കാര്‍ട്ടൂണില്‍ തെളിഞ്ഞത് അഴിമതിയുടെ ബീഭത്സമുഖം

Monday Jan 25, 2016

തിരുവനന്തപുരം > ഇനി തെളിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞേക്കരുത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും അഴിമതിക്കഥകള്‍ ഏത് കൊച്ചുകുട്ടിക്കുപോലും അറിയാമെന്നതിന് സ്കൂള്‍ കലോത്സവം തെളിവ്. ഇത്തവണ കാര്‍ട്ടൂണ്‍ മത്സരത്തിനെത്തിയ മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും ആക്ഷേപഹാസ്യത്തിലൂടെ വരഞ്ഞിട്ടത് സോളാര്‍ തട്ടിപ്പ് മുതല്‍ ബാര്‍ക്കോഴ വരെ നീളുന്ന അഴിമതിക്കഥകള്‍.

'താന്‍ കുഴിച്ച കുഴിയില്‍' എന്നായിരുന്നു ഹൈസ്കൂള്‍ വിഭാഗത്തിന് വരയ്ക്കാന്‍ നല്‍കിയ വിഷയം. ബാര്‍ക്കേസില്‍ കുടുങ്ങിയ എക്സൈസ് മന്ത്രി  കെ ബാബുവിന്റെ ചൂടാറാത്ത രാജിവാര്‍ത്തയായിരുന്നു മത്സരാര്‍ഥികളുടെ മനസ്സിലേക്ക് ആദ്യം ഓടിക്കയറിയത്. ആദ്യം കുഴിയില്‍വീണ കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമെല്ലാം തുടര്‍ന്ന് അഴിമതിയുടെ പ്രതിരൂപങ്ങളായി വരയില്‍ വിരിഞ്ഞു. സര്‍ക്കാരാകെ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നടത്തുന്ന ജനരക്ഷായാത്രയും കുട്ടിക്കാര്‍ട്ടൂണിസ്റ്റുകളുടെ പരിഹാസശരം ഏറ്റുവാങ്ങി. കോട്ടയം ഉഴവൂര്‍ ഒഎല്‍എല്‍എച്ച്എസിലെ 10–ാം ക്ളാസ് വിദ്യാര്‍ഥി ആല്‍ബിന്‍ ചാക്കോ ഒന്നാംസ്ഥാനം നേടി.

ജനരക്ഷായാത്രയ്ക്കും രക്ഷിക്കാനാകാത്ത അഴിമതിയുടെ കുഴിയില്‍വീണ കെ എം മാണിയും കെ ബാബുവും. സോളാര്‍ തട്ടിപ്പില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിക്കാരെ സംരക്ഷിക്കാനിറങ്ങിയ ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തലയും പരിവാരങ്ങളും. തുടങ്ങി കേരള രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ആല്‍ബിന്‍ പകര്‍ത്തിയത്. കണ്ണൂര്‍ പയ്യാവൂര്‍ ചമതച്ചാല്‍ കീഴങ്ങാട്ട് വീട്ടില്‍ കൂലിപ്പണിക്കാരനായ ചാക്കോയുടെയും ആലീസിന്റെയും മൂന്നുമക്കളില്‍ ഇളയവനായ ആല്‍ബിന്‍ അഞ്ചാംക്ളാസ് മുതലാണ് ഉഴവൂര്‍ ഒഎല്‍എല്‍എച്ച്എസില്‍ പഠിക്കാനെത്തിയത്.

സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന ജോണ്‍ മാത്യുവാണ് ആല്‍ബിന്റെ കഴിവ് കണ്ടെത്തിയത്. അധ്യാപകന്‍ സ്ഥലംമാറിപ്പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് പഠിക്കാനുള്ള സൌകര്യം സ്കൂളിന്റെ നടത്തിപ്പുകാരായ സിസ്റ്റര്‍മാര്‍ ഏര്‍പ്പെടുത്തിക്കൊടുത്തതാണ് ആല്‍ബിന് തുണയായത്.
ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് നല്‍കിയത് 'സെല്‍ഫിഷ് ലോകം' എന്ന വിഷയമായിരുന്നു. ഇതിലും അഴിമതിക്കാരായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുട്ടികള്‍ വെറുതെവിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി സെല്‍ഫി ഭ്രമവുമായി നടക്കുന്നതും വിലക്കയറ്റമടക്കമുള്ള ദുരിതത്തീയില്‍ ജനം വെന്തുരുകുന്നതും അഴിമതിപ്പണവും ചുമന്നുകൊണ്ട് നീങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമെല്ലാം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാംസ്ഥാനംനേടിയ കോഴിക്കോട് മടപ്പള്ളി ജിവിഎച്ച്എസ്എസിലെ അലീന സുധന്റെ കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളായി.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ