പ്രോഗ്രാം കമ്മിറ്റിക്ക് നൂറില്‍ നൂറ്‌

Wednesday Jan 10, 2018

തൃശൂര്‍ > എഴുന്നൂറ്റമ്പതുപേര്‍, 13 സബ് കമ്മിറ്റികള്‍, മൂന്ന് ഷിഫ്റ്റ്... സംസ്ഥാന സ്കൂള്‍ കലോത്സവനടത്തിപ്പില്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലൂടെ പ്രോഗ്രാം കമ്മിറ്റി പ്രശംസ പിടിച്ചുപറ്റി. ഓരോ ഇനത്തിലും 14 പേര്‍മാത്രം പങ്കെടുക്കേണ്ടിടത്ത് വിവിധ അധികാരികളുടെ അപ്പീലുകളുമായി എത്തിയത് 45 പേര്‍വരെ. ആകെ 8954 പേര്‍ പങ്കെടുക്കേണ്ട കലോത്സവത്തില്‍, ചൊവ്വാഴ്ച ഉച്ചവരെ അപ്പീലും മറ്റുമായി മത്സരിക്കാനെത്തിയത് 13,586 പേരാണ്. മത്സരാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വന്നിട്ടും ഒരു തടസ്സവും കൂടാതെ മത്സരങ്ങള്‍ അരങ്ങേറി. സംഘാടകരുടെയോ അവരുടെ പ്രവര്‍ത്തനത്തിന്റെയോ കുറവുമൂലം ഒരുവേദിയിലും കുട്ടികള്‍ക്ക് പ്രയാസമുണ്ടായില്ല.

വൈകിയെത്തിയതിനോ മറ്റു തടസ്സവാദങ്ങള്‍ ഉന്നയിച്ചോ ഒരു കുട്ടിയെപ്പോലും മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയില്ല. 1, 3, 12, 13 വേദികളിലാണ് അപ്പീല്‍ബാഹുല്യം കാരണം അനിയന്ത്രിതമായി മത്സരം നീണ്ടത്. കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ തലേദിവസം തുടങ്ങിയ നാടകമത്സരം തീര്‍ന്നത് പിറ്റേദിവസം ഉച്ചയ്ക്കാണ്. ഇതില്‍ കൂടുതല്‍ നാടകം തൃശൂരിലെ കലോത്സവവേദിയില്‍ ഉണ്ടായിട്ടും നാടകമത്സരം രാവിലെ ഒമ്പതോടെ അവസാനിപ്പിക്കാനായി. കലോത്സവം അഞ്ചുദിവസമായി ചുരുക്കി ആദ്യകലോത്സവത്തില്‍തന്നെ സമയക്രമം പാലിക്കാനായതും നേട്ടമായി.

കലോത്സവത്തിനുമുന്നേ പ്രോഗ്രാം കമ്മിറ്റിയുടെ 13 സബ്കമ്മിറ്റികളും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. ആദ്യപടിയായി വേദികളെല്ലാം തേക്കിന്‍കാടിന് ചുറ്റുമായി  തെരഞ്ഞെടുത്തു. സ്റ്റേജ് പ്രസന്റേഷന് നിയമിതരായ മാനേജര്‍മാര്‍ക്കും അധ്യാപകര്‍ക്കും മൂന്നുതവണ പരിശീലനം നല്‍കി. വെബ്സൈറ്റ്, ആപ്പ്, ഫെയ്സ്ബുക്ക് പേജ്, ബ്ളോഗ് എന്നിവയും തുടങ്ങി.  പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് കമ്മിറ്റി പ്രവര്‍ത്തനം. ചണംകൊണ്ടുള്ള ബാഡ്ജ്, കടലാസുപേനകള്‍ തുടങ്ങിയവ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച് നല്‍കിയതുമാത്രമാണ് കമ്മിറ്റി ഉപയോഗിക്കുന്നത്. 'ഇലഞ്ഞി' വാര്‍ത്താപത്രിക അഞ്ചുലക്കം പുറത്തിറക്കി. സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഒഫീഷ്യല്‍സിനുള്ള കൈപ്പുസ്തകവും പ്രോഗ്രാം കമ്മിറ്റി പുറത്തിറക്കി. ചിട്ടയോടെയുള്ള മുന്നൊരുക്കങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളുമാണ് പ്രോഗ്രാം കമ്മിറ്റിക്ക് പരാതികളും പ്രശ്നങ്ങളുമില്ലാതെ മത്സരം സംഘടിപ്പിക്കാനായത്.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എംഎല്‍എ, കണ്‍വീനര്‍ ടി വി മദനമോഹനന്‍, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 750 അംഗസംഘം മോഡല്‍ ഗേള്‍സ് സ്കൂളിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസിലും മറ്റ് 24 വേദിയിലും അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.  

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ