'ഞാന്‍ നാടകക്കാരന്‍, ഇനിയും നാടകം കളിക്കും'

Sunday Jan 22, 2017
സി ജിഷ
ആദില്‍

കണ്ണൂര്‍ > 'നാടകം കളിക്കാനോ... അത് മതത്തിനെതിരാണെന്നറിയില്ലേ... എന്നിട്ടും പോവ്വാ... ഓന്‍ അനുഭവിക്കും.' തലക്കടത്തൂരില്‍നിന്ന് കണ്ണൂരിലേക്കുള്ള ദൂരത്തേക്കാളേറെയാണ് കാലത്തിന്റെ ചില ചിന്തകള്‍ക്ക്. അതുമാറില്ലെന്ന് ചിലര്‍ ശാഠ്യംപിടിക്കുമ്പോള്‍ എതിര്‍ക്കുക. ചിലപ്പോള്‍ നിശ്ശബ്ദമായും മറ്റുചിലപ്പോള്‍ പുതുമാര്‍ഗം തേടിയും. അതുമാത്രമാണ് ആദില്‍ എന്ന 15കാരന്‍ മുന്നോട്ടുവയ്ക്കുന്നതും. 'അതെ, ഞാന്‍ നാടകക്കാരനാണ്. ഇനിയും കളിക്കും. മതവും മതപണ്ഡിതരും അത് നാരുകീറി ഇരുന്നോട്ടെ. എനിക്കിഷ്ടമാണ് നാടകം കളിക്കാന്‍. ഞാന്‍ പറയുന്നു, ഞാന്‍ നാടകക്കാരനാണ്. മുസ്ളിമാണ്.'

തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിയായ ആദിലാണ്  നാടകസ്വപ്നങ്ങളെക്കുറിച്ച് വാചാലനാകുന്നത്. എടരിക്കോട് പികെഎം എച്ച്എസ്എസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതനാടകമത്സരത്തിലാണ് ആദില്‍ പങ്കെടുക്കുന്നത്.

'കര്‍ണ' സംസ്കൃതനാടകത്തില്‍ കര്‍ണനായാണ് അരങ്ങിലെത്തുന്നത്. വിസ്മയാവഹമായ കാവ്യബിംബം കര്‍ണനിലൂടെ അരങ്ങിലെത്തുമ്പോള്‍ ഹൃദയം നെരിപ്പോടായി മാറുകയാണ്. ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും കണക്കെടുപ്പില്‍ ചില ജീവിതങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നു. ചരിത്രവും അതുതന്നെ ഓര്‍മപ്പെടുത്തുകയാണ്. കുലത്തിന്റെയും ജാതിയുടെയും പേരില്‍ അപമാനിതരാവുന്നിടത്തോളം വരില്ല ലോകത്ത് മറ്റൊരു വേദനയും-നാടകം പങ്കുവയ്ക്കുന്നു.

സിപിഐ എം പ്രവര്‍ത്തകനും താനാളൂര്‍ പഞ്ചായത്തംഗവുമായ മുജീബിന്റെ മകനാണ് ആദില്‍. ഉമ്മ ഫാത്തിമ. ആദ്യമെല്ലാം മകന്‍ വീട്ടില്‍ സംസ്കൃതം ഉറക്കെ ചൊല്ലിനടക്കുമ്പോള്‍ വീട്ടുകാര്‍ അത്ഭുതത്തോടെ നോക്കുമായിരുന്നു. പിന്നെ അവര്‍ക്കും താല്‍പര്യമായി. അഞ്ചാം ക്ളാസ് മുതല്‍ സംസ്കൃതം പഠിക്കുന്നു'ഒരര്‍ഥത്തില്‍ ഞാന്‍ ഭാഗ്യവാനല്ലേ. എല്ലാ ഭാഷയും ഞാന്‍ പഠിക്കുന്നു'. മദ്രസ വിദ്യാര്‍ഥിയായ ആദില്‍ അതിരാവിലെ മദ്രസയില്‍ പോകും. പിന്നെ വീട്ടിലെത്തിയാല്‍ പഠനം. സംസ്കൃതശ്ളോകങ്ങള്‍ ഉറക്കെ ചൊല്ലും.

ഉച്ചത്തില്‍ ചൊല്ലിപ്പഠിക്കുന്നതാണ് രീതി. കഴിഞ്ഞവര്‍ഷം 'ലങ്ക' എന്ന സംസ്കൃതനാടകത്തിന് സംസ്ഥാനമത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. സുരേഷ്ബാബു ശ്രീസ്ഥ രചന നിര്‍വഹിച്ച 'കര്‍ണ' നാടകത്തിന്റെ സംവിധാനം റഫീഖ് മംഗലശേരിയാണ്. കലോത്സവങ്ങളല്ലാതെ മറ്റുവേദികള്‍ കിട്ടുന്നില്ലെന്നതാണ് സംസ്കൃത നാടകത്തിന്റെ പരിമിതി. 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ