• 23 മേയ് 2013
  • 9 ഇടവം 1188
  • 13 റജബ്ബ് 1434
ഹോം  » തൃശൂര്‍  » ലേറ്റസ്റ്റ് ന്യൂസ്
24 മണിക്കൂറും പോസ്റ്റ്മോര്‍ട്ടം: തീരുമാനം പുനഃപരിശോധിക്കണം
Posted on: 24-Feb-2013 12:22 AM
തൃശൂര്‍: പോസ്റ്റ്മോര്‍ട്ടം 24 മണിക്കൂറും നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗവ. ഫോറന്‍സിക് സര്‍ജന്മാരുടെ സംഘടനയായ കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി ആന്‍ഡ് പൊലീസ് സര്‍ജന്‍സ് അസോസിയേഷന്‍ അടിയന്തരയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കും. സംഘടനയുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണം. തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും തൃശൂരില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ചട്ടവിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനം. സ്ത്രീധനമരണം, പൊലീസ് മര്‍ദനം, ബലാത്സംഗം എന്നിവയില്‍ എല്ലാം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാണ്. ശരീരത്തിലെ മുറിവിന്റെ പഴക്കം തീരുമാനിക്കുന്നതിന് രാവിലെ ഏഴുമുതല്‍ അഞ്ചുവരെയുള്ള പകല്‍വെളിച്ചത്തില്‍ പോസ്റ്റ്മോര്‍ട്ടം നിര്‍ബന്ധമാണ്. പോസ്റ്റ്മോര്‍ട്ടം രാത്രിയില്‍ നടത്തുന്നത് റിപ്പോര്‍ട്ട് കൃത്യമായി നല്‍കുന്നതിന് തടസ്സമാകും. പ്രതികള്‍ രക്ഷപ്പെടുന്നതിനു വരെ സഹായകമാകും. ഇത്തരം കാര്യങ്ങളില്‍ ഫോറന്‍സിക് സര്‍ജന്മാരുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനമെടുത്തത് ദൗര്‍ഭാഗ്യകരമാണെന്ന് യോഗം വിലയിരുത്തി. മെഡിക്കല്‍ കോളേജുകളില്‍ ഫോറന്‍സിക് സര്‍ജന്മാരുടെ തസ്തികകള്‍ 44 ആണ്. പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 1960ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും അനുവര്‍ത്തിച്ചുവരുന്നത്. ആവശ്യമായ സ്റ്റാഫിനെയും ഫോറന്‍സിക് സര്‍ജന്മാരെയും നിയമിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മോര്‍ച്ചറി സംവിധാനങ്ങളും ശോചനീയമാണ്. മെഡിക്കല്‍ കോളേജുകളില്‍ വിജനമായ സ്ഥലത്താണ് മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത്. മോര്‍ച്ചറി സംവിധാനംതന്നെ മാറ്റിയെങ്കില്‍ മാത്രമേ 24 മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടം എന്ന തീരുമാനം നടപ്പാക്കാനാവൂ. ആവശ്യമായ സുരക്ഷാസംവിധാനവും നടപ്പാക്കണം. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി ബി ഗുജ്റാള്‍, സെക്രട്ടറി ഡോ. ഹിതേഷ്ശങ്കര്‍, ഡോ. രാഖിന്‍ എന്നിവര്‍ സംസാരിച്ചു.
Other news in this section