'തിളനില'യുടെ സെല്‍ഫിയില്‍ ദ്രുപതിന്റെ പ്രതികാരം

Sunday Jan 22, 2017
പി പി സതീഷ്കുമാര്‍

കണ്ണൂര്‍ > ഉപജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താക്കളിലൊരാള്‍  രണ്ടുമാര്‍ക്ക് നല്‍കി ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളിയതാണ് ദ്രുപതിന്റെ കവിത. സംസ്ഥാന കലോത്സവത്തില്‍ കവിതയില്‍ ഒന്നാം സ്ഥാനം നേടി മടങ്ങവെ മത്സരഹാളിലിരുന്ന് കുറിച്ച വരികള്‍തന്നെയാണ് അവന്റെ മറുപടി. ഭയം ഒരു രാജ്യമാണെന്നും അവിടെ നിശ്ശബ്ദത ഒരു (ആ) ഭരണമാണെന്നും ദ്രുപത് കവിത കുറിച്ചത് ഇന്ത്യ അസഹിഷ്ണുതയിലേക്ക് വഴുതിവീണ നാളുകളിലാണ്. പ്രതികരണത്തിന്റെ മൂര്‍ച്ചയും രാഷ്ട്രീയവും രോഷവും നിറഞ്ഞ വരികള്‍ അക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുകയായിരുന്നു. ഭയം കൊണ്ടും തിരസ്കാരം കൊണ്ടും തീര്‍ന്നുപോവുന്നതല്ല കവിതയെന്നാണ് ദ്രുപതിന്റെ പ്രതികാരം പറയുന്നത്. 

അധ്യാപികയുടെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദ്രുപത് സബ്ജില്ലയില്‍ അപ്പീല്‍ പോയത്. ജില്ലയില്‍ ഒന്നാമതെത്തി സംസ്ഥാന കലോത്സവത്തിലേക്ക്. ധ്യാനത്തില്‍നിന്ന് കുറിക്കപ്പെട്ടതുപോലെ കടലാഴമുണ്ട് ദ്രുപതിന്റെ വരികള്‍ക്ക്. വിരസമായതെന്ന് തോന്നിയേക്കാവുന്ന വിഷയം കുറിക്കുമ്പോഴും പുതിയ കാഴ്ചയുടെ പ്രസരിപ്പ് നിറയുന്നുണ്ട് വരികളില്‍. 'പലതരം സെല്‍ഫി'കളെന്ന പുതുതലമുറ വിഷയത്തിലും പഴകിയൊരു അടുക്കളക്കാഴ്ചയാണ് ദ്രുപത് ഗൌതമിന്റെ കവിത തേടിയത്. ഒരടുക്കളയുടെ സെല്‍ഫി നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്ന ചോദ്യമെറിഞ്ഞു തുടങ്ങുന്ന കവിതക്കാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം കവിതാരചനയില്‍ ഒന്നാംസ്ഥാനം.

"വരച്ചുവെച്ചതുപോലെ അതൊരു കടലാണ്....
മുറിച്ചുനീന്താനാവാത്തത്
ഒരു നീന്തലും കരപറ്റാത്തത്ര
ആഴമുള്ള പിടച്ചിലുകള്‍
അതില്‍ ഞൊറിഞ്ഞുഞൊറിച്ചുവച്ചിരിക്കും...
വീടിന്റെ ഒച്ചയിലേക്ക്
ഒരീച്ചപോലും കയറും മുന്‍പേ
കിളിയൊച്ചകള്‍ ഒക്കത്തെടുത്ത്,
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ
അത്രതിളക്കമില്ലാത്ത ഒരു വരിയിലേക്ക്
തന്നെത്തന്നെ കൊളുത്തിവച്ചിരിക്കും അത്.....''

- അടുക്കളയിലെ തിളയും പുകയും വീര്‍പ്പുമുട്ടലും കവിതയിലുണ്ട്.  നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഭയം എന്ന കവിത. മൂര്‍ച്ചയുള്ള വാക്കുകളും അതേക്കാള്‍ ആറ്റിക്കുറുക്കിയ ചിന്തകളുമാണ് ദ്രുപതിന്റെ എഴുത്തിന്റെ രീതി. വയനാട് ജില്ലയിലെ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ ദ്രുപത് ഇതേ സ്കൂളിലെ അധ്യാപിക മിനിയുടെയും പനമരം ബ്ളോക്ക് ഓഫീസിലെ ക്ളര്‍ക്ക് ജയന്റെയും മകനാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ കഥയ്ക്ക് രണ്ടാം സ്ഥാനമായിരുന്നു ദ്രുപതിന്.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ