• 24 മേയ് 2013
  • 10 ഇടവം 1188
  • 14 റജബ്ബ് 1434
ഹോം  » വാരാന്തപ്പതിപ്പ്
  • "മലബാറിന്റെ പ്രേമറാണി" ചെവിയില്‍ പറയുന്നത്
    മണമ്പൂര്‍ സുരേഷ്, ലണ്ടന്‍
  • ""താഴേക്ക് പതിക്കുന്ന നക്ഷത്രംപോലെ ഒരെഴുത്തുകാരി അവളുടെ കുടുംബത്തില്‍ നിന്നും പഴയ ബന്ധങ്ങളില്‍ നിന്നും അകന്നുപോകുന്നു. അല്ലാത്തപക്ഷം, അവള്‍ നശിക്കുകയാണ്. അമ്മ, സഹോദരി, മകള്‍, ഭാര്യ തുടങ്ങി ഒരു കുടുംബാംഗം മാത്രമായി അവശേഷിക്കുന്നു. ഇഷ്ടകുടുംബാംഗമായി മാറണോ അതോ നല്ല എഴുത്തുകാരിയായി മാറണോ? നിങ്ങള്‍ക്ക് ഒരേ സമയം രണ്ടും കൂടി ആകാനാകില്ല.""- മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി പകര്‍ന്ന സ്വതന്ത്രചിന്തകള്‍ ക്രോഡീകരിച്ച് കനഡയിലെ മഗില്‍ സര്‍വകലാശാല പുറത്തിറക്കിയ "മലബാറിന്റെ പ്രേമറാണി" എന്ന പുസ്തകത്തിലെ വാക്കുകളാണിവ. കോളിളക്കം സൃഷ്ടിച്ച "എന്റെ കഥ" എന്ന ആത്മകഥയില്‍ പകുതികാര്യങ്ങളേ പറഞ്ഞിട്ടുള്ളുവത്രെ. ആ കുറവ് ഇവിടെ നികത്തുകയാണ്. അന്ന് എഴുതാത്ത അല്ലെങ്കില്‍ എഴുതാന്‍ കഴിയാത്ത കാര്യങ്ങള്‍ തന്റെ സുഹൃത്തുകൂടിയായ എഴുത്തുകാരി മെറിലി വിസ്ബോര്‍ഡിനോട് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക കൂടിയായ മെറിലിയാണ് മുമ്പ് റെക്കോഡ് ചെയ്ത കാര്യങ്ങള്‍ പുസ്തകരൂപത്തില്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

     

    തന്റെ അമ്മയും പ്രസിദ്ധ കവയിത്രിയുമായിരുന്ന ബാലാമണിയമ്മ സ്വതന്ത്രയായിട്ട് എഴുതിയിരുന്നില്ലെന്നാണ് മാധവിക്കുട്ടിയുടെ പക്ഷം. അമ്മ എഴുതിയിരുന്നത് പെണ്ണെഴുത്തിന് മാത്രമായി സമൂഹം നീക്കിവച്ച വിഷയങ്ങളെ കുറിച്ച് മാത്രമായിരുന്നു. ""ദൈവം, കുട്ടികള്‍, സംതൃപ്തകുടുംബം...തീര്‍ന്നു വിഷയം.""

     

    അമ്മയെയും അമ്മൂമ്മമാരെയും വലിയമ്മമാരെയും പോലെ എല്ലാം സഹിച്ച് രഹസ്യമായിട്ടനുഭവിക്കാന്‍ മാധവിക്കുട്ടി തയ്യാറല്ലായിരുന്നു. അംഗീകൃത പെണ്ണെഴുത്ത് വിഷയമായിരുന്ന ആത്മീയതയെ കുറിച്ച് അവര്‍ക്ക് ഒന്നും പറയാനുണ്ടയിരുന്നില്ല. പക്ഷേ, പറയാനുള്ളത് തുറന്നുതന്നെ എഴുതാന്‍ അവര്‍ തീരുമാനിച്ചു. പുറത്തുപറയാത്ത ദുഃഖകഥകളും വേദനകളും മുന്‍പിന്‍ നോക്കാതെ സാഹസികമായിത്തന്നെ എഴുതാന്‍ അവരെ പ്രേരിപ്പിച്ചു.

     

    അനാവൃതമാക്കപ്പെട്ട വേദനിക്കുന്ന ഞരമ്പുപോലെ ഈ സമൂഹത്തിന്റെ ഭാഗമാണെന്നറിഞ്ഞ് വായനക്കാരോട് സംവദിച്ചുകൊണ്ട് തന്റെ സ്വകാര്യശബ്ദം അവര്‍ കണ്ടെത്തി, സമാധാനവും. മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ അവസാനത്തെ പത്തുവര്‍ഷം കേരളത്തിലും കനഡയിലും വച്ച് നിരവധി തവണ കണ്ട് റെക്കോഡ് ചെയ്താണ് മെറിലി ഈ പുസ്തകം തയ്യാറാക്കിയത്. മാധവിക്കുട്ടി എല്ലാ രഹസ്യങ്ങളും മെറിലിക്ക് പകര്‍ന്നുകൊടുത്തു. കാപട്യങ്ങളുടെ കലാശക്കോട്ടയായിരുന്ന ദാമ്പത്യജീവിതം, ദാമ്പത്യത്തിനു പുറത്തുള്ള ബന്ധങ്ങള്‍, അവസാനകാലത്തെ പ്രേമവും അതിനുവേണ്ടിയുള്ള മതംമാറ്റവും, പിന്നീട് രണ്ടു വശത്തുനിന്നും ഉയര്‍ന്ന ഭീഷണികളും പീഡനങ്ങളും ഒക്കെ വായനക്കാരന്റെ ചെവിയില്‍ പറയുന്നതുപോലെ ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

     

    മാധവിക്കുട്ടിയുടെ തുറന്നുപറച്ചിലിനെ മുന്‍പ് ശക്തമായി എതിര്‍ത്തിട്ടുള്ളവരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുതിയ പുസ്തകത്തിലുള്ളത്. എതിര്‍ക്കാനും വെറുക്കാനും ഒറ്റപ്പെടുത്താനും മറുവശത്ത് ഇന്ന് പക്ഷേ, മാധവിക്കുട്ടിയില്ല അവരുടെ വാക്കുകളേയുള്ളൂ. ഭര്‍ത്താവുമായുള്ള ബന്ധം വര്‍ഷങ്ങളോളം നീണ്ടുനിന്ന ബലാത്സംഗങ്ങളായിരുന്നുവെന്ന് അവര്‍ പരിതപിക്കുന്നു. ഭര്‍ത്താവ് മാധവദാസില്‍നിന്ന് രക്ഷനേടാനുള്ള ഓരോ ശ്രമവും പരാജയപ്പെട്ടു. അത്തരം ശ്രമങ്ങളുടെ ആറു വര്‍ഷത്തിനു ശേഷം പൊരുത്തപ്പെടുകയായിരുന്നു. ഭര്‍ത്താവ് ബാങ്കിന്റെ ഉന്നതികളിലേക്ക് ഓരോപടവുകളും ചവിട്ടിക്കയറിയ വഴികള്‍ ചെളിപുരണ്ടതായി അനുഭവപ്പെട്ട മാധവിക്കുട്ടി അതിനെ ആശ്വാസമായി പരിണമിപ്പിക്കുന്നുണ്ട്. വീട്ടിലെ ഏക വരുമാനമാര്‍ഗമായ ഭര്‍ത്താവിന്റെ ജോലി കൂടുതല്‍ സുരക്ഷിതമാക്കാനായി എന്ന ആശ്വാസം.

     

    ഭര്‍ത്താവിന്റെ നിലപാടുകളില്‍ അരിശംകൊള്ളുമ്പോള്‍ത്തന്നെ മറ്റൊരു തലത്തില്‍ അയാളുമായി പൊരുത്തപ്പെടുകയാണ് മാധവിക്കുട്ടി. അതുകൊണ്ടാണ് 15 ാം വയസ്സില്‍ വിവാഹിതയായശേഷമുള്ള 40 വര്‍ഷത്തെ ജീവിതത്തില്‍ ദുഃഖമില്ലെന്ന് അവര്‍ പറഞ്ഞത്. തന്റെ ഭര്‍ത്താവ് ഏല്‍പ്പിച്ച ഓരോ ദുരിതത്തിനും ഫലമുണ്ടായി. മുറിവില്‍നിന്ന് രക്തമെന്നപോലെ തന്നില്‍നിന്ന് കവിത വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു. ""എന്നെ അയാള്‍ കരയിച്ചില്ലായിരുന്നുവെങ്കില്‍ എനിക്കെങ്ങനെയാണിത്രയും കവിതകള്‍ എഴുതുവാന്‍ കഴിയുക?""-ധാരാളം ഇംഗ്ലീഷ് കവിതയെഴുതി ലോകപ്രശസ്തയായ കമലാദാസ് എന്ന മാധവിക്കുട്ടി ഇങ്ങനെ ചോദിക്കുമ്പോള്‍ തെളിയുന്നത് കണ്ണുനീരിന്റെ ഉപ്പുതന്നെയാണ്. അവഹേളനങ്ങളുടെ പട്ടിക അവിടെ തീരുന്നില്ല. ""ഒരു സ്വവര്‍ഗരതിക്കാരന്റെ ഭാര്യയെന്ന നിലയില്‍ താന്‍ എത്ര അനുഭവിച്ചുവെന്ന കാര്യം ആര്‍ക്കും അറിയില്ലെ""ന്ന ദുഃഖവും അവര്‍ പങ്കുവയ്ക്കുന്നു. അത്തരം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അവര്‍ രഹസ്യമായി കൃഷ്ണനെ സങ്കല്‍പ്പിച്ചുവത്രെ. ""കാരണം, കൃഷ്ണനെകുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു പരിശുദ്ധി എനിക്കനുഭവപ്പെട്ടു."" 45-ാമത്തെ വയസ്സില്‍ ഭര്‍ത്താവിന്റെ അറിവോടെ എല്ലാ ലൈംഗികബന്ധങ്ങളും നിര്‍ത്താന്‍ തീരുമാനിക്കുന്നുണ്ട്. മാധവദാസിന്റെ ബര്‍മ യാത്രയില്‍ അയാളുടെ മടിയിലിരുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം കണ്ടതിനെ തുടര്‍ന്നായിരുന്നു ആ തീരുമാനം. അപ്പോഴും ജീവിതംകൊണ്ട് ശ്വാസംമുട്ടാതിരിക്കാന്‍ വേണ്ടി അവര്‍ എഴുതി. ഒരു ഫനിക്സ് പക്ഷിയെ പോലെ ഭൂതകാലത്തില്‍നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേറ്റു. അവസാനകാലത്തെ മാധവിക്കുട്ടിയുടെ ജീവിതവും തുടര്‍ന്നുള്ള മതംമാറ്റവും, മതം മാറിയ ശേഷമുള്ള ചിന്തകളും അനുഭവങ്ങളും അവരുടെ സ്വന്തം വാക്കുകളിലൂടെ പുറത്തുവരുന്നതും ഈ പുസ്തകത്തിലൂടെയാണ്. അതായത്, മാധവിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് ആധികാരികമായും അന്തിമമായും പറയുന്നത് മാധവിക്കുട്ടി മാത്രമായിരിക്കും എന്ന പ്രഖ്യാപനവും കൂടിയാണിത്.

     

    പ്രേമത്തെയും മതംമാറ്റത്തെയും കുറിച്ചെല്ലാം പറയാന്‍ തന്റെ ഉറ്റ സുഹൃത്തായി മാറിയ ഗ്രന്ഥകാരി മെറിലിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയായിരുന്നു അവര്‍. ""സുരയ്യ ആയിരുന്ന് എനിക്ക് മതിയായി. എനിക്കിനി വീണ്ടും മാധവിക്കുട്ടിയാകണം"" എന്ന് അവര്‍ പറയുന്നുണ്ട്. ഏതൊരാള്‍ക്കും അവര്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള മൗലിക അവകാശമുണ്ട്. വ്യക്തിയുടെ ഈ സ്വാതന്ത്ര്യത്തെ മതത്തിന്റെ പേരിലുള്ള സംഘടിതശക്തികള്‍ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് മാധവിക്കുട്ടിയുടെ കാര്യത്തില്‍ കണ്ടത്. ഹിന്ദുമതം മാറിയെന്നറിഞ്ഞപ്പോള്‍ മാധവിക്കുട്ടിക്കെതിരെ കൊലവിളിയുമായി അവര്‍ ഇറങ്ങി. മതം മാറിയ ശേഷം വന്ന വധഭീഷണി തോക്കേന്തിയ കാവല്‍ക്കാരനിലും കിടക്കമുറിയില്‍ മാധവിക്കുട്ടിക്കോ പരിചാരികയ്ക്കോ ഉപയോഗിക്കാന്‍ വേണ്ടിയുള്ള മറ്റൊരു തോക്കിലും വന്നെത്തി. ഭീഷണിക്കത്തുകളും ഫോണ്‍വിളികളും ധാരാളം. തന്റെ ഈ അവസ്ഥ കൊടുങ്കാറ്റിനുശേഷമുള്ള നാശനഷ്ടത്തോടാണ് ഉപമിച്ചത്: ""കിളിക്കൂടും മുട്ടകളും പൊട്ടി ചിതറിക്കിടക്കുന്നു. നഗ്നമായ വേരുകള്‍ പുറത്തായി വന്‍മരങ്ങള്‍ വീണു. വീടില്ലാതായ പൂച്ച ഒഴുകിപ്പോകുന്ന കൂരയുടെ മുകളിലിരുന്ന് കരഞ്ഞു. അതിന്റെ ശബ്ദം കേള്‍വിക്കാരുടെ പരമമായ ഏകാന്തതയെ ഓര്‍മിപ്പിച്ചു. വീടില്ലാത്ത പൂച്ചയുടെ ഉത്തരവാദിത്തം ആരെടുക്കും? ഈ ഭൂമിയുടെ അധിപന്‍ എന്നെ കോരിയെടുത്ത് വാരിപ്പുണര്‍ന്നു."" ""ഞാന്‍ നിരവധി വര്‍ഷങ്ങളായി പുറത്ത് ദൈവത്തെ തേടി നടന്നു. അവസാനം യഥാര്‍ഥത്തിലുള്ള ദൈവത്തെ ഞാന്‍ കണ്ടു. അതുകൊണ്ട് എനിക്കിനി ഒരു ദൈവത്തെയും ആവശ്യമില്ല. ദൈവം എന്നില്‍ത്തന്നെ ഇടം കണ്ടതുകൊണ്ട് എനിക്കിനി ഇസ്ലാംമതത്തിന്റെ പോലും ആവശ്യമില്ല. ഞാന്‍ ദൈവത്തിലും ഇടം കണ്ടെത്തുന്നു. അപ്പോള്‍ ഇവിടെ ആര് ആരെ പാര്‍പ്പിക്കുന്നു എന്നറിയില്ല."" -ജീവിതത്തിലൂടെ മാധവിക്കുട്ടി കണ്ടെത്തിയ വിശ്വാസം അതായിരുന്നു.

     

    മെറിലി വിസ്ബോര്‍ഡ് എന്ന ഗ്രന്ഥകാരി കേരളത്തെക്കുറിച്ചുള്ള താല്‍പ്പര്യവുമായി വന്ന് മാധവിക്കുട്ടിയില്‍ എത്തുകയായിരുന്നു. ഈ പുസ്തകത്തില്‍ ഒരു സമാന്തര വിവരണമാണ് നടക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതവും മെറിലിയുടെ കനഡയിലെ ജീവിതവുമായുള്ള ഒരു സമാന്തരയാത്ര. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട കഥാകാരിയുടെ ജീവിതത്തിലെ അതിസങ്കീര്‍ണമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ച ലഭിക്കുകയാണ് വായനക്കാരന്. മെറിലി വിസ്ബോര്‍ഡ് എന്ന ഈ കനേഡിയന്‍ വനിതയ്ക്ക് നന്ദി പറയാതിരിക്കാനാകില്ല.