താളംതെറ്റിയ മേള

Monday Jan 25, 2016
നാടോടിനൃത്ത മത്സരത്തിനിടയില്‍ പാട്ട് നിന്നുപോയതിനെതുടര്‍ന്ന് കാണികള്‍ പ്രതിഷേധിക്കുന്നു.

തിരുവനന്തപുരം > സംഘാടനത്തില്‍ താളംതെറ്റിയ മേളയെന്ന നിലയില്‍ 56–ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ചരിത്രത്തിലേക്ക്. ഇത്രയേറെ അലങ്കോലമായ മേള ഉണ്ടായിട്ടില്ല. മത്സരം തീരാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ നല്ലത് പറയാന്‍ ഒന്നുമില്ലാത്ത സ്ഥിതി. മത്സരവേദികളുടെ നിര്‍ണയംതൊട്ട് വിധികര്‍ത്താക്കളെ നിശ്ചയിച്ചതുവരെ എല്ലാ നിലയിലും സംഘാടകര്‍ കാണിച്ച നിരുത്തരവാദിത്തവും ക്രമക്കേടുകളും മേളയെ തികഞ്ഞ പരാജയമാക്കിമാറ്റി. 

വേദി നിര്‍ണയത്തില്‍ തുടങ്ങി താളപ്പിഴ. വേദികളോട് ചേര്‍ന്ന് മത്സരാര്‍ഥികള്‍ക്ക് വസ്ത്രംമാറാന്‍ പോലും സ്ഥലം ഒരുക്കിയില്ല. വീട്ടില്‍നിന്ന് കൊണ്ടുവന്ന തുണികള്‍ മറയാക്കിവരെ വസ്ത്രംമാറേണ്ടിവന്നു. കാണികള്‍ ഗൌരവത്തോടെ കാണുന്ന നാടകവേദി രണ്ട് ദിവസവും അലങ്കോലമായി. വേദിതന്നെ പ്രശ്നം. ഇടുങ്ങിയ സ്റ്റേജില്‍ നടന്ന ഹയര്‍സെക്കന്‍ഡറി നാടക മത്സരം കാണാനാവാതെ കാണികള്‍ പരാതിപ്പെട്ടു. ആദ്യം ഒരുവക നടത്തിയൊപ്പിച്ചു. ഹൈസ്കൂള്‍ മത്സരമാകുമ്പോഴെങ്കിലും പ്രശ്നം പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ ഞായറാഴ്ച ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ ശബ്ദവും നിലച്ചു. തുടര്‍ന്ന് ഡിപിഐ എം എസ് ജയ ഉള്‍പ്പെടെയുള്ളവരുടെയടുത്ത് പരാതിപ്പെട്ടെങ്കിലും ധിക്കാരത്തോടെയായിരുന്നു മറുപടി.

ആദ്യമത്സരം കഴിഞ്ഞതോടെ ആകെ അനിശ്ചിതത്വത്തിലായി. ഒടുവില്‍ വേദി മാറ്റി. മത്സരം തുടര്‍ന്നത് രാത്രി. മേയ്ക്കപ്പിട്ട കുട്ടികള്‍ തളര്‍ന്നു. ഇനി മത്സരം തീരാന്‍ തിങ്കളാഴ്ച ഉച്ചയെങ്കിലും കഴിയും. ഓട്ടന്‍തുള്ളല്‍ മത്സരവേദി പൊട്ടിത്തകര്‍ന്നു. വേദികള്‍ പരസ്പരം മാറ്റിയും ഇടക്കിടെ മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും വട്ടംകറക്കി. വിധികര്‍ത്താക്കളെ നിര്‍ണയിച്ചതില്‍ സര്‍വത്ര ക്രമക്കേട്. കേരള നടനം, കുച്ചുപ്പുടി വേദികളില്‍ വിധികര്‍ത്താക്കള്‍ ഇരുന്നപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങി. തബല മത്സരത്തിന്റെ വിധിനിര്‍ണയിക്കാനെത്തിയ വിദ്വാന്റെ അയോഗ്യത വിജിലന്‍സ് കൈയോടെ പിടികൂടി. ഇയാള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ചുറ്റും നിരീക്ഷണമുണ്ടായിട്ടും വേണ്ടപ്പെട്ടവര്‍ക്ക് അനുകൂലമായ വിധിനിര്‍ണയമുണ്ടായെന്ന് പരക്കെ ആക്ഷേപം. 232 മത്സര ഇനങ്ങളില്‍ 200 എണ്ണത്തില്‍ വിധിനിര്‍ണയം വന്നപ്പോള്‍ അതിനെതിരെ 278 അപ്പീലുകള്‍ ഉണ്ടായിയെന്നത് ആരോപണത്തിന്റെ ആഴം എത്രയെന്ന് വെളിപ്പെടുന്നു.

ജില്ലാതലങ്ങളില്‍ നിന്നുവരുന്ന അപ്പീല്‍ നിയന്ത്രിക്കുമെന്നായിരുന്നു കഴിഞ്ഞതവണ മന്ത്രി നല്‍കിയ ഉറപ്പ്. ആ ഉറപ്പ് പാടെ തെറ്റി. കഴിഞ്ഞവര്‍ഷം 924 അപ്പീലുകളാണ് ആകെ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇതിനകംതന്നെ 839 അപ്പീലുകളായി. അവസാന നാള്‍ കൂടി വരുന്ന അപ്പീല്‍ കണക്കാക്കിയാല്‍ ഒപ്പത്തിനൊപ്പമാവും. 9000 കുട്ടികള്‍ പങ്കെടുക്കേണ്ടിയിരുന്ന മത്സരത്തില്‍ അപ്പീല്‍ കൂടിയായപ്പോള്‍ 13,000 പേരാണ് പങ്കെടുത്തത്. കഴിഞ്ഞവര്‍ഷമാണ് കലോത്സവ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അപ്പീല്‍ ഉണ്ടായത് എന്നുകൂടി കൂട്ടിവായിക്കുമ്പോള്‍ മന്ത്രി നല്‍കിയ ഉറപ്പിലെ പൊള്ളത്തരം വ്യക്തമാകും.

വിവിധ മത്സരവേദികള്‍ തമ്മിലുള്ള അകലം മാധ്യമങ്ങള്‍ ആദ്യം മുതല്‍ ചൂണ്ടിക്കാട്ടിയതാണ്. വാഹനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു ഇതിനുള്ള മറുപടി. എന്നാല്‍ എവിടെയും വാഹനമുണ്ടായില്ല. ഭക്ഷണപ്പുരയിലേക്കുപോലും ദൂരം കാരണം അധികമാരും പോയില്ല.

കാണികളുടെ പങ്കാളിത്തം ശുഷ്കമാവാനും വേദികള്‍ തമ്മിലുള്ള അകലം കാരണമായി. പ്രചാരണത്തിലും താളംതെറ്റി. എല്ലാം നിയന്ത്രിക്കേണ്ട വിദ്യാഭ്യാസ മന്ത്രിയും ഡിപിഐയും  പന്തംകണ്ട പെരുച്ചാഴികളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിയതല്ലാതെ മേള മെച്ചപ്പെടുത്താന്‍ ആസൂത്രിതമായ ഒരു ശ്രമവും ഉണ്ടായില്ല.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ