• 24 ജൂലൈ 2014
 • 8 കര്‍ക്കടകം 1189
 • 26 റംസാന്‍ 1435
Latest News :
ഹോം  » ചിന്ത
 • സത്യാന്വേഷണങ്ങളെ വന്ധ്യംകരിക്കുമ്പോള്‍
  അഡ്വ. കെ അനില്‍കുമാര്‍
 • ""എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍"" എന്നതാണ് മഹാത്മജിയുടെ ആത്മകഥയുടെ പേര്. കോണ്‍ഗ്രസുകാര്‍ പൊതുവെ ഗാന്ധിയന്‍മാരാണെന്ന് മേനിനടിക്കുമെങ്കിലും, ഉമ്മന്‍ചാണ്ടി ഗാന്ധി പാരമ്പര്യം വളരെ കുറച്ചേ അവകാശപ്പെട്ടു കാണാറുള്ളൂ. സത്യം കണ്ടെത്താനുള്ള ഒരു ജീവിത യാത്രയായിരുന്നു മഹാത്മജിയുടേത്. കോണ്‍ഗ്രസ് പിരിച്ചുവിടുകയാണ് ഭാരതത്തിന് നല്ലതെന്ന പരമമായ സത്യം ഗാന്ധിജി കണ്ടെത്തി പറയുന്ന കാലമായപ്പോള്‍, അദ്ദേഹത്തിന്റെ അനുയായികള്‍ അധികാരത്തിന്റെ ലഹരി ആവോളം നുണഞ്ഞു തുടങ്ങിയിരുന്നു.

   

  1935ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ ഭാഗമായി 1936ല്‍ ഭാരതത്തിലെമ്പാടും സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. കേവലം പതിനെട്ട് മാസങ്ങള്‍കൊണ്ട്, സംസ്ഥാന മന്ത്രിസഭകളെ നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഴിമതിയുടെ അനുഭവംവച്ചാണ്, സ്വാതന്ത്ര്യലബ്ദിക്കുമുമ്പുതന്നെ കോണ്‍ഗ്രസ് പാര്‍ടി പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ഒസ്യത്ത് എഴുതിവച്ചത്. അത്രയേറെ ദീര്‍ഘദര്‍ശനം നടത്തിയ ഗാന്ധിജിപോലും ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍, കോണ്‍ഗ്രസിന്റെ ലേബലില്‍ മുഖ്യമന്ത്രിക്കസേരയിലെത്തുമെന്ന് ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. എന്തപമാനം സഹിച്ചും, മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് ലോകചരിത്രത്തില്‍ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ? വ്യക്തിപരമായി ഓരോ ദിവസവും അപമാനകരമായ കാര്യങ്ങള്‍ ചെയ്തും ചെയ്യിച്ചും, മുഖ്യമന്ത്രിപദവിയുടെ അവസാന ദിനങ്ങളിലേക്ക് ശരവേഗത്തില്‍ കുതിക്കുന്ന ഉമ്മന്‍ചാണ്ടി നിയമവ്യവസ്ഥയ്ക്ക് ഏല്‍പിക്കുന്ന ആഘാതമാണ് ആരെയും ഉല്‍കണ്ഠപ്പെടുത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിവന്ന സമരത്തിന്റെമുന്നില്‍ മുട്ടുമടക്കേണ്ടിവന്ന ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. അതിന്റെ ടേംസ്ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടിതന്നെയാണ് വ്യക്തമാക്കിയത്. അതുകൊണ്ട് എല്‍ഡിഎഫ് ഒരു ഉപസമിതിയെവച്ച് കാര്യകാരണസഹിതം ഒരു കുറിപ്പ് തയ്യാറാക്കി. സര്‍ക്കാരിനെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച അഭിപ്രായം അറിയിച്ചു. സോളാര്‍ തട്ടിപ്പ് ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓരോ കേസായി പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനവ്യാപകമായി തട്ടിപ്പിനിരയായവരെ കണ്ടെത്തി ആശ്വാസം പകരുന്ന നിലപാടല്ല മറിച്ച് വാദികള്‍ ഏതോ കുറ്റംചെയ്ത മട്ടിലാണ് സര്‍ക്കാര്‍ അവരോട് പെരുമാറി വന്നത്. അതിനിടയാക്കിയത് മുഖ്യമന്ത്രിക്കും ആഫീസിനും ആ തട്ടിപ്പുകാരുമായുള്ള ബന്ധമാണെന്നതിന് ധാരാളം തെളിവുകള്‍ ലഭ്യമായി. മുഖ്യമന്ത്രി സദാ ഉപയോഗിക്കുന്ന ഫോണുകളിലേക്കും തിരിച്ചും നടന്ന ഫോണ്‍വിളികളുടെ തെളിവുകള്‍. മുഖ്യമന്ത്രിയുടെ ആപ്പീസിലെ എട്ടുപേരിലേക്കെങ്കിലും അന്വേഷണം എത്തിക്കേണ്ടതാണ്. അതൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയുമായി തനിക്കുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സരിത ശ്രീധരന്‍നായരെ വലവീശിപ്പിടിച്ചത്. അത് സാധൂകരിക്കുന്ന തെളിവുകളും ലഭിക്കും. ഇവയൊക്കെ സ്വീകരിക്കാനല്ല മറിച്ച്, കഴിയുന്നത്ര മറച്ചുവെയ്ക്കാനാണ് അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അന്വേഷണകമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വന്നപ്പോഴും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ആഫീസും ഇക്കാര്യത്തില്‍ ചെയ്ത തെറ്റുകളെപ്പറ്റി അന്വേഷിക്കാന്‍ വ്യവസ്ഥയില്ല. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം പൊതുതാല്‍പര്യ പ്രകാരമുള്ള വസ്തുതകളാണ് അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യാന്‍ സംസ്ഥാന പൊലീസ് നിര്‍ബന്ധിതമായ ഒരു കേസില്‍, അദ്ദേഹത്തിെന്‍റ ആഫീസിലെ അഞ്ചെട്ടുപേര്‍ കൂടി ഉള്‍പ്പെട്ട ഒരു സംഭവത്തില്‍, വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണം അനിവാര്യമെന്നിരിക്കെ, കൃത്യമായ ടേംസ് ഓഫ് റഫറന്‍സ് നല്‍കാതെ, തുടക്കത്തിലേ അന്വേഷണം അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ. മുഖ്യമന്ത്രിയുടെയും ആഫീസിെന്‍റയും പങ്കും വീഴ്ചയും നിസംശയം തെളിയുമെന്നിരിക്കേ, അത്തരമൊരു റിപ്പോര്‍ട്ട് വരാതെ നോക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന സൂത്രവിദ്യയാണ് തന്നെയും തെന്‍റ ആഫീസിനെയും പറ്റിയുള്ള അന്വേഷണം ഒഴിവാക്കിയത്. തെളിവുണ്ടെങ്കില്‍ തെന്‍റ പക്കല്‍ കൊണ്ട് ഹാജരാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. കോഴിയുടെ സുരക്ഷ കുറുക്കനെ ഏല്‍പിക്കുന്നതുപോലെയാകുമത്. മുഖ്യമന്ത്രിയോട്, സരിതക്കെതിരെ പരാതിപ്പെട്ടവരുടെ അനുഭവം മാത്രം മതി, ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കുമ്പോള്‍ ഈ കേസുകളുടെ അന്ത്യം എന്തെന്ന് പ്രവചിക്കാന്‍. സരിതയ്ക്കും ബിജുരാധാകൃഷ്ണനുമെതിരെ, ക്രിമിനല്‍ ഗൂഢാലോചന കുറ്റം പോലും ആരോപിക്കാതെ, ഫയല്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍, വാദികളെ പണം കൊടുത്തും പ്രലോഭിപ്പിച്ചും പാട്ടിലാക്കി, ഒറ്റയ്ക്കൊറ്റയ്ക്ക് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അന്വേഷണം നടന്നു വരുമ്പോള്‍, കേസുകള്‍ തന്നെ ഇല്ലാതാക്കാന്‍ കോടികള്‍ വാരിയെറിയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ട് ഉമ്മന്‍ചാണ്ടി പരിശുദ്ധനാണെന്ന് മേനി നടിച്ച്, വീണ്ടും ഇറക്കാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് കരുക്കള്‍ നീക്കുന്നത്. മുഖ്യമന്ത്രിയുടെ ആഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതിയില്‍ വരികയുണ്ടായി. അതു നല്‍കിയ വ്യക്തിയുടെ പശ്ചാത്തലം വ്യക്തമല്ല. എന്തായാലും ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്ന അസാധാരണമായ ഒരു വിധി വാങ്ങിച്ചുകൊടുത്തതില്‍ ഹര്‍ജിക്കാരന് സംതൃപ്തിക്കവകാശമുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തില്‍ ചെയ്തത്, നിഷ്കളങ്കമെന്നോ, നീതിനിര്‍വഹണ ത്വരമൂലമെന്നോ ന്യായീകരിക്കാന്‍ കഴിയില്ല. ശ്രീധരന്‍നായരുടെ കേസിലാണ് ഇത്തരമൊരു ഇടപെടല്‍ ഹൈക്കോടതി നടത്തിയത്. ശ്രീധരന്‍നായര്‍ കീഴ്ക്കോടതിയില്‍ കൊടുത്ത മൊഴി മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു മുന്നിലെത്തിയതാണ്. അത് വായിച്ചു നോക്കുക പോലും ചെയ്യാതെ, തുറന്ന കോടതിയില്‍ വച്ചു തന്നെ അഡ്വക്കേറ്റ് ജനറലിനെ മടക്കി ഏല്‍പിച്ചുവെന്ന് മാധ്യമങ്ങള്‍ പറയുന്നു. ശ്രീധരന്‍നായരുടെ കേസില്‍, വാദിയുടെ മൊഴിയില്‍ പറയുന്നതെന്താണെന്ന് പരിശോധിക്കാതെ, ഒരു കോടതി ആ കേസില്‍ വിധി പറയുന്നത് ഉചിതമാണോ? ശ്രീധരന്‍നായരുടെ വക്കീലാകട്ടെ, താന്‍ പറയാത്തതും തെന്‍റ കക്ഷി ഉദ്ദേശിക്കാത്തതുമായ കാര്യങ്ങള്‍, തങ്ങളുടേതായി കോടതി തെറ്റായി ഉദ്ധരിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയോട് നീരസം കാട്ടുകയും ചെയ്തു. എന്നിട്ടുപോലും ശ്രീധരന്‍നായര്‍ നല്‍കിയ മൊഴി വായിച്ചുനോക്കാതിരുന്നത് നിഷ്കളങ്കമാണോ? സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തു കഴിഞ്ഞുവെന്ന് പൊലീസ് കോടതിയില്‍ സത്യവാങ്മൂലം കൊടുത്തതോടെ ഹര്‍ജിയിലെ ആവശ്യം നടന്നു കഴിഞ്ഞതായി കണ്ട് തീര്‍പ്പാക്കാമായിരുന്ന ഒരു കേസില്‍ വിശദമായ ഒരു ഉത്തരവ് (ടുലമസശിഴ ീൃറലൃ) നല്‍കിയതിലാണ് അസാധാരണത്വം. കേസുകളുടെ ബാഹുല്യംമൂലം പല കേസുകളിലും ഹൈക്കോടതിയുടെ ഉത്തരവുകള്‍ നാലുവരിയിലൊതുങ്ങുന്നത് കണ്ടുവരുമ്പോള്‍, ഇവിടെ പതിനെട്ടു പുറങ്ങളിലായി വാരി വലിച്ചെഴുതിയ ഉത്തരവിെന്‍റ ലക്ഷ്യം നീതിനിര്‍വഹണ ത്വരയാണെന്ന് ആരു വാദിച്ചാലും ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ സാധിക്കുമോ? കരയ്ക്കിരുന്ന് കൈ നനയാതെ മീന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ സഹായിച്ച ഈ വിധി, കീഴ്ക്കോടതിയുടെ അധികാരത്തിനുമേലുള്ള കയ്യേറ്റമാണ്. ഒരു കേസിെന്‍റ അന്വേഷണ മേല്‍നോട്ടം, കീഴ്ക്കോടതിയുടെ അധികാരത്തിലും ചുമതലയിലുമായിരിക്കെ, അതിനുമേല്‍ വിലങ്ങിടുന്ന നിരീക്ഷണങ്ങള്‍ വിചാരണയ്ക്കോ, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കലിനോ മുമ്പ് ഹൈക്കോടതി നടത്തുന്നതിന് എന്ത് കീഴ്വഴക്കമാണുള്ളത്. ഹൈക്കോടതിയുടെ, സവിശേഷാധികാരങ്ങളുടെ പ്രയോഗം കീഴ്ക്കോടതി വിധിക്കുമേല്‍ നടത്തുന്ന അപ്പീലിെന്‍റയോ, റിവിഷെന്‍റയോ പരിശോധനയിലാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജിയുടെ വാദം കേട്ട് തീര്‍പ്പാക്കുമ്പോള്‍ ഇല്ലാത്ത അധികാരം ഹൈക്കോടതി പ്രയോഗിച്ചു.

   

  സംസ്ഥാന മന്ത്രിസഭാംഗമായ കെ സി ജോസഫ്, ഇതേ ഹൈക്കോടതിയിലെ ചില ന്യായാധിപന്‍മാരുടെ പൂര്‍വാശ്രമം ചികഞ്ഞുനോക്കി അവരെ ആക്ഷേപിച്ചത് മറക്കാറായിട്ടില്ല. എന്തുകൊണ്ടോ, ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഗൗരവതരമായ ഒരു ഇടപെടലായി തോന്നിയിട്ടില്ല. കോടതിയലക്ഷ്യ നിയമംപോലും പക്ഷപാതപരമായി വിനിയോഗിക്കപ്പെടുന്നതിെന്‍റ ഉത്തമ ഉദാഹരണമാണ്, മന്ത്രി കെ സി ജോസഫിെന്‍റ പരാമര്‍ശങ്ങളില്‍ പുലര്‍ത്തിയ വാചാലമായ മൗനം. ഹൈക്കോടതി ബഞ്ചുകളില്‍, ഓണാവധികഴിയുമ്പോള്‍ മാറ്റം വരാറുള്ളത് സാധാരണ നടപടി മാത്രമാണ്. അത് ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണെന്നുള്ള തോന്നല്‍ ബലപ്പെടുത്തുന്ന, അതിരുകടന്ന ഒരു വിധിയിലൂടെ സത്യാന്വേഷണങ്ങളെ വന്ധ്യംകരിക്കാന്‍ ഹൈക്കോടതി ഉപകരണമായതില്‍ ലജ്ജിക്കണം.