• 23 മേയ് 2013
  • 9 ഇടവം 1188
  • 13 റജബ്ബ് 1434
ഹോം  » കിളിവാതില്‍
  • വിത്തുതേങ്ങ പാകാം
    രവീന്ദ്രന്‍ തൊടീക്കളം
  • തണലില്‍ സൂക്ഷിച്ച വിത്തു തേങ്ങകള്‍ ജൂണില്‍ പാകാം. കാലവര്‍ഷം ശക്തമാകുന്നതിനു മുമ്പ് ഇതിനു നേഴ്സറികള്‍ തയ്യാറാക്കണം. നല്ല നീര്‍വാര്‍ച്ചയുള്ള, അധികം തണലില്ലാത്ത മണല്‍മണ്ണാണ് അനുയോജ്യം. നേഴ്സറി തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് ഒന്നര-രണ്ടു മീറ്റര്‍ വീതിയില്‍ ആവശ്യമുള്ള നീളത്തില്‍ വാരങ്ങള്‍ എടുക്കണം. ഈ വാരങ്ങള്‍തമ്മില്‍ 75 സെ.മീ. അകലം വേണം. നീര്‍വാര്‍ച്ച കുറഞ്ഞ സ്ഥലമാണെങ്കില്‍ വാരത്തിന്റെ ഉയരം കൂട്ടണം.

     

    തേങ്ങ പാകുന്നതിനുമുമ്പ് വെള്ളം വറ്റിയവയും കൂമ്പു ചീഞ്ഞവയും ഒഴിവാക്കണം. ഒന്നരമീറ്റര്‍ വീതിയുള്ള വാരങ്ങളില്‍ നാലുവരിയായും രണ്ടുമീറ്റര്‍ വീതിയുള്ള വാരങ്ങളില്‍ അഞ്ചുവരിയായും തേങ്ങ പാകാം. 25-30 സെ. മീ. ആഴമുള്ള ചാലെടുത്ത് തേങ്ങയുടെ മുകള്‍ഭാഗം പുറത്തുകാണുന്ന വിധം പാകി മണ്ണിട്ടു മൂടണം. വരികള്‍ തമ്മില്‍ 40 സെ. മീയും തേങ്ങകള്‍ തമ്മില്‍ 30 സെ.മീയും അകലം നല്‍കണം. വിത്തുതേങ്ങ കുത്തനെയൊ കിടത്തിയോ പാകാം. കിടത്തി പാകുന്ന തേങ്ങ മുളച്ച് തൈ ആകുമ്പോള്‍ പറിച്ചുമാറ്റുന്നതിനും ദൂരെ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിനും പ്രയാസമുണ്ട്. തുറസ്സായ സ്ഥലത്താണ് നേഴ്സറിയെങ്കില്‍ ചുറ്റും വേലി കെട്ടണം. കാലവര്‍ഷം കഴിയുന്നതോടെ നേഴ്സറിയില്‍ പതയിടണം. വേനല്‍ ആരംഭിക്കുന്നതോടെ തണല്‍ നല്‍കി രണ്ടുദിവസത്തിലൊരിക്കല്‍ നയ്ക്കണം. തവാരണയില്‍ മുളച്ചുവരുന്ന കളകള്‍ നീക്കംചെയ്യണം. ചിതലിന്റെ ശല്യം കാണുകയാണെങ്കില്‍ കാര്‍ബാറിലോ ക്ലോര്‍പൈറിഫോസോ നേഴ്സറിയില്‍ വിതറണം.

     

    കുമിള്‍രോഗങ്ങള്‍ക്കെതിരെ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമോ മറ്റ് ചെമ്പുകലര്‍ന്ന കുമിള്‍നാശിനിയോ തെളിക്കണം. പാകി എട്ടാഴ്ച കഴിയുമ്പോള്‍ വിത്തുതേങ്ങ മുളച്ചുതുടങ്ങും. ആറുമാസത്തിനകം മുളയ്ക്കാത്തതും കേടുവന്നതുമായ മുളകളുള്ളവ നീക്കംചെയ്യണം. 9-12 മാസം പ്രായമുള്ള തൈകള്‍ മാത്രം നടാനായി തെരഞ്ഞെടുക്കുക. നേരത്തെ മുളച്ചതും കരുത്തുറ്റതും10-12 മാസം പ്രായമുള്ള തൈകള്‍ക്ക് 6-8 ഓല ഉള്ളതുമാണ് നല്ല തൈകള്‍. ഒമ്പതുമാസം പ്രായമായവയ്ക്ക് കുറഞ്ഞത് ആറ് ഓലയെങ്കിലും വേണം. ഓലയ്ക്ക് നല്ല പച്ചനിറവും ഓലക്കാലുകള്‍ നേരത്തെ വിടരുന്നതും കണ്ണാടിക്കനം 10-12 സെ.മീ ഉള്ളതുമായ തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. മണ്‍വെട്ടി ഉപയോഗിച്ച് തവാരണയില്‍നിന്നു തൈകള്‍ ഇളക്കിമാറ്റി വേരുകള്‍ മുറിച്ചുനീക്കി നടാന്‍ ഉപയോഗിക്കാം. തൈകളുടെ ഓലയില്‍ പിടിച്ചോ തണ്ടില്‍ പിടിച്ചോ തൈകള്‍ വലിച്ചെടുക്കരുത്. പറിച്ചുമാറ്റിയ തൈകള്‍ തണലില്‍ സൂക്ഷിച്ച് പെട്ടെന്നുതന്നെ പ്രധാന കൃഷിയിടത്തിലേക്കു മാറ്റിനടണം.