23 July Monday

അധികാരത്തില്‍ തുടരുമെന്ന് മുഗാബെ; ഇംപീച്ച് ചെയ്യാന്‍ നീക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

ഹരാരേ > സൈനിക അട്ടിമറിയെത്തുടര്‍ന്ന് വീട്ടുതടങ്കലിലായ സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ദേശീയ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റുസ്ഥാനം രാജിവയ്ക്കില്ലെന്ന് മുഗാബെ വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സിംബാബ്വെയിലെ ഭരണപ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

മുഗാബെയെ സ്വന്തം പാര്‍ടിയായ സാനു-പിഎഫ് (സിംബാബ്വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ പിഎഫ്) പാര്‍ടി അധ്യക്ഷസ്ഥാനത്തുനിന്ന് ഞായറാഴ്ച പുറത്താക്കിയിരുന്നു. ഇതോടെ മുഗാബെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒഴിയുമെന്നാണ് പ്രതീക്ഷിച്ചത്. മുഗാബെ സ്വയം രാജിവച്ച് ഒഴിയാത്തപക്ഷം അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ആരംഭിച്ചു. ഇതിനായി സാനു- പിഎഫ് പാര്‍ടി നേതാക്കള്‍ യോഗം ചേര്‍ന്നു. സ്വയംരാജിവച്ച് ഒഴിയാന്‍ മുഗാബെയ്ക്ക് അവര്‍ തിങ്കളാഴ്ച ഉച്ചവരെ സമയം നല്‍കിയിരുന്നു. ഇംപീച്ച് നടപടികള്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളിക്കുന്നതോടെ ആരംഭിക്കും. പാര്‍ലമെന്റിന്റെ ഇരു ചേംബറിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍മാത്രമേ ഇംപീച്ച്മെന്റ് സാധ്യമാകൂ.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മുഗാബെ രാജ്യം സാധാരണനിലയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. സൈന്യത്തിന്റെ ആവശ്യങ്ങള്‍ തനിക്കറിയാമെന്നും അവരുടെ ആശങ്കകള്‍ അംഗീകരിക്കുന്നതായും ഔദ്യോഗികവസതിയില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം നടത്തിയ പ്രസംഗത്തില്‍ മുഗാബെ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top