റോത്തക്കിലെ പെണ്‍കുട്ടി

Friday Aug 19, 2016

റിയോ > സാക്ഷി ഓര്‍ക്കാറുണ്ട്. റോത്തക്കിലെ ഗ്രാമത്തലവന്മാര്‍ തന്റെ അച്ഛനെയും അമ്മയെയും വഴക്കുപറയുന്നത്. ആണ്‍കുട്ടികളുടെ കൂടെ ഗുസ്തിപിടിക്കുന്നതിന്, നീളംകുറഞ്ഞ വസ്ത്രം ധരിക്കുന്നതിന്... സ്ത്രീകള്‍ റോത്തക്കുകാര്‍ക്ക് രണ്ടാംനിര പൌരന്മാരായിരുന്നു. ആണ്‍ ആധിപത്യത്തിന്റെ ഇടങ്ങളും ദുരഭിമാനക്കൊലകളുടെ കേന്ദ്രമായും മാറിയ ഹരിയാനയിലെ ഗ്രാമങ്ങള്‍. ആ ഓര്‍മകള്‍ ഇപ്പോഴും സാക്ഷിയെ നോവിക്കാറുണ്ട്. 877:1000 ആണ് ഹരിയാനയിലെ സ്ത്രീ–പുരുഷ അനുപാതം. ദേശീയ അനുപാതം 1000ത്തിന് 940 എന്നതാണ്.

സാക്ഷിയുടെ മാതാപിതാക്കളായ സുദേഷും സുഖ്ബീറും ഭീഷണികളില്‍ വഴങ്ങിയില്ല. അവര്‍ അവള്‍ക്ക് പിന്തുണ നല്‍കി. അവള്‍ ക്രിക്കറ്റ് കളിച്ചു, കബഡി കളിച്ചു. ആണ്‍കുട്ടികളുമായി ഗുസ്തിപിടിച്ചു. മുഖംചുളിച്ചവരെ, കടുത്ത വാക്കുകള്‍ക്കൊണ്ട് എതിരേറ്റവരെ അവള്‍ അവഗണിച്ചു. 12 വയസ്സുതൊട്ട് ഗുസ്തിയില്‍ സ്വയം അര്‍പ്പിച്ചു. ആ അധ്വാനത്തിന്റെ, അതിജീവനത്തിന്റെ ഫലമാണ് സാക്ഷിക്ക് റിയോവിലെ ഒളിമ്പിക്ഗോദ നല്‍കിയത്. ഗോദയില്‍ വിരിഞ്ഞ ആ വെങ്കലത്തിന് പൊന്നിനെക്കാള്‍ തിളക്കമുണ്ട്. ഒളിമ്പിക്ചരിത്രത്തില്‍ ഗുസ്തിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ഈ ഇരുപത്തിമൂന്നുകാരി.

എല്ലാത്തിനും സാക്ഷി കുടുംബത്തോട് നന്ദിപറയും. 'റോത്തക്കിലെ എന്റെ സുഹൃത്തുക്കളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യംചെയ്തവളാണ്. എന്റെകൂടെ ഉണ്ടായിരുന്നവരില്‍ ചിലര്‍ പകുതിക്കുവച്ച് പഠനം നിര്‍ത്തി. അവര്‍ വീട്ടുജോലികളുമായി ഒതുങ്ങിക്കൂടി. മറ്റു ചിലര്‍ പെട്ടെന്ന് കല്യാണംകഴിച്ചു. ഭര്‍ത്താവിനെയും കുട്ടികളെയും ഭാര്യയെയും പരിചരിച്ച് ജീവിക്കുന്നു. അച്ഛനും അമ്മയും നല്‍കിയ പിന്തുണ കാരണം എന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയായി''– സാക്ഷി പറയുന്നു.

വെങ്കലമെഡല്‍ പോരാട്ടത്തിന്റെ അവസാന നിമിഷങ്ങളില്‍ കിര്‍ഗിസ്ഥാന്‍താരം അയ്സുലു ടയ്നിബെകോവയെ മലര്‍ത്തിയടിച്ചപ്പോള്‍ ഒരുനിമിഷം സാക്ഷി അമ്പരന്നു. പിന്നെ പരിശീലകന്‍ കുല്‍ദീപ് മാലിക്കിന്റെ ചുമലിലേറി അവള്‍ കൈവീശി. വീട്ടിലേക്ക് അമ്മയെ വിളിച്ചപ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. അവരും കരയുകയായിരുന്നു. സാക്ഷി പറഞ്ഞു– ഇത് ആഘോഷിക്കാനുള്ള നിമിഷങ്ങളാണ്.

റോത്തക്കിലെ മോഖ്റ ഗ്രാമത്തിലായിരുന്നു സാക്ഷിയുടെ ജനനം. 12–ാം വയസ്സില്‍ ഗുസ്തിപിടിച്ചുതുടങ്ങി. ഈശ്വര്‍ ദാഹിയയായിരുന്നു ആദ്യ പരിശീലകന്‍. ആണ്‍കുട്ടികള്‍ക്കൊപ്പമാണ് പരിശീലനം നടത്തിയത്. ഇതുകാരണം ദാഹിയക്കുനേരെയും ഭീഷണികള്‍ ഉണ്ടായി. ദാഹിയ സാക്ഷിക്ക് ധൈര്യമായി നിന്നു.
പതിനെട്ടാം വയസ്സില്‍ ആദ്യ മെഡല്‍. 59 കിലോ വിഭാഗത്തില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ് വെങ്കലമെഡല്‍. 2014ല്‍ ആദ്യമായി രാജ്യാന്തരവേദിയില്‍. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിനേട്ടത്തോടെ സാക്ഷി വരവറിയിച്ചു. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ഏഷ്യന്‍ ഗുസ്തി ചമ്പ്യന്‍ഷിപ്പില്‍ വെങ്കലം കിട്ടി.
ഗീത, ബബിത, വിനേഷ് എന്നീ ഫൊഗാട്ട് സഹോദരിമാരും ഹരിയാനയില്‍ നിന്നുള്ളവരാണ്. ഇവരുടെ നിഴലിലായിരുന്നു സാക്ഷി ആദ്യം. പക്ഷേ, ഇനിമുതല്‍ സാക്ഷിയാണ് ഇന്ത്യന്‍ വനിതാ ഗുസ്തിയിലെ നിത്യ നക്ഷത്രം.

2.50 കോടി രൂപ സമ്മാനത്തുക
റോത്തക്ക്> റിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിന് ഹരിയാന സര്‍ക്കാര്‍ 2.50 കോടി രൂപ നല്‍കും. സര്‍ക്കാര്‍ ജോലി നല്‍കുമെന്നും വാഗ്ദാനമുണ്ട്.

റെപ്പിഷാഗ് അഥവാ രണ്ടാം അവസരം
റെപ്പിഷാഗിന് ഫ്രഞ്ചിലെ അര്‍ഥം രണ്ടാം അവസരം എന്നാണ്. ഗുസ്തിക്ക് പുറമെ, തുഴച്ചില്‍, സൈക്ളിങ്, ഫെന്‍സിങ് തുടങ്ങിയ മത്സരങ്ങളിലും റെപ്പിഷാഗ് രീതി ഉപയോഗിക്കാറുണ്ട്. ഓരോ മത്സരങ്ങളിലും ഓരോ രീതി. ഗുസ്തിയിലാണ് റെപ്പിഷാഗ് റൌണ്ട് കൂടുതല്‍ ഉപയോഗിക്കുക. ഗുസ്തിയില്‍ രണ്ടു വെങ്കല മെഡലുകളാണുള്ളത്. സാക്ഷിയുടെ മെഡല്‍ നേട്ടത്തിന് മുമ്പ് സുശീല്‍ കുമാറിനും റെപ്പിഷാഗിലൂടെ മെഡല്‍ കിട്ടിയിട്ടുണ്ട്.

ക്വാര്‍ട്ടറിലും പ്രീ ക്വാര്‍ട്ടറിലും തോറ്റ താരങ്ങള്‍ക്ക് വീണ്ടും അവസരം കിട്ടുന്നതാണ് റെപ്പിഷാഗ് റൌണ്ട് രീതി. അവരെ തോല്‍പ്പിച്ച എതിരാളി ഫൈനലില്‍ എത്തിയാല്‍ മാത്രമാണ് അവസരം കിട്ടുക. എതിരാളി ഫൈനലിലെത്തിയാല്‍ തോറ്റവര്‍ക്ക് വീണ്ടും മത്സരം സംഘടിപ്പിക്കും. ഇതാണ് റെപ്പിഷാഗ്. പ്രീ ക്വാര്‍ട്ടര്‍ തോറ്റ താരവും ക്വാര്‍ട്ടര്‍ തോറ്റ താരവും ഈ റൌണ്ടില്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടും. സെമിയില്‍ തോറ്റ താരമാണ് ഈ റൌണ്ടില്‍ കാത്തിരിക്കുക. ഇതില്‍ ജയിക്കുന്നവര്‍ക്ക് വെങ്കലം കിട്ടും.
 

8 മണിക്കൂര്‍ 5 പോരാട്ടങ്ങള്‍
ബുധനാഴ്ച ഇന്ത്യന്‍സമയം വൈകിട്ട് 6.38നാണ് സാക്ഷി മാലിക്കിന്റെ ആദ്യ മത്സരം തുടങ്ങുന്നത്. അവസാന മത്സരം വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് തുടങ്ങി. 2.40ന് അവസാനിച്ചു. എട്ടുമണിക്കൂറിനുള്ളില്‍ ഗോദയില്‍ അഞ്ചുതവണ സാക്ഷി കയറിയിറങ്ങി. യോഗ്യതാ റൌണ്ട് തൊട്ട് 'റെപ്പിഷാഗ്' റൌണ്ട്വരെ തളരാതെ പോരാടി. അവസാന മത്സരത്തിലെ ആറുമിനിറ്റ് ചരിത്രം മാറ്റിയെഴുതി. 5.57 മിനിറ്റ് പൂര്‍ത്തിയാകുമ്പോള്‍ തോല്‍വിയുടെ, മെഡല്‍നഷ്ടത്തിന്റെ വക്കില്‍. പക്ഷേ, അവസാന മൂന്നു സെക്കന്‍ഡില്‍ കിര്‍ഗിസ്ഥാന്‍കാരി അയ്സ്ലു ടിനിബെകോവയെ മലര്‍ത്തിയടിച്ച് സാക്ഷി മെഡല്‍ ചൂടി.

യോഗ്യതാ റൌണ്ട്
സമയം വൈകിട്ട് 6.18: എതിരാളി യൊഹാന മാറ്റ്സണ്‍ (സ്വീഡന്‍): സ്കോര്‍ 5–4.
യൊഹാനയ്ക്കെതിരെ തുടക്കം മോശമായി. മൂന്നു മിനിറ്റ് നീണ്ട ആദ്യ റൌണ്ടില്‍ നാലു പോയിന്റ് വഴങ്ങി. രണ്ടാം റൌണ്ടില്‍ തിരിച്ചടിച്ചു. യൊഹാനയെ വീഴ്ത്തി അഞ്ചു പോയിന്റ്.

പ്രീ ക്വാര്‍ട്ടര്‍
രാത്രി 7.50: എതിരാളി മരിയാന ചെര്‍ദിവരേ (മൊള്‍ഡോവ): സ്കോര്‍ 5–5.
ചെര്‍ദിവരേയ്ക്കെതിരെയും തുടക്കം മോശമായി. ആദ്യംതന്നെ ഫൌള്‍ വഴങ്ങി. രണ്ടാം റൌണ്ടില്‍ ചെര്‍ദിവരേയെ മലര്‍ത്തിയടിച്ച് ഒറ്റയടിക്ക് നാലു പോയിന്റ് നേടി. സ്കോര്‍ 5–5. ടെക്നിക്കല്‍ പോയിന്റിന്റെ ബലത്തില്‍ സാക്ഷി ക്വാര്‍ട്ടറിലേക്ക്.

ക്വാര്‍ട്ടര്‍
രാത്രി 8.30: എതിരാളി വലേറിയ കൊബ്ളോവ സൊളോബോവ (റഷ്യ): സ്കോര്‍ 2–9.
ആദ്യ റൌണ്ടില്‍ പിടിച്ചുനിന്ന സാക്ഷി രണ്ടാം റൌണ്ടില്‍ പതറി.  3–1ന് മുന്നിട്ടശേഷം സാക്ഷി വലേറിയക്കുമുന്നില്‍ തകര്‍ന്നു. തുടര്‍ച്ചയായി ആറു പോയിന്റ് നേടി വലേറിയ സാക്ഷിയുടെ സെമി സാധ്യത അടച്ചു.

റെപ്പിഷാഗ് റൌണ്ട് 1:
രാത്രി 12.54: എതിരാളി ഒര്‍കോന്‍ പുരവ്ഡോര്‍ജ് (മംഗോളിയ): സ്കോര്‍ 12–3
ആദ്യ റൌണ്ടില്‍ 2–2ന് ഒപ്പത്തിനൊപ്പം. രണ്ടാം റൌണ്ടില്‍ ഫൌളിലൂടെ ഒരു പോയിന്റ് വഴങ്ങിയ സാക്ഷി പിന്നെ ഗംഭീരമായി തിരിച്ചുവന്നു. 11 പോയിന്റാണ് രണ്ടാം റൌണ്ടില്‍ മാത്രം നേടിയത്.

റെപ്പിഷാഗ് റൌണ്ട് 2:
സമയം പുലര്‍ച്ചെ 2.30: എതിരാളി അയ്സ്ലു ടിനിബെകോവ (കിര്‍ഗിസ്ഥാന്‍): സ്കോര്‍: 8–5
ആദ്യ റൌണ്ടില്‍ പതിവുപോലെ പിന്നില്‍. 0–5നാണ് സാക്ഷി പിന്നിലായത്. രണ്ടാം റൌണ്ടിന്റെ തുടക്കത്തില്‍ രണ്ടു പോയിന്റ് നേടി. ഒരുമിനിറ്റ് താഴെമാത്രം നില്‍ക്കെ സ്കോര്‍ 5–5. അവസാന നിമിഷങ്ങളില്‍ സാക്ഷി ആഞ്ഞടിച്ചു. ഒടുവില്‍ ബോണസ് പോയിന്റ് ഉള്‍പ്പെടെ 8–5ന് സാക്ഷിയുടെ ജയം.