• 26 ജൂലൈ 2014
 • 10 കര്‍ക്കടകം 1189
 • 28 റംസാന്‍ 1435
Latest News :
ഹോം  » കിളിവാതില്‍
 • വിട്ടുമാറാത്തജലദോഷം
  ഡോ.ഉഷ കെ പുതുമന
 • മുതിര്‍ന്നവരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്ന വളരെ വിഷമിപ്പിക്കുന്ന രോഗാവസ്ഥയാണ് മാറാത്ത ജലദോഷം അഥവാ റിനൈറ്റിസ്. മൂക്കിനുള്ളിലെ നേര്‍ത്ത സ്തരത്തിനെ വിഷമിപ്പിക്കുന്ന നീര്‍ക്കെട്ടാണ് കാരണം. അലര്‍ജിക്, നോണ്‍ അലര്‍ജിക് എന്നിങ്ങനെ റിനൈറ്റിസ് രണ്ടുതരമുണ്ട്. അന്തരീക്ഷ മലിനീകരണവും പരിസര മലിനീകരണവും കാരണമാകാം ധാരാളം ആളുകള്‍ അലര്‍ജിക് റിനൈറ്റിസുമായി ചികിത്സതേടി എത്തുന്നു. പൊടി, പുക, പൂമ്പൊടി തുടങ്ങി അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍ ശ്വസിക്കാന്‍ ഇടവരുന്നത് ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെത്തന്നെ ബാധിക്കുന്നു. കൂടുതലായി പ്രതികരിക്കുന്ന  അലര്‍ജനുകള്‍ ഇമ്യൂണോഗ്ലോബുലിന്‍ ഇ എന്ന ആന്റിബോഡി ഉണ്ടാകാന്‍ കാരണമാകുന്നു. മാസ്റ്റ് കോശങ്ങളുമായും ബേസോഫില്‍ കോശങ്ങളുമായും പ്രവര്‍ത്തിക്കുമ്പോള്‍ ഫിസ്റ്റമിനും മറ്റു ചില രാസപദാര്‍ഥങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു. ഇവ തുമ്മലിനും മൂക്കൊലിപ്പിനും ഇടയാകുന്നു. രക്തക്കുഴലുകള്‍ കൂടുതലായി വികസിക്കുന്നു. തൊലിക്ക് ചുവപ്പുനിറവും മൂക്കിനുള്ളിലെ നേര്‍ത്ത സ്തരത്തിന് വീര്‍പ്പും ഉണ്ടാകുന്നു. മൂന്നില്‍നിന്നും കണ്ണില്‍നിന്നും വെള്ളം വരുന്നതിനും മറ്റും ഇടയാകുന്നു. മൂക്കിനുള്ളില്‍ നീര്‍ക്കെട്ടും കഫം അടഞ്ഞിരിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.

   

  വളരെ പെട്ടെന്ന് പ്രതികരിക്കുന്ന രീതിയിലുള്ള ശരീരത്തിന്റെ തൊലിപ്പുറത്ത് തിണര്‍പ്പുകളും ഉണ്ടാകുന്നു. ജീവിക്കുന്ന ചുറ്റുപാടും പാരമ്പര്യവും ഒരുപരിധിവരെ ഈ രോഗത്തിന് കാരണമാകാറുണ്ട്. ആറുവയസ്സിനു മുകളിലുള്ള കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍ അധികമാകുമ്പോള്‍ നമ്മുടെ ഉറക്കത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ജീവിതത്തിന്റെ ഗുണനിലവാരംതന്നെ താഴ്ന്നുപോകുന്നു. 25 ശതമാനം ജനങ്ങളും അനുഭവിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് അലര്‍ജിക് റിനൈറ്റിസ്. മൂക്കൊലിപ്പ്, മൂക്ക് ചൊറിച്ചില്‍, മൂക്കടപ്പ്, കണ്‍പോളകള്‍ തടിച്ചിരിക്കുക, കണ്ണിന് ചുവപ്പ്, മൂക്കിനുള്‍വശം തടിക്കുക, ചെവി അടഞ്ഞിരിക്കുന്നതായി തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒന്നുരണ്ടു ദിവസം കഴിയുമ്പോള്‍ മുഖത്ത് പേശികള്‍ക്ക് വേദന, കട്ടിയുള്ള കഫം വരിക തുടങ്ങിയ ലക്ഷണങ്ങളോടെ സൈനസൈറ്റിസായി രോഗം മാറുന്നു. മൂക്കിനുള്ളിലെ നേര്‍ത്ത സ്തരവും സൈനസുകളും ഈ രോഗാവസ്ഥയില്‍ വിഷമിപ്പിക്കപ്പെടുന്നുണ്ട്.

   

  റിനൈറ്റിസും സൈനസൈറ്റിസും തമ്മില്‍ അടുത്ത ബന്ധമാണ്. ഇഎന്‍ടി വിദഗ്ധര്‍ ഈ രോഗാവസ്ഥയെ ഇപ്പോള്‍ റിനോസൈനസൈറ്റിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. സൈനസുകള്‍ വായു നിറഞ്ഞിരിക്കുന്ന അറകളാണ്. നെറ്റിയുടെയും മൂക്കിന്റെയും കവിളിന്റെയും കണ്ണുകളുടെയും പിറകില്‍ തലയോട്ടിയില്‍ എത്മോയ്ഡ്, മാക്സില്ലറി, ഫ്രോണ്ടല്‍ സ്ഫിനോയ്ഡ് സൈനസ് എന്നിങ്ങനെ നാലു പ്രധാന സൈനസുകളാണുള്ളത്. നേര്‍ത്ത സ്തരത്തിനാല്‍ ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉച്ഛാസവായുവിന് നവും ചൂടും പ്രദാനംചെയ്യുക. ചുറ്റുമുള്ള അവയവങ്ങള്‍ക്ക് സംരക്ഷണം ഇവയാണ് പ്രധാന ധര്‍മങ്ങള്‍. വൈറസുകള്‍, ബാക്ടീരിയ, അലേര്‍ജനുകള്‍ തുടങ്ങിയവ നേര്‍ത്ത സ്തരത്തിന് നാശമുണ്ടാക്കുകയും അത് നീര്‍ക്കെട്ടിലേക്ക് മാറുകയും ചെയ്യുന്നു. മൂക്കിനുള്ളില്‍ തടസ്സമുണ്ടാകാന്‍ കാരണമാകുന്നു. മൂക്കിനുള്ളില്‍ സാധാരണ കാണപ്പെടുന്ന ബാക്ടീരിയകളുടെ വര്‍ധനയ്ക്ക് ഇതുകാരണമാകുന്നു. ഇത് സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ക്കും കാരണമാകുന്നു.

   

  ഓരോ സൈനസുകളെയും ബാധിക്കുന്ന വൈഷമ്യം ഉണ്ടാക്കുന്ന ലക്ഷണങ്ങളും പലതാണ്. മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, തലയ്ക്ക് ഭാരം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തലവേദന അധികരിക്കുക, കണ്ണുകള്‍ക്കു മുകളിലും മൂക്കിന്റെ വശങ്ങളിലും ശക്തമായ വേദന, കവിളെല്ലുകള്‍ക്ക് വേദന, പല്ലുവേദന ഒക്കെ സൈനസൈറ്റിസിന്റെ ലക്ഷണങ്ങളാണ്. ശരിയായി ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ പല രോഗാവസ്ഥകള്‍ക്കും ഇതു കാരണമാകും. മൂക്കിന്റെ പാലം വളയുക , മൂക്കിനുള്ളില്‍ മാംസക്കുരു  തുടങ്ങിയവയും സൈനസൈറ്റിസിന് കാരണമാകുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന സൈനസൈറ്റിസ് നാലാഴ്ച നീണ്ടുനില്‍ക്കും. 12 ആഴ്ചവരെ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയുമുണ്ട്. മൂന്നുമാസത്തിലേറെ വിഷമിപ്പിക്കുന്ന ക്രോണിക് സൈനസൈറ്റിസിന് ദീര്‍ഘകാല ചികിത്സ ആവശ്യമാണ്. മിക്കപ്പോഴും രോഗത്തിന്റെ പ്രധാന കാരണം അലര്‍ജിയാണ്. അലര്‍ജി ചികിത്സിക്കാന്‍ മരുന്നുകളില്ല. അലര്‍ജിയുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് ചികിത്സിക്കപ്പെടുന്നത്. അലര്‍ജിരോഗങ്ങള്‍ ഇസ്നോഫില്‍സിന്റെ എണ്ണം കൂട്ടുന്നതില്‍ പ്രധാന കാരണമാണ്. ഇസ്നോഫീലിയ രോഗമല്ല. രോഗസൂചകമാണ്. ഇത്തരം രോഗാവസ്ഥയില്‍ രക്തപരിശോധന അത്യാവശ്യം ചെയ്തിരിക്കണം. പലപ്പോഴും അബ്സൊലൂട്ട് ഇസ്നോഫില്‍ കൗണ്ട് (അഋഇ) കൂടിയിരിക്കും. 350 സെല്‍സ്/മൈക്രോലിറ്റര്‍ ഓഫ് ബ്ലഡ് ആണ് നോര്‍മല്‍ കൗണ്ട്. അലര്‍ജിക്കെതിരെയുള്ള മരുന്നുകള്‍, മൂക്കിനുള്ളിലെ തടസ്സം നീക്കാന്‍ നേസല്‍സ്പ്രേ ഉള്‍പ്പെടെയുള്ള ഉലരീിഴലെമേിേെ തുടങ്ങിയവ ഉപയോഗിച്ചാണ് ആധുനിക വൈദ്യശാസ്ത്രം സൈനസൈറ്റിനെയും റിനൈറ്റിസിനെയും ചികിത്സിക്കുന്നത്. ഇവയുടെ ദീര്‍ഘകാല ഉപയോഗം തീര്‍ച്ചയായും പാര്‍ശ്വഫലങ്ങളുണ്ടാക്കും. ഇത്തരം രോഗലക്ഷണങ്ങള്‍ പ്രതിശ്യായം എന്ന പേരില്‍ ആയുര്‍വേദത്തില്‍ വിവരിക്കുന്നു. പ്രതിക്ഷണം ഒഴുകിക്കൊണ്ടിരിക്കുന്നത് എന്ന അര്‍ഥത്തിലാണ് ഈ പേരു നല്‍കിയിരിക്കുന്നത്. വളരെയേറെ തണുപ്പേല്‍ക്കുക, തണുപ്പുള്ള പ്രദേശത്ത് താമസിക്കുക, മലമൂത്രവിസര്‍ജനം ശരിയായരീതിയില്‍ ഇല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍കൂടി ഈ രോഗത്തിന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. തലയ്ക്കുഭാരം, തുമ്മല്‍, ശരീരവേദന, കുളിര്, പനി, അരുചി തുടങ്ങിയ ലക്ഷണങ്ങള്‍ ജലദോഷത്തിനുമുമ്പ് അനുഭവപ്പെടുന്നു.

   

  ലക്ഷണങ്ങളുടെ വ്യത്യാസത്തില്‍ വാതികം, പൈത്തികം, കഫജം, രക്തജം തുടങ്ങി പലതരം പ്രതിശ്യായം പറയപ്പെടുന്നു. രക്തജപ്രതിശ്യായത്തില്‍ രക്തവര്‍ണത്തിലുള്ള കഫം, കണ്ണുകള്‍ക്ക് ചുവപ്പ്, നിശ്വാസത്തിലും വായില്‍നിന്നും ദുര്‍ഗന്ധം, ഗന്ധം അറിയാന്‍ കഴിയായ്ക, ചുമ, നെഞ്ചിന് ശക്തിയായ വേദന, പനി തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്. എച്ച്1 എന്‍1 പനിയില്‍ കാണുന്ന പല ലക്ഷണങ്ങളോടും ഇവയ്ക്ക് സാമ്യമുണ്ട്. മൂക്ക് സദാ അടഞ്ഞിരിക്കുക, ചിലപ്പോള്‍ വരണ്ടിരിക്കുക, ദുര്‍ഗന്ധം, ഗന്ധമറിയായ്ക, കേഴ്വിക്കുറവ്, കണ്ണിന് പല രോഗങ്ങള്‍, വിട്ടുമാറാത്ത ചുമ, വിശിപ്പില്ലായ്മ, ശരീരക്ഷീണം, മെലിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഉണ്ടാവാം. എല്ലാ പ്രതിശ്യായത്തിനും ഒരേ മരുന്നുകള്‍ കഴിക്കാനോ ഒരേ മരുന്നുകൊണ്ട് നസ്യംചെയ്യാനോ ആയുര്‍വേദത്തില്‍ നിര്‍ദേശിക്കുന്നില്ല. ഒരുദിവസത്തെ നസ്യംകൊണ്ടോ കുറച്ചുനാളത്തെ ചികിത്സകൊണ്ടോ ഭേദമാക്കാവുന്ന രോഗമല്ലിത്. രോഗാരംഭത്തില്‍ നസ്യം നിര്‍ദേശിച്ചിട്ടില്ല. ഔഷധങ്ങളാലും വിയര്‍പ്പിക്കല്‍, ശിരോധാര, തലപൊതിച്ചില്‍, ഛര്‍ദിപ്പിക്കല്‍ തുടങ്ങിയ ക്രിയകളാലും രോഗത്തെ പക്വാവസ്ഥയില്‍ എത്തിച്ചശേഷമാവണം നസ്യം ചെയ്യേണ്ടത്. പ്രതിരോധശക്തി വര്‍ധിപ്പിച്ചാല്‍ മാത്രമേ രോഗശമനം ഉണ്ടാകുകയുള്ളൂ. ഘൃതസേവനംകൊണ്ട് പ്രധാനമായും പ്രതിരോധശക്തി വര്‍ധിപ്പിക്കുകതന്നെയാണ് ചെയ്യുന്നത്.

   

  പ്രതിശ്യായത്തിന് വളരെ ഫലപ്രദമായ അനേകം ഔഷധങ്ങള്‍ ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദഹിക്കാന്‍ എളുപ്പമുള്ളതും പുളിരസമുള്ളതും ഉപ്പ് കൂടുതല്‍ ചേര്‍ത്തതും ചൂടുള്ളതുമായ ആഹാരം ഉപയോഗിക്കണം. പക്ഷികളുടെ ഇറച്ചി, ശര്‍ക്കര, ചുക്ക്, മുളക്, തിപ്പല്ലി ഇവ അധികമായി ചേര്‍ത്ത യവം, ഗോതമ്പ് എന്നിവകൊണ്ടുള്ള ആഹാരപദാര്‍ഥങ്ങള്‍, തൈര് എന്നിവ പ്രതിശ്യായ രോഗികള്‍ക്ക് ഉപയോഗിക്കാം. തണുത്തവെള്ളത്തിലുള്ള കുളി, തണുത്തവെള്ളം കുടിക്കുക, മദ്യപാനം, വരണ്ട ആഹാരപദാര്‍ഥങ്ങള്‍, തണുത്ത ആഹാരം ഇവ ഉപേക്ഷിക്കണം. പകലുറങ്ങരുത്, മലമൂത്രവിസര്‍ജനത്തിന് തടസ്സമുണ്ടാകരുത്. കൂടുതല്‍ കാറ്റും തണുപ്പും ഏല്‍ക്കുന്ന സ്ഥലത്താണ് താമസമെങ്കില്‍ അതിന് മാറ്റംവരുത്തണം. ചിട്ടയായ ജീവിതചര്യകളാലും ഔഷധങ്ങളാലും പഞ്ചകര്‍മങ്ങളാലും പ്രതിശ്യായത്തെ ചികിത്സിച്ചു ഭേദമാക്കിയാല്‍ ശ്വാസകോശസംബന്ധ രോഗങ്ങളായി മാറാതെ ശരീരത്തെ സംരക്ഷിക്കാം.

   

  (വെച്ചൂച്ചിറ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറാണ് ലേഖിക)