കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്

Sunday Jan 22, 2017
ബാന്റുമേള മത്സരത്തെ പ്രോത്സാഹിപ്പിക്കുന്ന കാണികള്‍

കണ്ണൂര്‍ > കലോത്സവം സമാപനത്തിലേക്കെത്തുമ്പോള്‍  ഇഞ്ചോടിഞ്ച് പോരാട്ടം എന്നത് അന്വര്‍ഥമായി. സ്വര്‍ണ്ണകപ്പ് ആര്‍ക്ക് സ്വന്തമാകുമെന്നറിയാന്‍ ഇന്ന് മത്സരം നടക്കുന്ന നാലിനങ്ങളുടെ ഫല പ്രഖ്യാപനത്തിനായുള്ള ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിലാണ് ആസ്വാദകര്‍.

തുടര്‍ച്ചയായ 11-ാം തവണയും കിരീടം പ്രതീക്ഷിക്കുന്ന കോഴിക്കോടന് വലിയ വെല്ലുവിളിയാണ് പാലക്കാടുയര്‍ത്തുന്നത്. കലോത്സവം ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ കോഴിക്കോട് 925  പോയിന്റുമായി ആധിപത്യം ഉറപ്പിക്കാനുള്ള പേരാട്ടത്തില്‍ ഒന്നാമതുണ്ട്. 922 പോയിന്റുമായി പാലക്കാട് തൊട്ടടുത്തസ്ഥാനത്ത്. ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ് (921 പോയിന്റ്.

നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടിന് 17 വട്ടം സ്വര്‍ണക്കപ്പ് സ്വന്തമാക്കിയ ചരിത്രമുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി സ്വര്‍ണക്കപ്പ് അവരുടെ കൈയിലാണ്.  മുന്‍വര്‍ഷങ്ങളിലെല്ലാം കോഴിക്കോടന്‍ മേല്‍ക്കോയ്മക്ക് ഭീഷണി ഉയര്‍ത്തിയ പാലക്കാട് രണ്ടുവട്ടമാണ് കിരീടം ചൂടിയത്.

സമാപനദിനത്തില്‍ നാല് ഇനങ്ങളിലാണ് മത്സരം. ഹൈസ്കൂള്‍ നാടന്‍പാട്ടും ചെണ്ടമേളവും ഹയര്‍സെക്കന്‍ഡറി വഞ്ചിപ്പാട്ടും ദേശഭക്തിഗാനവും നിര്‍ണായകമാകും. ഞായറാഴ്ച ഉച്ചയോടെ സ്വര്‍ണക്കപ്പിനുള്ള അവകാശിയെ അറിയാം.

തിരുവനന്തപുരം വേദിയായ കഴിഞ്ഞ കലോത്സവത്തില്‍ 919 പോയിന്റുനേടി സ്വര്‍ണക്കപ്പില്‍ മുത്തമിട്ട കോഴിക്കോടിനുപിന്നില്‍ 914 പോയിന്റുമായി പാലക്കാടുണ്ടായിരുന്നു. അതിനുമുമ്പ് കോഴിക്കോട്ട് നടന്ന 55-ാമത് കലോത്സവത്തില്‍ ആതിഥേയരെ പിടിച്ചുകെട്ടി സംയുക്ത വിജയിയായ ചരിത്രവും പാലക്കാടിനുണ്ട്. 2006ല്‍ ആയിരുന്നു അതിനുമുന്‍പത്തെ വിജയം. രണ്ടായിരത്തിലായിരുന്നു കണ്ണൂരിന്റെ അവസാന വിജയം. മൂന്ന് വട്ടം കിരീടം നേടി.

20 വേദികളിലായി 232 കലാ ഇനങ്ങള്‍ അരങ്ങേറുന്ന പ്രകൃതി സൌഹൃദ കലോത്സവത്തിനാണ് കണ്ണൂര്‍ കണ്ണെഴുതി പൊട്ടുതൊട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വേദികളും വിധി കര്‍ത്താക്കളും കുട്ടികളും രക്ഷിതാക്കളും വിജിലന്‍സ് നിരീക്ഷണത്തിലാണ് കലോത്സവം നടന്നത്. ചരിത്രത്തില്‍ ആദ്യമായി ജഡ്ജിമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ വിജിലന്‍സ് നടപടിയ്ക്കും ഈ കലോത്സവം വേദിയായി. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിലെ വിധി നിര്‍ണയം സംബന്ധിച്ച് വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മത്സരത്തില്‍ ബി ഗ്രേഡോടെ 43ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആലപ്പഴ എന്‍എസ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഉത്തരയുടെ അമ്മ പ്രസന്ന മധുവിന്റെ പരാതിയിലാണ് അന്വേഷണം.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ