മൂന്ന് തുള്ളലിലും ശിഷ്യരെ ഒരുക്കി പഴയ താരം

Sunday Jan 22, 2017
ദൃശ്യ ഗോപിനാഥ് ശിഷ്യനെ ഒരുക്കുന്നു

കണ്ണൂര്‍ > ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ തുള്ളല്‍വേദിയുടെ ഗ്രീന്റൂം. ജനാലക്കരികില്‍ മത്സരാര്‍ഥികളുടെ മുഖത്ത് പച്ചയിടുന്ന കൈകള്‍ പതിവ് കാഴ്ചകളെയെല്ലാം തെറ്റിക്കുന്നതായിരുന്നു. ദൃശ്യ ഗോപിനാഥ് എന്ന തുള്ളല്‍ കലാകാരി ഇത്  അഞ്ചാം വര്‍ഷമാണ് ശിഷ്യരുമായി കലോത്സവത്തിനെത്തുന്നത്. തുള്ളലിന്റെ മൂന്ന് വകഭേദങ്ങളും ഇത്തവണ ശിഷ്യരിലൂടെ അരങ്ങിലെത്തുന്നുവെന്ന സന്തോഷവും ദൃശ്യയുടെ മുഖത്തുണ്ട്.

23-ാം വയസ്സിലേ വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാണ് ദൃശ്യ. കൊല്ലം കരവാളൂര്‍ സ്വദേശിയായ ദൃശ്യ ഏഴാംക്ളാസ് മുതലാണ് തുള്ളല്‍ പഠിക്കാന്‍ തുടങ്ങിയത്. എട്ടാം ക്ളാസ് മുതല്‍ പ്ളസ്ടു വരെ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡോടെയാണ് മടക്കം.  അതിനിടെ  മത്സരിക്കാനെത്തുന്ന കലോത്സവത്തില്‍ തന്നെ ഗുരുവിന്റെ വേഷത്തിലുമെത്തി. കലാമണ്ഡലം ജനാര്‍ദനന്‍, പുന്നശേരി പ്രഭാകരന്‍ തുടങ്ങി ഗുരുക്കന്‍മാരുടെ ഒരു നിരതന്നെയുണ്ട് ഈ കലാകാരിയുടെ കലാജീവിതത്തില്‍.

ശിഷ്യരായ തിരുവനന്തപുരം ഗവ. മോഡല്‍ എച്ച്എസ്എസിലെ ഗോപീകൃഷ്ണന്‍ ശീതങ്കനും കടയ്ക്കല്‍ ഗവ. എച്ച്എസ്എസിലെ ഗോപിക പറയന്‍ തുള്ളലും പൂയ്യപ്പള്ളി എച്ച്എസ്എസിലെ ആര്‍ കാര്‍ത്തിക ഓട്ടന്‍തുള്ളലുമാണ് അവതരിപ്പിക്കുന്നത്. ഓട്ടന്‍തുള്ളലിന് കിട്ടുന്ന സ്വീകാര്യത മറ്റ് തുള്ളലുകള്‍ക്കും ലഭിക്കണമെന്നും ഇവ കൂടതല്‍ ജനകീയമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ദൃശ്യ പറയുന്നു. കേരള യൂണിവേഴ്സിറ്റിയില്‍ എംഎ മലയാളം പൂര്‍ത്തിയാക്കിയശേഷം  തുള്ളലില്‍ ഗവേഷണത്തിന് തയ്യാറെടുക്കുകയാണ് ദൃശ്യ. അഡ്വ. ഗോപിനാഥന്‍ നായരുടെയും രോഹിണിയുടെയും മകളാണ്. സഹോദരി ദിവ്യ.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ