പാട്ടിന്റെ വസന്തം; പടേനി, തോറ്റം, തുടി...

Monday Jan 25, 2016
എച്ച്എസ്എസ് ഒപ്പന എ ഗ്രേഡ് – ബിഎസ്എന്‍എം എച്ച്എസ്എസ് മൂത്തകുന്നം

തിരുവനന്തപുരം > അനുഷ്ഠാന, ഗോത്രതാളങ്ങളിലലിഞ്ഞപ്പോള്‍ പൂജപ്പുരയുടെ പകല്‍ ഉച്ചച്ചൂടിന്റെ കാഠിന്യം അറിഞ്ഞില്ല. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാംവേദിയായ പൂജപ്പുര മൈതാനത്ത് നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ട് മത്സരം കേരളത്തിന്റെ തനത് പാട്ടുസംസ്കാരത്തിന്റെ ഓര്‍മപ്പെടുത്തലായി. അന്യംനിന്ന കലാരൂപങ്ങളുടെ അവതരണത്താലും മത്സരം സമ്പന്നം.

അനുഷ്ഠാനം, കൃഷി, കളി, ഉത്സവം എന്നിങ്ങനെ നാലുതരം നാടന്‍പാട്ടുകളാണ് വേദിയില്‍ നിറഞ്ഞത്. മധ്യതിരുവിതാംകൂറിലെ പടേനി മുതല്‍ വടക്കന്‍ കേരളത്തിന്റെ മലയരുടെ അനുഷ്ഠാന കലയായ കണ്ണേറുപാട്ടുവരെ നീളുന്നു. ളാക്കാട്ടുര്‍ എംജിഎം എന്‍എസ്എസിലെ ഗോകുല്‍ ഗോപിനാഥും സംഘവുമാണ് മറുത കോലവും പടേനി പാട്ടുമായി എത്തിയത്. ഗോകുല്‍ 'ശലഭം' എന്ന സിനിമയില്‍ പാടിയിട്ടുണ്ട്. കാസര്‍കോട് ബെല്ലാ ഈസ്റ്റ് എച്ച്എസ്എസിലെ അമൃത ബാബുരാജും സംഘവും പരമ്പരാഗതരീതിയില്‍ തുടി അവതരിപ്പിച്ചു. ഓച്ചിറ ഗവ. എച്ച്എസ്എസിലെ ടീം കാപ്പുകെട്ടിയാണ് ഞാറ്റുപ്പാട്ട് പാടിയത്. 

ആലപ്പുഴ സെന്റ് മേരീസ് ജിഎച്ച്എസ്എസ് തോറ്റംപാട്ടാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം കാര്‍മല്‍ എച്ച്എസ്എസ് പാക്കനാര്‍പാട്ടുമായി എത്തി. പുലയരുടെ അനുഷ്ഠാന കലയായ വിരുന്നുപൂജയും വേദിയില്‍ അവതരിച്ചു. വി കെ ഷാലിമയുടെ നേതൃത്വത്തിലുള്ള ഒറ്റപ്പാലം എല്‍എസ്എന്‍ജിഎച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം. കുന്നംകുളം ബഥനി ഇഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും തൃശൂര്‍ സെ. ജോസഫ്സ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
കണ്ണേറുപാട്ടിന്റെ മാധുര്യം

തിരുവനന്തപുരം > മലയസമുദായക്കാര്‍ക്കിടെ പ്രചാരത്തിലുണ്ടായിരുന്ന കണ്ണേറുപാട്ടും കലോത്സവ വേദിയില്‍.  വയനാട്ടിലെ മീനങ്ങാടി ഗവ. എച്ച്എസ്എസ്, എറണാകുളം സെ. തെരേസാസ് സിജിഎച്ച്എസ്എസ് ടീമുകളാണ് പൂജപ്പുര മൈതാനത്ത് നടന്ന നാടന്‍ പാട്ടുമത്സരത്തില്‍ കണ്ണേറുപാട്ട് അവതരിപ്പിച്ചത്. രണ്ടു ടീമും എ ഗ്രേഡ് നേടി. ഗര്‍ഭിണികള്‍ക്ക് ബാധയകറ്റാനായി നടത്തിയിരുന്ന ഈ പാട്ടും ചടങ്ങും ഇന്ന് അപൂര്‍വമാണ്. പുതുലമുറയില്‍പ്പെട്ടവര്‍ ഈ രംഗത്തേക്ക് കടക്കാന്‍ മടികാണിക്കുന്നു. എന്നാല്‍ കുടക് പ്രദേശത്തൊക്കെ ഇപ്പോള്‍  വീടുകളിലെത്തി ചിലര്‍ കണ്ണേറുപാട്ട് നടത്തി ദക്ഷിണ സ്വീകരിക്കുന്നുണ്ട്. വലന്തല ചെണ്ടയും കൈമണിയുമാണ് ഉപയോഗിക്കുന്നത്.
  കാര്‍ഷിക, ഗോസമൃദ്ധിക്കായി വടക്കേ മലബാറില്‍ മലയ, പാണ സമുദായങ്ങള്‍ ചെയ്തിരുന്ന കോതാമൂരി പാട്ടും അവതരിപ്പിച്ചു. തെയ്യക്കോലംകെട്ടിയ കുട്ടിയുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന സംഘം ദക്ഷിണയായി അരിയും ധാന്യങ്ങളും വാങ്ങും. തുലാം പത്തിനുശേഷമാണ് ഇത് നടത്തുക. 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ