'ഇമയനക്കങ്ങള്‍' കളിച്ചു ഇമവെട്ടാതെ പ്രതിഷേധിച്ചു

Saturday Jan 23, 2016
നാടക വിധിനിര്‍ണയത്തില്‍ അപാകം ആരോപിച്ച് വേദിക്കുമുന്നില്‍ പ്രതിഷേധിച്ച തിരുവനന്തപുരം കോട്ടണ്‍ഹില്‍ എച്ച്എസ്എസിലെ കുട്ടികളുമായി അധികൃതര്‍ സംസാരിക്കുന്നു

തിരുവനന്തപുരം > സ്ത്രീകളുടെ ജീവിതം പിച്ചിചീന്തുന്നവര്‍ക്കെതിരായ പോരാട്ടമാണ് ഞങ്ങളുടെ നാടകം. അതിനാല്‍ നീതികിട്ടുംവരെ ഞങ്ങള്‍ ഈ പ്രതിഷേധം തുടരും. പാവപ്പെട്ടവര്‍ പഠിക്കുന്ന സ്കൂളില്‍നിന്നാണ് ഞങ്ങള്‍ വരുന്നത്. ഞങ്ങള്‍ക്ക് നീതിവേണ്ടെ...? തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ജിഎച്ച്എസ്എസിലെ പെണ്‍കുട്ടികള്‍ ഇതുപറയുമ്പോള്‍ അവരുടെ മുഖത്ത് തലേദിവസം വേദിയില്‍ അവതരിപ്പിച്ച നാടകത്തിലെ കഥാപാത്രങ്ങളായ മലാല യൂസഫിന്റെയും കല്‍പനചൌളയുടെയും ആത്മസ്ഥൈര്യം കാണാമായിരുന്നു. സെന്റ്ജോസഫ് സ്കൂള്‍ പുലരുവോളം നാടകത്തിന് വേദിയായെങ്കില്‍, ശനിയാഴ്ച പകല്‍ മണിക്കൂറുകളോളം നാടകത്തിനപ്പുറത്തെ യഥാര്‍ഥ പ്രതിഷേധത്തിന്റെ വേദിയായി.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇമയനക്കങ്ങള്‍ എന്ന നാടകമാണ് ഇവര്‍ അവതരിപ്പിച്ചത്. വര്‍ത്തമാനകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നാടകമായി അവതരിപ്പിച്ച അവര്‍ കരുതിക്കാണില്ല, യാഥാര്‍ഥ അവഗണന പുറത്ത് തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്. നാടകമത്സരത്തില്‍ മനഃപൂര്‍വം ബി ഗ്രേഡ് നല്‍കിയെന്ന പരാതിയുമായാണ് നാടകത്തില്‍ വേഷമിട്ട പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. വേദിയുടെ പടവില്‍ ഇരുപ്പുറപ്പിച്ച അവര്‍ പ്രതിഷേധിക്കുന്നതിനിടെ ഇടയക്ക് സങ്കടംകൊണ്ട് കരഞ്ഞു. 21 ടീം മത്സരിച്ചതില്‍ ഞങ്ങള്‍ക്കുമാത്രം ബി ഗ്രേഡെന്നു പറഞ്ഞ് വിധികര്‍ത്താക്കള്‍ സ്ഥലംവിട്ടെന്നാണ് ഇവരുടെ പരാതി. അതോടെ പുലര്‍ച്ചെ നാലരയോടെത്തന്നെ അവര്‍  പ്രതിഷേധവും തുടങ്ങി. എന്നാല്‍ സംഘാടകരില്‍ ചിലര്‍ ലൈറ്റ് ഓഫാക്കിയെന്ന് കുട്ടികള്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികള്‍ വഴങ്ങിയില്ല. ഞങ്ങളുടെ പിഴവെന്താണെന്ന് വിധികര്‍ത്താക്കള്‍ പറയണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. അതോടെ പൊലീസും വെട്ടിലായി. ഇങ്ങനെയായാല്‍ നടപടിയെടുക്കേണ്ടിവരുമെന്ന്  പൊലീസ് പറഞ്ഞപ്പോഴും പത്ത് പെണ്‍കുട്ടികളും അനങ്ങിയില്ല. രക്ഷിതാക്കളും പിടിഎ പ്രസിഡന്റ് മോഹന്‍ദാസും കുട്ടികളെ പിന്തുണച്ചു. അതോടെ സമയം പത്തുകഴിഞ്ഞു.

അടുത്ത ഇനമായ നാടോടി നൃത്തത്തിനുള്ള കുട്ടികള്‍ വേഷമിട്ട് എത്തിതുടങ്ങി. അതോടെ സംഘാടകരും പൊലീസും കലോത്സവം ജനറല്‍ കണ്‍വീനര്‍കൂടിയായ എഡിപിഐ ജോണ്‍ പി ജോണ്‍സണെ വിളിച്ചുവരുത്തി. കുട്ടികളുമായി ചര്‍ച്ചനടത്തിയ അദ്ദേഹം മുഴുവന്‍ നാടകത്തിന്റെയും സിഡി പരിശോധിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കി. ഇതോടെയാണ് കുട്ടികള്‍ സ്റ്റേജില്‍നിന്ന് മാറിയത്. എന്നാല്‍ ഭക്ഷണം കഴിക്കാതെ, അന്തിമ തീരുമാനം വരുംവരെ തങ്ങള്‍ സദസ്സിലിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് കുട്ടികള്‍ പിരിഞ്ഞത്. അതിനിടെ പ്രതിഷേധം നീണ്ടതോടെ തളര്‍ന്നുവീണ രണ്ടു കുട്ടികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ