നേരിന്റെ രാഷ്ട്രീയത്തിന് എ ഗ്രേഡ്

Wednesday Jan 10, 2018
മോണോആക്ട് വേദിയിലെ സദസ്സ്‌

തൃശൂര്‍ > വാമനാവതാരത്തിന്റെ മൂന്നു ചവിട്ടടി മാവേലിനാടിന്റെ നന്മയെ കെടുത്തുന്നു. ഗാന്ധിവധം, ബാബ‌‌‌‌്റി മസ്‌‌‌‌‌ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ എന്നിവയാണ് ആ മൂന്നു ചവിട്ടടി. ഗാന്ധിയെ കൊന്ന അതേ തോക്ക് ഗൌരി ലങ്കേഷിന്റെയും ജീവന്‍ അപഹരിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് എച്ച്എസ് വിഭാഗം മോണോ ആക്ടില്‍ എസ് ദര്‍ശന്‍ എ ഗ്രേഡ് നേടിയത്. സമകാലിക സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായി മോണോ ആക്ട് വേദി.

ജനാധിപത്യവിരുദ്ധ കലാലയങ്ങള്‍ക്കെതിരെ തുറന്നടിച്ച് ജിഷ്ണു പ്രണോയിയെ വേദിയിലെത്തിച്ചത് വയനാട്ടില്‍നിന്നുള്ള അലന്‍ ജോസഫാണ്. പൊലീസ് പീഡനത്തെതുടര്‍ന്നുള്ള വിനായകന്റെ ആത്മഹത്യയും വ്യക്തിസ്വാതന്ത്യ്രവും സദാചാര ഗുണ്ടായിസവും പ്രമേയമാക്കിയ, അഖില്‍ ഹുസൈന്‍ ഈ വിഷയം തെരഞ്ഞെടുക്കാന്‍ കാരണം മുടിവളര്‍ത്താനുള്ള പ്രിയമാണത്രേ! ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ മനോഭാവവും സിനിമാമേഖലയിലെ ഭൂതഗണങ്ങളും വിമര്‍ശവിധേയമായി.

പശുരാഷ്ട്രീയവും അസഹിഷ്ണുതയും കശ്മീര്‍പ്രശ്നവും രോഹിന്‍ഗ്യന്‍ അഭയാര്‍ഥിപ്രശ്നവും ആധാറുമടക്കമുള്ള വിഷയങ്ങള്‍ വേദിയിലെത്തി. കാരൂരിന്റെ ഉതുപ്പാനും സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയിലെ ഗോപാല്‍ യാദവിനും ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനും പെരുന്തച്ചനുമെല്ലാം മത്സരാര്‍ഥികള്‍ ജീവന്‍ പകര്‍ന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ച 22 പേരില്‍ 20 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ച 20 പേര്‍ക്കും എ ഗ്രേഡുണ്ട്.
 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ