പുഞ്ചിരിക്കുന്നുണ്ടാകുമോ? ആ അമ്മയുടെ ചിത്രം

Sunday Jan 22, 2017
അമ്മയുടെ ചിത്രത്തിനുമുന്നില്‍ തൊഴുതുനില്‍ക്കുന്ന ആദര്‍ശ്. അരികില്‍ അച്ഛന്‍.

കണ്ണൂര്‍ > പ്രശസ്ത മൃദംഗവാദകന്‍ കുഴല്‍മന്ദം രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. മരിച്ച അമ്മയുടെ ചിത്രം മൃദംഗത്തിന് മുന്നില്‍വച്ച് കലോത്സവത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ചിത്രം. ഫോട്ടോക്ക് മുന്നില്‍ തൊഴുതുനില്‍ക്കുന്ന ആദര്‍ശിന്റെ ചിത്രം ആരുടെയും  കണ്ണ് നനയിക്കും.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി  ആദര്‍ശാണ് അമ്മ ജിഷിയുടെ ചിത്രം വച്ച് പരിശീലനം നടത്തിയത്. അരികിലായി കൈത്താളമിട്ട് അച്ഛന്‍ മണികണ്ഠനും ഉണ്ടായിരുന്നു. മത്സരം കഴിഞ്ഞപ്പോള്‍ മൃദംഗത്തില്‍ എ ഗ്രേഡ്.

ആ ചിത്രം കണ്ട കുഴല്‍മന്ദം രാമകൃഷ്ണന്‍ ഫെയ്സ് ബുക്കില്‍ ഇങ്ങനെ കുറിച്ചു- 'പ്രിയമുള്ള ആദര്‍ശ്, ഇന്ന് ഫെയ്സ്ബുക്കില്‍ നിന്റെ ചിത്രം കാണാനിടയായി. അത് എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. എനിക്കുറപ്പുണ്ട് നിന്റെ ഹൃദയത്തില്‍നിന്നുള്ള മൃദംഗതാളം അമ്മ കേട്ടിട്ടുണ്ടാകും. അര്‍ബുദം ബാധിച്ച് മരിച്ച എന്റെ ചേച്ചി എന്നിലുണ്ടാക്കിയ വേദന ഇന്നും  മാഞ്ഞിട്ടില്ല. അതുകൊണ്ടായിരിക്കും ഈ ചിത്രം എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചത്. അമ്മയുടെ വേര്‍പാടില്‍ ആ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം മോന് മൃദംഗകലയില്‍ എല്ലാ ഭാവുകങ്ങളും അറിയിക്കുന്നു'- 501 മണിക്കൂര്‍ നിര്‍ത്താതെ മൃദംഗം വായിച്ച്  റെക്കോഡിനുടമയാണ് രാമകൃഷ്ണന്‍.

രണ്ടുവര്‍ഷം മുമ്പ് സബ് ജില്ലാതലത്തില്‍ മത്സരിച്ചപ്പോള്‍ മൃദംഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചപ്പോള്‍ ആദര്‍ശിനുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റുമെല്ലാം വാങ്ങിയത് ജിഷിയായിരുന്നു. ഇത്തവണ ജില്ലയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. അത് കാണാന്‍ അവന്റെ അമ്മയുണ്ടായിരുന്നില്ല.  ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. പിന്നീട് അമ്മയുടെ സ്ഥാനത്തുനിന്ന മണികണ്ഠനാണ് മക്കളെ നോക്കുന്നത്. 15 ലക്ഷത്തോളം രൂപ ജിഷിയുടെ ചികിത്സക്ക് ചെലവായി. ഇപ്പോള്‍ കുറച്ച് കടമുണ്ടെന്നും മണി പറഞ്ഞു. 

പിന്നീട് എല്ലാ കലോത്സവങ്ങളിലും അമ്മയെ ധ്യാനിച്ചായിരുന്നു  അരങ്ങിലെത്തുക. കോഴിക്കോട് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയപ്പോഴും ആ വേദന മാഞ്ഞിരുന്നില്ല. തിരുവനന്തപുരത്തും എ ഗ്രേഡ് ആവര്‍ത്തിച്ചു. കണ്ണൂരിലും  പതിവ് തെറ്റിച്ചില്ല. കലോത്സവ നഗരിയിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മൃദംഗത്തിനുമുകളില്‍ അമ്മയുടെ ബ്ളാക്ക് ആന്‍ഡ് വൈറ്റ് പടം വച്ച് അവന്‍ കുറച്ചുനേരം തൊഴുതുനിന്നു. വട്ടംകുളം വിദ്യാനികേതന്‍ സ്കൂളിലെ സംഗീതാധ്യാപകനാണ് മണികണ്ഠന്‍. ആദര്‍ശിന്റെ അനുജത്തി നന്ദന വയലിന്‍ വായിക്കും.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ