• 31 ജൂലൈ 2014
 • 15 കര്‍ക്കടകം 1189
 • 3 ഷവ്വാല്‍ 1435
Latest News :
ഹോം  » വാരാന്തപ്പതിപ്പ്
 • ലോകം ഒരു ഫെമിനിസ്റ്റിന്റെ കണ്ണിലൂടെ
  ഡോ. മീന ടി പിള്ള
 • ആരാണീ ഫെമിനിസ്റ്റുകള്‍, എന്താണീ ഫെമിനിസം എന്ന ചോദ്യങ്ങള്‍ ഇപ്പോഴും നിരന്തരം നമ്മുടെ സമൂഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഈ ലോകത്ത് അധികാരശ്രേണികളിലൂടെ സാമൂഹികവ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതില്‍ ലിംഗം ഒരു പ്രധാന പങ്കുവഹിക്കുന്നു എന്ന് തിരിച്ചറിയുന്ന ഓരോ വ്യക്തിക്കും, അവര്‍ സ്ത്രീയോ പുരുഷനോ ആവട്ടെ, ഒരു ഫെമിനിസ്റ്റ് കാഴ്ചപ്പാടുണ്ട്. ഒരു ഫെമിനിസ്റ്റ് ആവുകയെന്നാല്‍ അവകാശധ്വംസനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങേണ്ടിവരുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതവുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുക, ആ അവസ്ഥകളില്‍ ജീവിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ കഴിയുക എന്നതാണ്.

   

  ഫെമിനിസം സ്ത്രീയും പുരുഷനും എന്ന വ്യക്തികളെപ്പറ്റിയല്ല, ഓരോ സ്ഥലവും കാലവും എങ്ങനെ ചില സാമൂഹിക- സാംസ്കാരിക പ്രക്രിയകളിലൂടെ അവരെ സ്ത്രൈണതയുള്ള സ്ത്രീയായോ പൗരുഷം തുളുമ്പുന്ന പുരുഷനായോ നിര്‍മിക്കാനും ചിട്ടപ്പെടുത്താനും ശ്രമിക്കുന്നു എന്ന തിരിച്ചറിവുകൂടിയാണ്. ജാതിയും വര്‍ണവും വര്‍ഗവും മനുഷ്യരില്‍ കീഴാളനും മേലാളനും ഉണ്ടാക്കുന്നത് ചെറുക്കുന്നതുപോലെതന്നെ സ്ത്രീയെയും പുരുഷനെയും വ്യത്യസ്ത പദവികളില്‍ പ്രതിഷ്ഠിക്കുന്ന സാമൂഹിക സംവിധാനങ്ങളെയും അട്ടിമറിക്കണം എന്ന ബോധമാണ് ഫെമിനിസം. അതുകൊണ്ടുതന്നെ ലോകത്തെ ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ കാണുക എന്നാല്‍ ലളിതവും സുന്ദരവും എന്ന് തോന്നുന്ന വ്യവസ്ഥിതികളിലെ മൂടിവയ്ക്കപ്പെട്ട അധികാര ഘടനകളെ അനാവരണംചെയ്യുക എന്നതാണ് (മൈക്രോസോഫ്ട് വേഡില്‍ റിവീല്‍ ഫോര്‍മാറ്റിങ് എന്ന കീ അമര്‍ത്തുന്നതുപോലെ) എന്ന് എഴുതുന്നു ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ നിവേദിത മേനോന്‍, അവരുടെ ഏറ്റവും പുതിയ പുസ്തകമായ ടലലശിഴ ഘശസല മ എലാശിശെേ ല്‍. കുടുംബം, ശരീരം, തൃഷ്ണ, ലൈംഗിക അക്രമം, ഫെമിനിസ്റ്റുകളും സ്ത്രീകളും, ഇരയോ കര്‍തൃത്വം ഉള്ളവളോ എന്നീ ആറു അധ്യായങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് രാഷ്ട്രീയ ചിന്താധാരകള്‍ കോര്‍ത്തിണക്കി ഇന്ത്യയുടെ ചരിത്ര സാംസ്കാരിക പശ്ചാത്തലത്തില്‍ അവയെ സന്നിവേശിപ്പിച്ച് അവയില്‍നിന്ന് ഒരു പുത്തന്‍ ഊര്‍ജം ആവാഹിക്കുന്നു നിവേദിതമേനോന്‍. ലൈംഗികതയുടെയും രതിയുടെയും രാഷ്ട്രീയംമുതല്‍ ലിംഗാധിഷ്ഠിത തൊഴില്‍വിഭജനം, പ്രണയവും ലൈംഗികതയും, സ്ത്രീയും പൗരത്വവും, അശ്ലീലരചനകളും സ്ത്രീശരീരത്തിന്റെ കമ്പോളവല്‍ക്കരണവും, കോടതികളും ലിംഗനീതിയും, ബലാത്സംഗം എന്ന രാഷ്ട്രീയ ആയുധം, തട്ടവും മിനി സ്കേര്‍ട്ടും ഇവയൊക്കെ പ്രതിപാദിക്കപ്പെടുന്നു ഈ അധ്യായങ്ങളില്‍. കഠിനമായ പദപ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കുന്ന ലളിതമായ ശൈലിയും ഒരു സമഗ്ര ഗ്രന്ഥസൂചിയും നോട്ടുകളും ഇന്‍ടെക്സും ലൈംഗികതയെപ്പറ്റിയുള്ള സമകാലിക ചര്‍ച്ചകളും വിവാദങ്ങളും പരാമര്‍ശിക്കുന്ന രീതിയും ഒക്കെ സാധാരണക്കാരുടെ വായനയ്ക്ക് കൂടുതല്‍ അര്‍ഥങ്ങള്‍ പകരും എന്നുതോന്നുന്നു.

   

  ആരാണീ പുസ്തകം വായിക്കേണ്ടതെന്നും, ആര്‍ക്കാണിത് പ്രയോജനപ്പെട്ടേക്കാവുന്നതെന്നും പൂര്‍ണബോധത്തോടെ അക്കാദമിക നാട്യങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഈ എഴുത്ത് ഒരുപക്ഷേ ഫെമിനിസം എന്ന രാഷ്ട്രീയ ആശയത്തെ കൂടുതല്‍ അര്‍ഥവത്താക്കുന്നു. ലോകത്തെ സമസ്ത പുരുഷന്മാരോടും അടങ്ങാത്ത പകയും വിദ്വേഷവുമായി അഴിഞ്ഞാടി നടക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മയോ മറ്റോ ആണ് ഫെമിനിസം എന്ന മട്ടില്‍ സിനിമപോലെയുള്ള നമ്മുടെ ജനപ്രിയമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ബാലിശവും നിരുത്തരവാദിത്തപരവുമായ ആശയങ്ങള്‍ കണ്ടും കൊണ്ടും മടുത്ത നമുക്ക് ഈ പുസ്തകം പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ലൈംഗികതയെപ്പറ്റി രാഷ്ട്രീയവും താത്വികവുമായ പഠനങ്ങള്‍ എത്രതന്നെ വന്നാലും അതിനോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ വിസമ്മതിക്കുന്ന യാഥാസ്ഥിതിക സമൂഹങ്ങളില്‍ ധാരാളം വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യേണ്ട പുസ്തകമാണിത്. സുബാന്‍ ആണ് പ്രസാധകര്‍.