ശ്രീനിയാണ് താരം...

Sunday Jan 22, 2017
ജസ്ന ജയരാജ്

കണ്ണൂര്‍ > നടത്തത്തിലും ചിരിയിലുമുള്ള പ്രത്യേകത എങ്ങനെ നിലനിര്‍ത്തുന്നുവെന്ന് ജിതിന്‍ കൃഷ്ണയുടെ കുസൃതി ചോദ്യം. 'എല്ലാദിവസവും വൈകിട്ട് വീട്ടിലെത്തിയാല്‍ പ്രാക്ടീസ്ചെയ്യും' ശ്രീനിയുടെ മറുപടി പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ത്തു. ആക്ച്വലി ഈ പോളണ്ടില്‍ എന്താണ് സംഭവിച്ചതെന്ന അഭിനന്ദിന്റെ ചോദ്യത്തിനും അന്നത്തെ രാഷ്ട്രീയ സാഹചര്യമായിരുന്നു ആ ഡയലോഗിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സാംസ്കാരികോത്സവ സമാപനത്തിന്റെ ഭാഗമായാണ് നടന്‍ ശ്രീനിവാസനുമായി കുട്ടികളുടെ മുഖാമുഖം- 'മക്കളോടൊപ്പം' സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു പരിപാടി. ശ്രീനിവാസനും കുടുംബവും തൊട്ടതെല്ലാം പൊന്നാക്കുന്നത് ജൈവ കൃഷി നല്‍കുന്ന പോഷണം കൊണ്ടാണോ എന്ന തപന്റെ ചോദ്യത്തില്‍ ഏറെ കുസൃതിയുണ്ടായിരുന്നു. നിങ്ങള്‍ എന്തു കഴിക്കുന്നുവോ അതാണ് നിങ്ങള്‍ എന്ന ജര്‍മന്‍ പഴമൊഴിയായിരുന്നു മറുപടി. കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല ഭക്ഷണം ചക്കയാണ്. ചക്കക്കാലത്ത് സ്ഥിരം രാത്രി ചക്കപ്പുഴുക്ക് കഴിക്കുന്നയാളാണ് ഞാന്‍- അദ്ദേഹം പറഞ്ഞു.

'കൂടുതല്‍ ആളുകളുടെ മനസ് മനസ്സിലാക്കി എടുക്കുന്ന സിനിമകളാണ് വലിയ വിജയം നേടുന്നത്. പേഴ്സണല്‍ സിനിമയുണ്ടാക്കുന്നവരുണ്ട്. തന്റെ സിനിമയ്ക്ക് ഒരുപാട് പ്രേക്ഷകര്‍ വേണമെന്നൊന്നും അവര്‍ക്കില്ല'. അഭിനയിക്കാന്‍ ആഗ്രഹമുള്ള കുട്ടിയെ പഠിത്തത്തിന്റെ പേരില്‍ പൂട്ടിയിടുന്ന അച്ഛനമ്മമാരെക്കുറിച്ചായിരുന്നു അനഘയുടെ ചോദ്യം. 'ആഗ്രഹവും കഴിവും വ്യത്യസ്തമാണെന്ന് കുട്ടികള്‍ തിരിച്ചറിയണം. സ്വയം വിലയിരുത്താന്‍ പഠിക്കണം. എന്നിട്ടേ ആഗ്രഹങ്ങളുടെ വഴിയേ നടക്കാവൂ'.

ഉദയനാണ് താരത്തിലെ നൃത്തം ചെയ്തപ്പോഴത്തെ അനുഭവം ചോദിച്ച നേഹയോട് ഞാന്‍ ചെയ്തത്് നൃത്തമായിരുന്നോ എന്ന മറുചോദ്യം പൊട്ടിച്ചിരിയുയര്‍ത്തി. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനും വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനുമടക്കം കുറവുകള്‍മാത്രം ഉയര്‍ത്തിക്കാട്ടുന്ന കഥാപാത്രങ്ങള്‍ എന്തിനെന്നായിരുന്നു കാര്‍ത്തിക്കിന്റെ സംശയം. 'കഥാപാത്രത്തെ താഴ്ത്തുന്നതുകൊണ്ട് വ്യക്തിപരമായി ആരും താഴുന്നില്ലല്ലോ. ഭാവനയും അനുഭവമാണ് കഥാപാത്രങ്ങളായി പരിണമിക്കുന്നത്'.

അഭിനയവും സംവിധാനവും ഒരുമിച്ച് എങ്ങനെ ചെയ്യുന്നുവെന്നാണ് നൌറിന്‍ ചോദിച്ചത്. 'ഷോട്ടുകള്‍ തെരഞ്ഞെടുക്കുകയാണ് സംവിധായകന്റെ ജോലി. ക്യാമറയ്ക്ക് പിന്നില്‍നിന്ന് നിര്‍ദേശം നല്‍കുന്ന ആളാണ്, സംവിധായകനെന്ന ധാരണ മാറ്റണം. സിനിമ പഠിക്കാന്‍ പോയപ്പോള്‍ ഇവന് വട്ടാണോ എന്ന് ചോദിച്ചവരുണ്ട്. വക്കീലാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പരിശ്രമംതന്നെയാണ് സ്വപ്നങ്ങളെ സത്യമാക്കുന്നത്'. കുട്ടികള്‍ക്ക് പലകാര്യങ്ങളെക്കുറിച്ചും ധാരണയില്ലെന്ന മുതിര്‍ന്നവരുടെ വിശ്വാസം തെറ്റാണെന്ന് ഇവര്‍ തെളിയിച്ചുവെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍ അവസാനിപ്പിച്ചത്. പണത്തിനുവേണ്ടി തെറ്റായ ഉല്‍പന്നങ്ങളുമായി നടന്മാര്‍ മാധ്യമങ്ങളിലെത്തുന്നത് അവസാനിപ്പിക്കണം. കലയ്ക്കും കലാകാരനും സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എ കെ അബ്ദുള്‍ ഹക്കീം മോഡറേറ്ററായി. 

സാംസ്കാരികോത്സവ സമാപനം എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍, ജോഷി ആന്റണി എന്നിവര്‍ പങ്കെടുത്തു. 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ