'പാടുക അജയ്' ജയചന്ദ്രന്റെ ആശംസ

Sunday Jan 22, 2017
പി ഒ ഷീജ
എം ജയചന്ദ്രന്‍ അജയിയോടൊപ്പം

കണ്ണൂര്‍ > 'ഹലോ അജയ്, അഭിനന്ദനങ്ങള്‍. എല്ലാ ഭാവുകങ്ങളും നേരുന്നു'. കണ്ണൂരിലെ കലോത്സവവേദിയിലേക്ക് കോഴിക്കോട്ടുനിന്നൊരു ഫോണ്‍കോള്‍. ലളിതഗാനമത്സരത്തില്‍ നാലാം തവണയും ഒന്നാമതെത്തിയ അജയ് ഉദയനെ അഭിനന്ദിച്ചത് മലയാളത്തിന്റെ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. കോഴിക്കോട്ട് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്  ജയചന്ദ്രന്‍ അജയിനെ അഭിനന്ദിച്ചത്. 

അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച സിബി മലയിലിന്റെ സൈഗാള്‍ പാടുകയാണ് എന്ന സിനിമയില്‍ അജയ് പാടിയിട്ടുണ്ട്. സിനിമയിലെ നായകന്റെ മകനുവേണ്ടിയാണ് 'എന്റെ ചുണ്ടിലെ കുഞ്ഞുപാട്ടിലെ നൊമ്പരങ്ങളാണ്' എന്ന പാട്ട് അജയ് പാടിയത്. പിന്നീട് ബിജിപാല്‍ സംഗീതസംവിധാനം നിര്‍വഹിച്ച 'വല്ലാത്ത പഹയന്‍' എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം 'രാമാനം കിളി രാമനേ' എന്ന പാട്ടും അജയ് പാടി. മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോ ആയ ഇന്ത്യന്‍ വോയ്സ് ജൂനിയര്‍ വിന്നറാണ്.
കൊല്ലം ചത്തനാംകുളം എംഎസ്എം എച്ച്എസ്എസിലെ പ്ളസ്ടു വിദ്യാര്‍ഥിയായ അജയ് കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അധരം മധുരം ഓമലാളേ' എന്ന  ഗാനം  ആലപിച്ചാണ് ലളിതഗാനത്തില്‍ ജേതാവായത്.

ഒമ്പതാം ക്ളാസില്‍ വലംപിരിശംഖില്‍ എന്ന പാട്ടുമായി തുടങ്ങിയ ജൈത്രയാത്രയാണ് പ്ളസ്ടുവിലും അജയ് തുടരുന്നത്. നാലാംക്ളാസ് മുതല്‍ സംഗീതം അഭ്യസിക്കുന്ന അജയിന്റെ ഗുരു കൊല്ലം സജികുമാറാണ്. ഉമയനെല്ലൂര്‍ തിരുവാതിരയില്‍ ഉദയകുമാറിന്റെയും സജിതയുടെയും മകനാണ് അജയ്. അച്ഛമ്മ കമലാക്ഷിയും സംഗീതജ്ഞയാണ്. ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന സഹോദരന്‍ ആനന്ദും സംഗീതരംഗത്തുണ്ട്.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ