അവസാനിക്കാത്ത ദുരന്തനാടകം

Monday Jan 25, 2016
ഹൈസ്കൂള്‍ നാടകം നടക്കുന്ന സെന്റ്ജോസഫ് സ്കൂള്‍ ഓഡിറ്റോറിയത്തിലെ അസൌകര്യത്തില്‍ പ്രതിഷേധിച്ച് വേദിക്കുമുന്നില്‍ പ്രതിഷേധിക്കുന്ന നാടകപ്രവര്‍ത്തകര്‍

തിരുവനന്തപുരം > കലോത്സവത്തിലെ ജനപ്രിയ ഇനമായ നാടകത്തോടുള്ള ഈ അവഗണനയുടെ തിരശ്ശീല എന്നുവീഴും? നാടകത്തെ ജീവിതമായി കാണാനാകാത്തവരോട് ഈ ചോദ്യമുന്നയിച്ചിട്ട് വല്ല കാര്യമുണ്ടോ? ഇല്ലെന്ന് ഈ കലോത്സവവും നമ്മോട് പറഞ്ഞു. നാടകത്തിന് അനുയോജ്യമല്ലാത്ത സ്റ്റേജ്... മോശം ശബ്ദ സജ്ജീകരണം...കൊടും ചൂട്... അങ്ങനെ സംഘാടകരുടെ കളിക്കുമുമ്പില്‍ നാടക അഭിനേതാക്കള്‍പോലും തോറ്റുപോയ ദിനമായിരുന്നു ഞായറാഴ്ച. എന്നാല്‍ ഈ അവഗണനക്ക് അവസാനം കാണണമെന്ന് തീരുമാനിച്ച നാടക പ്രവര്‍ത്തകര്‍ ശരിക്കും കണക്കുചോദിച്ചു. ഒടുവില്‍ നാടക പ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും മത്സരാര്‍ഥികളുടെയും ഉറച്ച നിലപാടിനുമുമ്പില്‍ മത്സരവേദിതന്നെ മാറ്റേണ്ടിവന്നു അധികൃതര്‍ക്ക്.

സെന്റ് തോമസ് സ്കൂളിലെ അഞ്ചാംവേദിയിലായിരുന്നു ഞായറാഴ്ച ഹൈസ്കൂള്‍ വിഭാഗം നാടകം നിശ്ചയിച്ചത്. ആദ്യം നാടകം തുടങ്ങിയപ്പോള്‍ത്തന്നെ സംഭാഷണമൊന്നും പുറത്തേക്ക് കേട്ടില്ല. ഇതോടെ നാടകം കഴിഞ്ഞപ്പോള്‍ കാണികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അവര്‍ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകം നടന്നപ്പോള്‍ത്തന്നെ ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ ഗൌനിച്ചില്ലെന്ന പരാതിയുമുയര്‍ന്നു. ബഹളം നീണ്ടതോടെ മൈക്ക് മാറ്റി പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ വേദിമാറ്റണമെന്നാവശ്യപ്പെട്ട് ബഹളമാരംഭിച്ചു. സ്ഥലത്തുണ്ടായിരുന്ന സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തിയും നടന്‍ കൊച്ചുപ്രേമനും പ്രതിഷേധം ന്യായമാണെന്ന നിലപാടുമായി രംഗത്തുവന്നു. ഇതോടെയാണ് വേദിമാറ്റാനുള്ള നിലപാടിലേക്ക് സംഘാടകരെത്തിയത്. സൂര്യകൃഷ്ണമൂര്‍ത്തിതന്നെ ഇടപെട്ട് വേദികണ്ടെത്താനുള്ള ശ്രമവും തുടങ്ങി.

എന്നാല്‍ ഇതിനിടെയെത്തിയ ഡിപിഐ എം എസ് ജയ എല്ലാം തകിടംമറിച്ചു. വിധികര്‍ത്താക്കളുമായി ചര്‍ച്ചനടത്തിയശേഷം, വേദി മാറ്റില്ലെന്നും സൌണ്ട് ബോക്സ് കൂടുതല്‍ വയ്ക്കാമെന്നും അവര്‍ പറഞ്ഞു. ഇതോടെ  പ്രതിഷേധം കടുത്തു. മുദ്രാവാക്യം വിളിച്ച് പ്രകടനമായെത്തി അവര്‍ വേദി ഉപരോധിച്ചു. നാടക പ്രവര്‍ത്തകനായ രാജേഷ് ചുങ്കില്‍ തലകുത്തിനിന്ന് പ്രതിഷേധിച്ചു. പ്രതിഷേധം മറ്റുവേദികളിലേക്കും വ്യാപിപ്പിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചതോടെ വെട്ടിലായ സംഘാടകള്‍ മത്സരം പൂജപ്പുരയിലെ രണ്ടാം വേദിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
രാവിലെ 11.30ന് തടസ്സപ്പെട്ട നാടകമത്സരം വൈകിട്ട് അഞ്ചരയോടെയാണ് പുനരാരംഭിച്ചത്. സംഘാടകരുടെ പിടിപ്പുകേടുമൂലം ഏറെ ദുരിതമനുഭവിച്ചത് മത്സരാര്‍ഥികളാണ്. 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ