സാഗരതീരത്ത് ഉള്‍ക്കരുത്തോടെ അഭിരാമിയുടെ ചുവടുകള്‍

Monday Jan 25, 2016
ക്യാപ്ഷന്‍: ടി അഭിരാമി നാടോടിനൃത്ത വേദിയില്‍

തിരുവനന്തപുരം >   തലശേരി ഗോപാല്‍പേട്ട കടപ്പുറത്തെ കൊച്ചുവീട്ടില്‍ സന്തോഷത്തിന്റെ നുറുങ്ങുകള്‍ നിറയ്ക്കുന്നത് അഭിരാമിയുടെ ചുവടുകളാണ്. വറുതിയുടെ നാളുകള്‍ നല്‍കുന്ന സങ്കടങ്ങളെ  ഈ കുടുംബം മറികടക്കുന്നത് നടനവേദികളില്‍ മകള്‍ നേടുന്ന മിന്നും വിജയങ്ങളുടെ തിളക്കത്തില്‍. എത്ര കഷ്ടപ്പെട്ടാലും അഭിരാമിയുടെ ചിലങ്കയുടെ നാദം നിലയ്ക്കരുതെന്നാണ് അച്ഛന്‍ വിനീഷും അമ്മ സുനിഷയും ആഗ്രഹിക്കുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം നാടോടിനൃത്തമത്സരത്തില്‍ എഗ്രേഡ് നേടി അഭിരാമി നാട്ടിലേക്ക് മടങ്ങുന്നത് ഈ സന്തോഷവുമായാണ്.

തൊഴിലില്ലായ്മയെ തുടര്‍ന്ന് നാട്ടിലെ മത്സ്യത്തൊഴിലാളികള്‍  ഉള്ളതെല്ലാം വിറ്റുപെറുക്കി തൊട്ടടുത്ത കടപ്പുറത്തേക്ക്  ചേക്കേറിയ കാലം. മത്സ്യഫെഡിന്റെ  വായ്പയും മറ്റും സഹായവുമൊക്കെ വാങ്ങി അഭിരാമിയുടെ അച്ഛന്‍ വിനീഷ് വള്ളവും വലയും വാങ്ങി. തുടക്കത്തില്‍  ലാഭകരമായിരുന്നെങ്കിലും  മത്സ്യബന്ധനമേഖലക്ക് വന്ന മാറ്റത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍ കൂടുതല്‍ ബാധ്യതയുണ്ടായി.  വിദേശനിര്‍മിത വലയ്ക്കും അനുബന്ധ സൌകര്യങ്ങള്‍ക്കുമായി ലക്ഷങ്ങള്‍ ചെലവഴിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ മത്സ്യം ലഭിക്കാതെവന്നപ്പോള്‍ വള്ളം കടലിലിറങ്ങാതായി. തൊഴിലാളികള്‍ മറ്റുതൊഴിലുകള്‍ തേടിപ്പോയി. വിനീഷ് ഓട്ടോ തൊഴിലാളിയായി.

പ്രയാസങ്ങള്‍ ഏറെയുണ്ടായിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്ന് നൃത്തത്തിന്റെ വഴിയേ നടന്ന മകളെ തിരിച്ചുവിളിക്കാന്‍ അച്ഛനും അമ്മക്കും  മനസ്സുവന്നില്ല. അഭിരാമിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ നൃത്താധ്യാപകരും കൈവെടിഞ്ഞില്ല. വേദികളിലേക്ക് കൈപിടിച്ചുകയറാന്‍ അവരൊക്കെ തുണയായി. തിരുവങ്ങാട് ചിലമ്പൊലി നൃത്തവിദ്യാലയത്തിലെ വസന്ത, സതീശന്‍ എന്നീ അധ്യാപകരാണ് വര്‍ഷങ്ങളായി അഭിരാമിയുടെ ഗുരുക്കന്‍മാര്‍. കഴിഞ്ഞതവണ സംസ്ഥാനതലത്തില്‍ ഭരതനാട്യത്തിന് എഗ്രേഡ് നേടി.

തിരുവങ്ങാട് എച്ച്എസ്എസില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ അഭിരാമി പഠനത്തിലും മിടുക്കിയാണ്. ചെന്നൈ കലാക്ഷേത്രയില്‍ ചേര്‍ന്ന് നൃത്തം കൂടുതല്‍ പഠിക്കണമെന്നാണ് ഈ കലാകാരിയുടെ ആഗ്രഹം.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ