പൊട്ടിച്ചിരിക്കാന്‍ വെളിച്ചമെന്തിന് ?

Sunday Jan 24, 2016
മിമിക്രി വേദിയില്‍ ചന്ദ്രബാബുവും ഉണ്ണിക്കണ്ണനും

തിരുവനന്തപുരം > 'കിളികള്‍ക്ക് ജലദോഷമൊന്നുമില്ല അല്ലേ' ചന്ദ്രബാബു ഇറക്കിയ ആ ഒന്നൊന്നര തമാശക്ക് ഒരു ചിരിയായിരുന്നു ഉണ്ണിക്കണ്ണന്റെ മറുപടി. അതൊരു പൊട്ടിച്ചിരിയായപ്പോള്‍ ഇരുവരുടെയും ഇരുള്‍മിഴികള്‍ തിളങ്ങി. നുറുങ് തമാശകള്‍ നിറഞ്ഞ ആ സംഭാഷണം കേട്ടവര്‍ പറഞ്ഞു ഈ മിമിക്രിക്ക് മുന്നില്‍ 'ഇരുട്ടും ചിരിക്കും'.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മിമിക്രി വേദിയിലാണ് അന്ധതയെ മികവുകൊണ്ട് മറികടന്ന താരങ്ങള്‍ കണ്ടുമുട്ടിയത്.

1991–ലെ സംസ്ഥാന കലോത്സവത്തിലെ മിമിക്രി ഒന്നാംസ്ഥാനക്കാരനാണ് ചന്ദ്രബാബു. ഉണ്ണിക്കണ്ണന്‍ ശനിയാഴ്ച ഹൈസ്കൂള്‍ വിഭാഗം മിമിക്രി മത്സരത്തില്‍ ശബ്ദാനുകരണത്തിന്റെ ഇന്ദ്രജാലംതീര്‍ത്ത മിടുക്കനും. തിരുവനന്തപുരം ജില്ലക്കാര്‍, തമാശ നാവില്‍ ചേക്കേറുംമുമ്പെ കണ്ണീരിന്റെ ഉപ്പുരസമറിഞ്ഞവര്‍, അതിഥിയായി വന്ന ശസ്ത്രക്രിയ എന്നിങ്ങനെ ഇവര്‍ തമ്മില്‍ സാമ്യതയേറെ.  ചന്ദ്രബാബുവിന് വലതുകണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. ഇടതുകണ്ണില്‍ അവശേഷിക്കുന്ന കാഴ്ചയുടെ ആയുസ്സുകൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച പിണങ്ങിപ്പോയി. ഒന്നരവയസ്സുവരെ കാഴ്ചയുണ്ടായിരുന്ന ഉണ്ണിക്കണ്ണന് ശിരസ്സിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടത്തിയ ശസ്ത്രക്രിയയിലാണ് കാഴ്ച നഷ്ടപ്പെട്ടത്.

ടേപ്പ് റെക്കോര്‍ഡറില്‍ ശബ്ദങ്ങള്‍കേട്ട് അനുകരണം പഠിച്ച ചന്ദ്രബാബു സംസ്ഥാന സ്കൂള്‍ കലോത്സവ വിജയത്തിന് പുറമേ കേരള സര്‍വകലാശാലാ കലോത്സവം, സംസ്ഥാന ടിടിഐ കലോത്സവം എന്നിവയില്‍ വിജയക്കൊടിനാട്ടി. ഇപ്പോള്‍ വഞ്ചിയൂര്‍ ഗവ. ഹൈസ്കൂള്‍ അധ്യാപകനാണ്. അന്ധവിദ്യാലയ ഹോസ്റ്റലിലെ കൂട്ടുകാര്‍ക്ക് മുന്നിലാണ് ഉണ്ണിക്കണ്ണന്‍ അനുകരണത്തിന്റെ ചിരിയുടെ അമിട്ടുകള്‍ ആദ്യം പൊട്ടിച്ചത്. ഒരു പരിപാടിയില്‍ മിമിക്രി അവതരിപ്പിക്കുന്നതുകണ്ട നടന്‍ ജഗദീഷിന് ഉണ്ണിക്കണ്ണന്റെ പ്രകടനം 'ക്ഷ'പിടിച്ചു. ഇത് മനു ചിറയിന്‍കീഴെന്ന പരിശീലകനെ ലഭിക്കാന്‍ ഇടയാക്കി. കോളിച്ചിറയിലെ കെട്ടിടംപണിക്കാരനായ അനില്‍–റീന ദമ്പതികളുടെ മകനായ ഉണ്ണിക്കണ്ണന്‍ വര്‍ക്കല ശിവഗിരി എച്ച്എസ്എസിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിയാണ്.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ