• 30 ജൂലൈ 2014
  • 14 കര്‍ക്കടകം 1189
  • 2 ഷവ്വാല്‍ 1435
Latest News :
ഹോം  » അക്ഷരമുറ്റം
  • കേരളം
    അക്ഷര
  • 1956 നവംബര്‍ ഒന്നിനാണ് ആ ചരിത്രസംഭവം നടന്നത്. പഴയ തിരുവിതാംകൂര്‍ - കൊച്ചിയും മലബാര്‍ ജില്ലയും കൂടിച്ചേര്‍ന്ന് കേരളമുണ്ടായി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണമെന്നത് ഏറെക്കാലമായി നിലനിന്നിരുന്ന ആവശ്യമായിരുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നീണ്ടുകിടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. 44 നദികള്‍ ഒഴുകുന്ന ഈ നാടിന് തനതായ ഭാഷയും സംസ്കാരവും സാഹിത്യവും കലയുമുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത രാഷ്ട്രീയപ്രബുദ്ധതയുമുണ്ട്. 1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. മലയാളിയുടെ കൂട്ടായ്മയുടെയും നിരന്തരസമരങ്ങളുടെയും ഫലമായാണ് ഭാഷാടിസ്ഥാനത്തിലുള്ള കേരളസംസ്ഥാനം രൂപീകരിച്ചത്. തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ എന്നിങ്ങനെ നാം മുന്ന് വ്യത്യസ്ത പ്രദേശക്കാരായിരുന്നു. കേരളത്തില്‍ ഭാഷാദേശീയതയിലൂന്നി ആദ്യമായി പഠനം നടത്തിയത് ഇ എം എസാണ്. "ഒന്നേകാല്‍ കോടി മലയാളികള്‍", "കേരളം മലയാളികളുടെ മാതൃഭൂമി" - എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഐക്യകേരള സംസ്ഥാനത്തിനായുള്ള സൈദ്ധാന്തിക അടിത്തറയാണ് ഈ ഗ്രന്ഥങ്ങള്‍ . 1949 ജൂലൈയില്‍ നടന്ന ആധുനിക തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും സംയോജനത്തിന്റെ ഫലമായി അധികാരം തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയിലേക്ക് കൈമാറി. 1947ല്‍ ഇന്ത്യ സ്വതന്ത്രയായതിനുശേഷം മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം എന്ന സ്വപ്നം പൂവണിയുമ്പോള്‍ പഴയ തിരുവിതാംകൂറിന്റെ ഏതാനും ഭാഗങ്ങള്‍ മദ്രാസ് സംസ്ഥാനത്തോടും മദ്രാസിെന്‍റ ഭാഗമായിരുന്ന മലബാര്‍ തിരുകൊച്ചിയോടും ചേര്‍ത്തു. അങ്ങനെ ഐക്യകേരളം പിറവിയെടുത്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് ഹരിതാഭമായി നീണ്ടുകിടക്കുന്നതാണ് നമ്മുടെ നാട്. ചെറിയ നാടാണെങ്കിലും കേരളം പലതുകൊണ്ടും ലോകപ്രശസ്തിനേടി. ആരോഗ്യം, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, സ്ത്രീകളുടെ മെച്ചപ്പെട്ട പദവി, ജനസംഖ്യാനിയന്ത്രണം എന്നിങ്ങനെ. "കേരള മോഡല്‍" ഇന്ന് ആഗോള ചര്‍ച്ചാവിഷയമാണ്. ഇവിടത്തെ കഥകളിയും കളരിപ്പയറ്റും തെയ്യവും പടയണിയും പഞ്ചകര്‍മ്മ ചികിത്സയും മറ്റും കടല്‍കടന്ന് വിദൂരദേശങ്ങളിലും എത്തി. ഈ നാട് നമ്മുടെ സമ്പത്താണ്. നമ്മുടെ താഴ്വാരങ്ങളും ഇടനാടും മലനാടും നാനാതരം കൃഷിക്ക് യോജിച്ചതാണ്. ഏലവും ഇഞ്ചിയും കുരുമുളകും റബറും ഇവിടെ സമൃദ്ധമായി വളരുന്നു. തെങ്ങും കവുങ്ങും തിങ്ങിനിറഞ്ഞു വളരുന്ന കേരളത്തിന്റെ വൃത്തിയും വെടിപ്പും നമുക്ക് നിലനിര്‍ത്താന്‍ കഴിയണം. നമ്മുടെ കുന്നും പുഴയും വായുവും സംരക്ഷിക്കുവാന്‍ നമുക്ക് കഴിയണം. കവികളും കലാകാരന്മാരും വാഴ്ത്തിപ്പാടിയ നാടാണിത്. ഈ നാടിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചു. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഇതിനെ മനുഷ്യാലയമാക്കി. കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ , അയ്യങ്കാളി, വാഗ്ഭടാനന്ദഗുരു തുടങ്ങിയ നവോത്ഥാന നായകരും വള്ളത്തോള്‍ , കുമാരനാശാന്‍ , വി ടി ഭട്ടതിരിപ്പാട്, എം ആര്‍ ബി, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, വയലാര്‍ , ഒ എന്‍ വി തുടങ്ങിയ എഴുത്തുകാരും കേരളത്തെ മനുഷ്യാലയമാക്കിത്തീര്‍ക്കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്. കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും കൂടുതല്‍ പഠനത്തിന് വിധേയമാക്കാനും നാടിനെ കൂടുതല്‍ മികച്ച നാളെയിലേക്ക് നയിക്കാനും നമുക്ക് ബാധ്യതയുണ്ട്. അതിനായി കൂട്ടുകാരുടെ പഠനവും പ്രവര്‍ത്തനങ്ങളും പ്രയോജനപ്പെടുത്തണം.