ന അന്യജില്ലക്കാരന്റെ അവസ്ഥയും സാമൂഹ്യമാധ്യമങ്ങളില്‍ തകര്‍ക്കുകയാണ്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുംകൂടി വ്യായാമം ചെയ്യുന്ന വൈറലായ ചിത്രത്തോട് പോവൂല്ല ഞാന്‍, ഇവിടം വിട്ടുപോവൂല്ലാ...’എന്ന ഡയലോഗ് ചേര്‍ത്താണ് ഈ ട്രോള്‍. കലോത്സവത്തിന്റെ അവസാനദിനത്തില്‍ ശരാശരി തൃശൂര്‍ക്കാരന്റെ പ്രതികരണം ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ വട്ടോളിയുടെ വി ഫോര്‍ വിക്ടറി ഇന്‍ ഫ്യൂച്ചര്‍’എന്ന ഡയലോഗിലാണ് ട്രോളടി.

സമാപനദിനം അരങ്ങിലെത്തിയ ഇനങ്ങളും നൈസായി ട്രോളാക്കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ കൈയടി നേടിയത് നാടോടിനൃത്തവേദിയില്‍ ക്ളീഷെയായ അലറിക്കരയുന്ന കുറത്തിയാണ്. മിമിക്രി, മോണോ ആക്ട് മത്സരാര്‍ഥികളെ ട്രോളാക്കിയപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ലഭിച്ച ലൈക്കടിക്ക് കുറവില്ല. ലൈക്കടിയും കമന്റടിയും ഷെയറടിയും നേടി കലോത്സവം സമാപിക്കുമ്പോള്‍ ട്രോളന്മാര്‍ക്ക് ഒന്നേ പറയാനുള്ളൂ- കലോത്സവം ഇനീം വരുമല്ലോ... ഞങ്ങള് ഇവിടെത്തന്നെ കാണും ഗഡീീീീീീീ...

 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ