രാഗമാലികയുടെ ശബ്ദ‌‌‌‌'ശ്രീ'

Wednesday Jan 10, 2018

തൃശൂര്‍ > കാഴ്ച തിരിച്ചുകിട്ടണമെന്ന മോഹം ബാക്കിയാണെങ്കിലും ശ്രീക്കുട്ടന് സങ്കടമില്ല. ശബ്ദമുണ്ട് എല്ലാത്തിനും കൂട്ടായി. എല്ലാവരും കൊതിക്കുന്ന ശബ്ദം. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് ലളിതഗാനവേദിയിലെത്തിയ മുണ്ടൂര്‍ എച്ച്എസ്എസിലെ ശ്രീക്കുട്ടന്‍ മടങ്ങിയത് ഏവരുടെയും ഹൃദയം കീഴടക്കി. ജന്മനാ കാഴ്ച നഷ്ടപ്പെട്ട ശ്രീക്കുട്ടനെ കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളില്‍ ചികിത്സിച്ചു.

ആറുവയസ്സുള്ളപ്പോള്‍ എറണാകുളത്തെ പ്രമുഖ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സംഗീതത്തിലായി ശ്രീക്കുട്ടന്റെ ശ്രദ്ധ. പാടാന്‍ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ് സ്കൂളിലെ അധ്യാപകര്‍തന്നെ പ്രോത്സാഹനം നല്‍കി. മുണ്ടൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന്‍ ശിവദാസും അങ്കണവാടി വര്‍ക്കറായ അമ്മ സുപ്രിയയും മകന്റെ സംഗീതപ്രേമത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ശാസ്ത്രീയ സംഗീതവും പഠിപ്പിക്കുന്നുണ്ട്. ഡോ. സജിനി ഹരിയാണ് ഗുരു.

സ്കൂളിലെ അധ്യാപിക വൃന്ദ പഠിപ്പിച്ചുകൊടുത്ത 'ഋതുചക്രവര്‍ത്തിനീ നിന്‍മണിമാറിലെ നവരാഗമാലിക ആരുതീര്‍ത്തു' എന്ന ഗാനമാലപിച്ചാണ് ശ്രീക്കുട്ടന്‍ ഏവരുടെയും ഹൃദയം കവര്‍ന്നത്. വിവിധ ചാനലുകളിലും സംഗീതപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മലയാളം പദ്യംചൊല്ലലിലും ശ്രീക്കുട്ടന് എ ഗ്രേഡുണ്ട്. 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ