കഥപറഞ്ഞ് നേടിയ വിജയത്തിന് 40

Monday Jan 25, 2016

തിരുവനന്തപുരം > നാല്പത് വര്‍ഷംമുമ്പ് കോഴിക്കോട് സാമൂതിരി സ്കൂളിലെ കലോത്സവ വേദിയിലേക്ക് മകള്‍ പാര്‍വതിയുമൊത്താണ് ലക്ഷ്മി എത്തിയത്. അമ്മയുമായി ചേര്‍ന്ന് ചിട്ടപ്പെടുത്തിയ കഥാപ്രസംഗം വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ പാര്‍വതി വേദിയില്‍ അവതരിപ്പിച്ചു. കഥാപ്രസംഗം കലാരൂപമായി ആദ്യമായി ഉള്‍പ്പെടുത്തിയ കലോത്സവത്തില്‍ പാര്‍വതി ഒന്നാമതെത്തി.

സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലെ സുവര്‍ണകാലം ഓര്‍ത്തെടുക്കുകയാണ് കോഴിക്കോട് തളി പുത്തന്‍ കോവിലകത്തെ പാര്‍വതി സുന്ദരരാമന്‍. ഹൈസ്കൂള്‍ വിഭാഗം കഥാപ്രസംഗം നടന്ന എസ്എംവിഎച്ച്എസ്എസിലാണ് ഞായറാഴ്ച കഥാപ്രസംഗം കേള്‍ക്കാന്‍ ഇവരെത്തിയത്. അമ്മ ലക്ഷ്മിതന്നെയായിരുന്നു ഇത്തവണയും പാര്‍വതിയുടെ ചങ്ങാതി.

1976–ല്‍ ചാലപ്പുറം ഗവ. ഗേള്‍സ് എച്ച്എസ്്എസിനെ പ്രതിനിധീകരിച്ചാണ് പാര്‍വതി കഥാപ്രസംഗം അവതരിപ്പിച്ചത്. അന്ന് വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വാദ്യോപകരണങ്ങള്‍ മാര്‍ക്കിന് മാനദണ്ഡമാവില്ലെന്ന ഉറപ്പിലാണ് പരിപാടി നടന്നത്.
ജി ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ കവിതാസമാഹാരത്തിലെ കൊച്ചമ്മ എന്ന കവിതയാണ് വേദിയില്‍ അവതരിപ്പിച്ചത്. വെള്ളിക്കിണ്ണത്തില്‍ പൂച്ചയ്ക്ക് പാലുകൊടുക്കുന്ന ധനികയായ സ്ത്രീയെക്കുറിച്ചുള്ളതായിരുന്നു കവിത. പൂച്ചയ്ക്ക് കൊതികിട്ടുമെന്ന് പറഞ്ഞ് യാചകബാലനെ ഇവര്‍ ആട്ടിയോടിക്കുന്നതാണ് കഥ.
അമ്മയുമായിചേര്‍ന്ന് സംഗീതംനല്‍കി. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്ന  പാര്‍വതി ആനന്ദഭൈരവി, കാപ്പി, ബിലഹരി, അഠാണ തുടങ്ങിയ രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയത്. സമ്മാനം ലഭിക്കുമെന്ന് അന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് പാര്‍വതിയും അമ്മയും പറയുന്നു.

ഇപ്പോഴുള്ള കഥാപ്രസംഗങ്ങളില്‍ സംഗീതം കൂടുതല്‍ ഉപയോഗിക്കുന്നില്ലെന്ന പരാതിയാണ് പാര്‍വതിക്കുള്ളത്. വിവരണം കൂടുതലായി വരുന്നുവെന്നും പാര്‍വതി. 1981–ല്‍ നടന്ന കലിക്കറ്റ്് സര്‍വകലാശാലാ കലോത്സവത്തില്‍ ലളിതസംഗീതത്തിന് പാര്‍വതിക്ക് ഒന്നാംസ്ഥാനം ലഭിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ ഹരികഥ അവതരിപ്പിക്കാന്‍ ഇപ്പോള്‍ സമയം കണ്ടെത്തുകയാണ് ഈ വീട്ടമ്മ. വഴുതക്കാട് താജ് വിവാന്റക്ക് സമീപം റോയല്‍ പാംസ് ഫ്ളാറ്റിലാണ് പാര്‍വതിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് രാമനാഥന്‍ എസ്ബിഐ എജിഎമ്മാണ്. മകള്‍ അനന്തലക്ഷ്മി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് ഓങ്കോളജിയില്‍ പിഎച്ച്ഡി നേടി. മകന്‍ രാമനാഥന്‍ ബിടെക് വിദ്യാര്‍ഥിയാണ്.    

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ