കടലിനോട് പറഞ്ഞു 'എന്റെ നന്ദൂന് കപ്പുണ്ടേ'

Wednesday Jan 10, 2018

തൃശൂര്‍ > 'അച്ഛന്റെ നന്ദു തളര്‍ന്നില്ല. 12-ാംക്ളാസിലും മൂന്നിനങ്ങളിലും കളിച്ച് പറഞ്ഞ വാക്ക് പാലിച്ചു.'- മൂന്നാംവേദിയില്‍ കേരളനടനം കഴിഞ്ഞയുടന്‍ നാഗര്‍ഷ് ഫോണില്‍ അച്ഛനെ വിളിച്ചപ്പോള്‍ ആഹ്ളാദം പൊട്ടിത്തെറിച്ചപോലെ. 'എടാ... എടാ... എന്റെ നന്ദൂന് കപ്പുണ്ടേ'. അങ്ങ് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ വള്ളത്തിലിരുന്ന് അച്ഛന്‍ നടേശന്‍ ആര്‍ത്തിരമ്പുന്ന കടലിനോട് ഉറക്കെ വിളിച്ചുപറഞ്ഞു.

നാഗര്‍ഷിനിത് അഭിമാനനിമിഷം. എട്ടാംതരത്തില്‍നൃത്തത്തില്‍ ജയിച്ചപ്പോള്‍ പ്ളസ്ടുവിനും സംസ്ഥാന കലോത്സവത്തില്‍ ജേതാവാകുമെന്ന് അച്ഛന് അവന്‍ വാക്കുകൊടുത്തിരുന്നു. അത് പാലിച്ചു. സ്വന്തം നാട്ടില്‍വച്ച്. കടലില്‍ പോയ അച്ഛന്‍ തിരികെവരുമ്പോള്‍ നല്‍കാനുള്ള സമ്മാനവുമായി അവന്‍ അമ്മ സതിക്കൊപ്പം വീട്ടിലേക്ക് മടങ്ങി. മകനൊപ്പം നടേശനും വരണമെന്നുണ്ടായിരുന്നു.

ഒരുദിവസം കടലില്‍ പോയില്ലെങ്കില്‍ വീട് പട്ടിണിയാകും. അതിനാല്‍ അച്ഛന്‍ കടലിലേക്കും മകന്‍ അമ്മയ്ക്കൊപ്പം കലോത്സവവേദിയിലേക്കും വരികയായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ അവന്‍ അച്ഛനെ വിളിച്ചു. പക്ഷേ, കടലില്‍ റേഞ്ചിനുപുറത്തായിരുന്നു. നിരവധിതവണ വിളിച്ചപ്പോഴാണ് കിട്ടിയത്. തൃശൂര്‍ ജില്ലയിലെ തീരപ്രദേശമായ കഴിമ്പ്രം സുനാമി കോളനിയില്‍ നെടിയിരിപ്പില്‍വീട്ടില്‍ നാഗര്‍ഷ് ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടി. കുച്ചിപ്പുഡിയിലും കേരളനടനത്തിലും പങ്കെടുത്തു.കഴിമ്പ്രം വിഎംപിഎച്ച്എസിലെ പ്ളസ്ടു വിദ്യാര്‍ഥിയാണവന്‍.

2006ലെ സുനാമിയില്‍ ഇവരുടെ വീട്ടില്‍ തിരയടിച്ചുകയറി. സര്‍ക്കാര്‍ പണിതു നല്‍കിയ സുനാമി കോളനിയിലാണ് താമസം. നടേശന്‍ വള്ളത്തിലാണ് കടലില്‍ പോകുന്നത്. വരുമാനം എങ്ങുമെത്താത്തതിനാല്‍ അമ്മ സതിയും പണിക്ക് പോകുന്നു.  എട്ടാംക്ളാസുമുതല്‍ പ്ളസ്ടുവരെ നാഗര്‍ഷ് നൃത്തവേദിയിലുണ്ട്. നാഗര്‍ഷിന്റെ കഴിവ് കണ്ടെത്തിയ സ്കൂള്‍ അധികൃതരും അധ്യാപകരും പിടിഎക്കാരും സഹായിച്ചു. മോന്റച്ഛന്‍ കടലില്‍നിന്ന് തിരിച്ചെത്തുംവരെ മനസ്സില്‍ ആദിയാണെന്ന് അമ്മ സതി. 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ