ബോള്‍ട്ട് അനായാസം ഗാറ്റ്ലിന്‍ പുറത്ത്

Friday Aug 19, 2016
യുസൈന്‍ ബോള്‍ട്ട്


റിയോ >  അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ പുറത്തായ 200 മീറ്റില്‍ മൂന്നാം കിരീടത്തിനായി യുസൈന്‍ ബോള്‍ട്ട് വെള്ളിയാഴ്ച ഇറങ്ങും. രാവിലെ ഏഴിനാണ് ഫൈനല്‍. ബോള്‍ട്ടിന്റെ കുത്തക തകര്‍ക്കുമെന്നു പ്രഖ്യാപിച്ച് റിയോയിലെത്തിയ ഗാറ്റ്ലിന്‍ മൂന്നാം ഹീറ്റ്സില്‍ മൂന്നാമനായി ഫിനിഷ്ചെയ്താണ് പുറത്തായത്. നിലവിലുള്ള വെള്ളിമെഡല്‍ ജേതാവ് ജമൈക്കയുടെ യോഹാന്‍ ബ്ളെയ്ക്ക് ഇതേ ഹീറ്റ്സില്‍ ആറാമനായി.

പത്തൊമ്പത് സെക്കന്‍ഡില്‍ താഴെ 200 മീറ്റര്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് പ്രയാണമെന്ന് വ്യക്തമാക്കിയാണ് ബോള്‍ട്ട് ഒന്നാം സെമി കടന്നത്. പതിവില്‍നിന്നു വിരുദ്ധമായി തുടക്കത്തില്‍ കുതിച്ചോടി ജമൈക്കക്കാരന്‍ ലീഡെടുത്തു. പക്ഷെ ഫിനിഷിങ് അടുത്തപ്പോള്‍ എല്ലാം പതിവുപോലെയായി. വേഗം കുറച്ച ബോള്‍ട്ടിനൊപ്പം കനഡയുടെ ആന്ദ്രെ ഡി ഗ്രാസെ എത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്രാസെയെ നോക്കി പുഞ്ചിരിച്ച് ബോള്‍ട്ട് വര കടന്നു. കനഡക്കാരന്‍ 19.80 സെക്കന്‍ഡിനാണ് ഫിനിഷ് ചെയ്തത്.

അന്ത്യത്തില്‍ വേഗംകുറഞ്ഞതാണ് 2004 ഒളിമ്പിക്സിലെ വെള്ളിമെഡലുകാരനായ ഗാറ്റ്ലിന് വിനയായത്. തുടക്കത്തില്‍ മുന്നില്‍ക്കയറിയ ഗാറ്റ്ലിന്റെ വേഗം അവസാന 20 മീറ്ററില്‍ കുറഞ്ഞു. ഇതോടെ പനാമയുടെ എഡ്വാര്‍ഡ് അലോന്‍സോ (20.07), നെതര്‍ലന്‍ഡ്സിന്റെ ചുരണ്ടി മാര്‍ടിന (20.10) എന്നിവര്‍ അല്‍പ്പത്തിന് മുന്നിലായി. ശരീരം മുന്നോട്ടാഞ്ഞല്ല ഗാറ്റ്ലിന്‍ ഫിനിഷിങ്വര കടന്നത്. ഇതും അമേരിക്കക്കാരന് വിനയായി. ബോള്‍ട്ടിനെ പാഠം പഠിപ്പിക്കുമെന്നു പ്രഖ്യാപിച്ചാണ് ഗാറ്റ്ലിന്‍ റിയോയിലെത്തിയത്. പക്ഷെ 100–ല്‍ ജമൈക്കക്കാരനു പിന്നില്‍ വെള്ളിയിലൊതുങ്ങി. ഇനി 4–100 മീറ്റര്‍ അവശേഷിക്കുന്നു.
ഗാറ്റ്ലിനും ബ്ളെയ്ക്കും പോയതോടെ ബോള്‍ട്ടിന് ഫൈനലില്‍ കാര്യമായ വെല്ലുവിളി ഇല്ലാതായി. ലോക സ്പ്രിന്റില്‍ ഉയര്‍ന്നുവരുന്ന നക്ഷത്രമായ ആന്ദ്രെ ഡി ഗ്രാസെയാണ് ബോട്ടിനു പിന്നില്‍ സെമിയില്‍ മികച്ച രണ്ടാമത്തെ സമയം കുറിച്ചത്. 100–ല്‍ വെങ്കലം നേടിയ ഈ ഇരുപത്തൊന്നുകാരന്‍ 200 ഫൈനലിലും പരമാവധി ശ്രമിക്കുമെന്നുറപ്പാണ്. അമേരിക്കയുടെ പഴയ പടക്കുതിര ലോ ഷോണ്‍ മെറിച്ചാണ് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു താരം. ഒന്നാം സെമിയില്‍ 19.94 സെക്കന്‍ഡിന് ഒന്നാമനായാണ് മെറിറ്റ് ഫിനിഷ്ചെയ്തത്.