ഭാവി കലോത്സവങ്ങള്‍ക്ക് തൃശൂര്‍ മാതൃക :മന്ത്രി രവീന്ദ്രനാഥ്

Wednesday Jan 10, 2018

തൃശൂര്‍ > തൃശൂരിലെ 58-ാമത് സംസ്ഥാന കലോത്സവം ഭാവി കലോത്സവങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ആര്‍ഭാടം കുറച്ച് ഉള്ളടക്കത്തില്‍ സര്‍ഗാത്മകതയ്ക്ക് പ്രാധാന്യം നല്‍കിയതും മത്സരങ്ങളുടെ പിരിമുറുക്കസ്വഭാവം ഇല്ലാതാക്കി ഉത്സവാന്തരീക്ഷം സൃഷ്ടിച്ചതും പ്രധാന നേട്ടമാണ്. പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച ആദ്യമേളയാണിത്. സാംസ്കാരികോത്സവങ്ങള്‍ മത്സരാധിഷ്ഠിതമോ കമ്പോളാധിഷ്ഠിതമോ ആകരുതെന്നതാണ് തൃശൂര്‍മേളയുടെ സന്ദേശം. ഇത് പുതിയ തലമുറ ഒരുപരിധിവരെ നെഞ്ചേറ്റിയെന്നും കലോത്സവത്തെ വിലയിരുത്തി'ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

പരിഷ്കരിച്ച മാന്വലുമായി ഏറെ പുതുമയോടെയാണ് ഈ കലോത്സവം നടത്തിയത്.  മത്സരങ്ങളെ ഉത്സവമാക്കി മാറ്റണമെന്നായിരുന്നു സര്‍ക്കാര്‍ മുഖ്യമായും ആഗ്രഹിച്ചത്. അത് 70 ശതമാനം ലക്ഷ്യംകണ്ടു. അപ്പീലുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞെങ്കിലും അയ്യായിരത്തോളംപേര്‍ അപ്പീല്‍ മത്സരാര്‍ഥികളായി. അതിനാല്‍ സമയം ഏറെ നീണ്ടു. അതില്ലായിരുന്നെങ്കില്‍ 90 ശതമാനം ലക്ഷ്യം കണ്ടേനെ.

കുട്ടികളുടെ അപ്പീല്‍ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. എന്നാല്‍, അനാവശ്യമായ അപ്പീലും ഏറെയുണ്ട്.  മൊത്തം അപ്പീലുകാരില്‍ 70 ശതമാനത്തിലധികം പേര്‍ക്കും സ്കോര്‍ ഉയര്‍ത്താനായില്ലെന്നതും  ശ്രദ്ധിക്കപ്പെട്ടു. അപ്പീലുകളുടെ അടിസ്ഥാനം സബ്ജില്ല, ജില്ലാ മത്സരങ്ങളിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ടാണ്. അടുത്ത വര്‍ഷംതൊട്ട് സ്കൂള്‍തലംമുതല്‍ കലോത്സവത്തില്‍ സര്‍ക്കാര്‍ ഇടപെടും. സ്കൂള്‍മുതല്‍ സംസ്ഥാനതലംവരെ പരാതിരഹിത മേളയാക്കും. ഇത് നടപ്പാകുന്നതോടെ അപ്പീലിന് പ്രസക്തിയില്ലാതാകും.

കോടതികളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അപ്പീല്‍ നേടുന്നുവെന്നും പരാതിയുണ്ട്. ഇതിന് പരിഹാരം കാണാന്‍ അടുത്ത കലോത്സവത്തിനുമുന്നോടിയായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 'കവിയറ്റ്' ഫയല്‍ ചെയ്യും. സര്‍ക്കാരിനെ കേള്‍ക്കാതെ അപ്പീല്‍ ഹര്‍ജികളില്‍ തീരുമാനം എടുക്കരുതെന്നാണ് ആവശ്യപ്പെടുക. അതോടെ ഇപ്പോഴുള്ള ഏകപക്ഷീയ അപ്പീലുകളും ഇല്ലാതാകും. ഈവര്‍ഷം ഉണ്ടായപോലെ ബാലാവകാശ കമീഷന്റെയും മറ്റും പേരില്‍ വ്യാജ അപ്പീലുകളുമായി വന്നാല്‍ വാങ്ങിക്കൊടുക്കുന്നവരടക്കം ജയിലിലാകുമെന്ന് ഉറപ്പ്.

കലോത്സവത്തില്‍ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ പുനരാരംഭിക്കണമെന്നും ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ തിരിച്ചുകൊണ്ടുവരണം എന്നുമെല്ലാം ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. വ്യക്തിഗത സ്ഥാനങ്ങള്‍ നല്‍കുന്നത് അടഞ്ഞ അധ്യായമാണ്. അത് മത്സരങ്ങള്‍ തിരിച്ചുകൊണ്ടുവരും. സര്‍ഗാത്മകതയുടെ ഉത്സവമാണ് നാം വിഭാവനം ചെയ്യേണ്ടത്. എ ഗ്രേഡുകാരുടെ എണ്ണം കൂടുന്നതും പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. ഉത്സവത്തില്‍ ആരും പരാജയപ്പെടാനുള്ളതല്ല. നിലവില്‍ 80 മാര്‍ക്കില്‍ കൂടുതലുള്ളവര്‍ക്കാണ് എ ഗ്രേഡ് നല്‍കുന്നത്. 90 മാര്‍ക്കില്‍ കൂടുതലുള്ളവര്‍ക്ക് എ പ്ളസ് ഗ്രേഡ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാം. കലോത്സവത്തില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് മൊത്തം മാര്‍ക്കിന്റെ ഭാഗമാക്കരുതെന്ന അഭിപ്രായത്തോട് യോജിപ്പില്ല.

കലാപരവും സര്‍ഗാത്മകവുമായ സിദ്ധികള്‍ കലോത്സവവേദികളില്‍ ഒതുങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് മഹാപ്രതിഭാസംഗമം.ഇത് പുതിയ കാല്‍വയ്പാണ്. കലോത്സവ, ശാസ്ത്രോത്സവ, കായിക മേളകളില്‍ മികവു കാട്ടുന്നവര്‍ക്ക് ഭാവിയിലും തുടര്‍പരിശീലനത്തിന്  സര്‍ക്കാര്‍ സംരംഭമൊരുക്കും. കലോത്സവം ഏറ്റവും കുറ്റമറ്റതും സര്‍ഗാത്മകവുമാക്കാന്‍ ഓരോ വര്‍ഷവും മാന്വല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ